സര്‍ദാര്‍ രണ്ടിന്റെ ചിത്രീകരണത്തിനിടെ കാര്‍ത്തിക്ക് പരിക്ക്, ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി

കാർത്തി | ഫോട്ടോ: പ്രജിത്ത് തിരുമല \ മാതൃഭൂമി
കാർത്തി | ഫോട്ടോ: പ്രജിത്ത് തിരുമല \ മാതൃഭൂമി

ഷൂട്ടിങ്ങിനിടയില്‍ തമിഴ് സൂപ്പര്‍താരം കാര്‍ത്തിക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്. സര്‍ദാര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് കാര്‍ത്തിക്ക് കാലിന് പരിക്കേറ്റത്. ഒരു പ്രധാന രംഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു അപകടമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. കാര്‍ത്തിക്ക് പരിക്കേറ്റതോടെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം സുഖം പ്രാപിച്ച ശേഷം പുനരാരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

മൈസൂരുവില്‍ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ത്തിയുടെ കാലിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചു. ഇതോടെയാണ് നടന്‍ സുഖം പ്രാപിക്കുന്നതുവരെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുന്നതിനെ ആശ്രയിച്ച് ഒരു ആഴ്ചയ്ക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് വിവരം. 

കാര്‍ത്തിയെ നായകനായി പി.എസ്.മിത്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സര്‍ദാറിന്റെ രണ്ടാം ഭാഗമാണ് സര്‍ദാര്‍-2. ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ ബാക്കി ഭാഗങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് അടുത്തിടെ ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ ചിത്രീകരിച്ചിരുന്നു.

Content Highlights: Karthi injures his leg on sets of Sardar 2