ശങ്കറിന്റെ പരാജയ ചിത്രം; രാം ചരൺ നായകനായ ‘ഗെയിം ചേഞ്ചറി’ന് സംഭവിച്ചതെന്ത്? തുറന്നുപറഞ്ഞ് കാർത്തിക് സുബ്ബരാജ്

കാർത്തിക് സുബ്ബരാജിന്റെ കഥയിൽ ശങ്കർ സംവിധാനം ചെയ്ത രാം ചരൺ ചിത്രമായിരുന്നു 'ഗെയിം ചേഞ്ചർ'. 450 കോടിയിലേറെ ബജറ്റിൽ നിർമിച്ച ചിത്രം തിയേറ്ററിൽനിന്ന് 200 കോടിയിൽ താഴെയാണ് കളക്ഷൻ നേടിയത്. 2025-ൽ പുറത്തിറങ്ങിയ 'ഗെയിം ചേഞ്ചർ' കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിന് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ കാർത്തിക് സുബ്ബരാജ്.
'എന്റെ കൈയിൽ ഒരു കഥയുണ്ടായിരുന്നു. അത് ഞാൻ ശങ്കർ സാറിന് നൽകി. തിരക്കഥയും ചെയ്യാമോ എന്ന് ശങ്കർ സർ ചോദിച്ചു. ഞാൻ ആ സമയത്ത് 'മഹാൻ' സിനിമയുടെ പ്രീ- പ്രൊഡക്ഷനിലായിരുന്നു. നിലവിലെ വ്യവസ്ഥിതിയെ മാറ്റാൻ ഐ.എ.എസ്. ഓഫീസറുടെ കഥയായിരുന്നു. ഹിന്ദി സിനിമ ന്യൂട്ടന് സമാനമായി, യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന ആക്ഷൻ കഥയായിരുന്നു എന്റേത്. അതിൽ ഗ്യാങ്സ്റ്റർ പശ്ചാത്തലവും ഉണ്ടായിരുന്നു', കാർത്തിക് സുബ്ബരാജ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞാനത് എഴുതിയത് തമിഴിലാണ്. മധുരൈയുടെ ഗ്യാങ്സ്റ്റർ പശ്ചാത്തലമുള്ള ഒരാളുടെ കഥ. എന്നാൽ, രാംചരൺ സാറിനെപ്പോലെ ഒരു താരത്തെ നായകനാക്കി, ശങ്കർ സർ വലിയ ബജറ്റിൽ ചെയ്യുന്ന ചിത്രമായതിനാൽ അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തി എന്നാണ് ഞാൻ വിചാരിക്കുന്നത്. സിനിമ കണ്ടപ്പോൾ, കഥ മുഴുവൻ മാറിപ്പോയതുപോലെ എനിക്ക് തോന്നി. എങ്കിലും, ശങ്കർ സാറിനെപ്പോലെ വിഖ്യാതനായ ഒരാൾ എന്റെ കഥ സിനിമയാക്കി എന്നതിൽ എനിക്ക് അഭിമാനമുണ്ട്. അതിൽ എനിക്ക് സന്തോഷമുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.
'ഗെയിം ചേഞ്ചറി'ന്റെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് നിർമാതാവ് ദിൽ രാജു തുറന്നുപറഞ്ഞിരുന്നു. ശങ്കറിനെതിരെ ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദും രംഗത്തെത്തിയിരുന്നു. കിയാര അദ്വാനി നായികയായ ചിത്രത്തിൽ എസ്.ജെ. സൂര്യ, ജയറാം, സമുദ്രക്കനി എന്നിവരും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.
Content Highlights: Filmmaker Karthik Subbaraj addressed the box office failure of Ram Charan starrer 'Game Changer'. Subbaraj revealed that he originally conceived the story with a Madurai gangster backdrop similar to realistic action drama 'Newton'. He noted that director Shankar made major alterations to suit Ram Charan's stardom and a big-budget scale. Despite the story changes upon seeing the final film, Karthik expressed pride that director Shankar chose his story. Produced by Dil Raju on a ₹450 crore budget, 'Game Changer' collected under ₹200 crore globally upon release.