'സാധാരണ പനി പോലെ, വിശ്രമിച്ച് ഭേദമാക്കാം'; കൊറോണ ബാധിച്ച സോയ പറയുന്നു

ബോളിവുഡ് സിനിമ നിര്‍മാതാവ് കരീം മൊറാനിയും മക്കളായ സോയ, ഷാസ എന്നിവര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ശ്രീലങ്കയിലായിരുന്ന ഷാസ മൊറാനി മാര്‍ച്ച് ആദ്യവാരത്തിലാണ് മുബൈയിലെത്തിയത്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെങ്കിലും ഷാസയെ നാനാവതി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം മാര്‍ച്ച് പകുതിയില്‍ രാജസ്ഥാനില്‍ നിന്നെത്തിയ സോയക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു.
ഇന്‍സ്റ്റാഗ്രാമില്‍ ഹൃദയഹാരിയായ കുറിപ്പുമായി വന്നിരിക്കുകയാണ് സോയ. അച്ഛനും, ഷാസക്കും എനിക്കും കൊറോണ സ്ഥിരീകരിച്ചു. ''പപ്പയ്ക്കും ഷാസക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എനിക്ക് ചെറുതായിട്ടുണ്ടായിരുന്നു. എന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ചെറിയ പനിപോലെയാണ്, നെഞ്ചില്‍ ഒരു ബുദ്ധിമുട്ടുപോലെ തോന്നും. സഹിക്കാവുന്നതാണ്, വിശ്രമിച്ചാല്‍ എല്ലാം ശരിയാകും. പ്രാണായാമം, ചൂടുവെള്ളം എല്ലാം സഹായകമാകും. എല്ലാം വിശദമായി പങ്കുവെക്കാം. ആശംസകളുമായി എത്തിയ എല്ലാവര്‍ക്കും നന്ദി. വീട്ടിലേക്ക് ഉടന്‍ തിരിച്ചുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.''
രോഗം സ്ഥിരീകരിച്ചതിനെക്കുറിച്ചും ആശുപത്രിയിലെ അനുഭവങ്ങളും പങ്കുവെക്കുകയാണ് സോയ മൊറാനി. തന്നെ പരിചരിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും പ്രശംസിക്കുകയാണ് സോയ. 'ഒട്ടും പതറാതെ ഞങ്ങളെ പരിചരിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും കാണുമ്പോള്‍ അതിശയം തോന്നുന്നു. അവര്‍ ശരിക്കും സൂപ്പര്‍ഹീറോസാണ്. ആ സംരക്ഷണ വസ്ത്രം ധരിക്കുമ്പോള്‍ എത്രത്തോളം ബുദ്ധിമുട്ട് അവര്‍ അനുഭവിക്കുന്നുണ്ടെന്ന് കാണാന്‍ കഴിയും, അതും ഒരു നേരം പോലും വിശ്രമമില്ലാതെ.'
തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം വളരെ രസകരമായിട്ടാണ് ഡോക്ടര്‍ തന്നോട് പറഞ്ഞതെന്നും സോയ കൂട്ടിച്ചേര്‍ത്തു. 'എന്റെ ഡോക്ടര്‍ വളരെ നല്ല മനുഷ്യനാണ്. തമാശകള്‍ പറഞ്ഞ് എന്റെ മനസിനെ സ്വസ്ഥമാക്കും. എന്റെ അസുഖവിവരം പോലും എത്ര ലഘുവായിട്ടാണ് അദ്ദേഹം എന്നെ അറിയിച്ചത്. എത്ര എളുപ്പത്തിലാണ് ആ സാഹചര്യം അദ്ദേഹം കൈകാര്യം ചെയ്തത്. എങ്ങനെ അതിന് സാധിച്ചുവെന്ന് എനിക്കറിയില്ല. ഡോക്ടര്‍ സൗരഭ് ഫാഡ്ക്കരെയോട് എനിക്ക് ഒത്തിരി നന്ദിയുണ്ട്. അദ്ദേഹത്തിന്റെ കൈകളില്‍ ഞാന്‍ സുരക്ഷിതയാണ്.'
Content Highlights: Karim Moranis daughter Zoa morani shares being covid 19 positive
Content Highlights: