രണ്ടാംവരവില്‍ കടപുഴകുന്നത് സല്‍മാന്‍ ഖാനും രാംചരണും; മൂന്നുദിവസം, 160 കോടി പിന്നിട്ട് ‘കാന്താര ചാപ്റ്റര്‍ വണ്‍’

'കാന്താര: എ ലെജൻഡ് ചാപ്റ്റര്‍ വൺ' ട്രെയ്‌ലറില്‍നിന്ന്‌ | Photo: Screen grab/ Hombale Films
'കാന്താര: എ ലെജൻഡ് ചാപ്റ്റര്‍ വൺ' ട്രെയ്‌ലറില്‍നിന്ന്‌ | Photo: Screen grab/ Hombale Films

ആദ്യമൂന്ന് ദിവസത്തെ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ പുതുക്കി ഋഷഭ് ഷെട്ടി സംവിധാനംചെയ്ത് നായകനായ 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍'. പ്രദര്‍ശനത്തിനെത്തി മൂന്നുദിവസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് മാത്രം കളക്ഷന്‍ 160 കോടി പിന്നിട്ടു. ശനിയാഴ്ചയോടെ 162.85 കോടി നേടിയെന്നാണ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നില്‍കിന്റെ റിപ്പോര്‍ട്ട്‌. ഞായറാഴ്ചയും മികച്ച ബുക്കിങ്ങാണ് ചിത്രത്തിനുള്ളത്.

ചിത്രം പുറത്തിറങ്ങിയ ആദ്യദിവസമായ വെള്ളിയാഴ്ച 61.85 കോടിയായിരുന്നു ബോക്‌സ് ഓഫീസില്‍ നേടിയത്. രണ്ടാംദിവസം 46 കോടിയും നേടി. ശനിയാഴ്ച രാജ്യത്തെ തീയേറ്ററുകളില്‍നിന്ന് 55 കോടിയാണ് കൊയ്തത്. ഇതോടെയാണ് ആദ്യമൂന്നുദിവസത്തെ കളക്ഷന്‍ 160 കോടി പിന്നിട്ടത്.

വെള്ളിയാഴ്ചയോടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന കന്നഡ ചിത്രമെന്ന റെക്കോര്‍ഡ് 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' പിന്നിട്ടിരുന്നു. 92 കോടി നേടിയ രാജ് ബി. ഷെട്ടി ചിത്രം 'സു ഫ്രം സോ'യെയാണ് 'കാന്താര' പിന്നിലാക്കിയത്.

ശനിയാഴ്ചത്തോടെ സല്‍മാന്‍ ഖാന്‍ ചിത്രമായ 'സിക്കന്ദറി'ന്റെ ആജീവനാന്ത കളക്ഷന്‍ പിന്നിട്ടു. 110 കോടിയാണ് 'സിക്കന്ദര്‍' ബോക്‌സ് ഓഫീസില്‍ ആകെ നേടിയത്. ബോളിവുഡിന് പുറമേ, തെലുങ്ക് ചിത്രമായ 'ഗെയിം ചേഞ്ചറി'നേയും കളക്ഷനില്‍ 'കാന്താര' പിന്നിലാക്കി. 131 കോടി രൂപയാണ് രാം ചരണ്‍ ചിത്രമായ 'ഗെയിം ചേഞ്ചറി'ന്റെ ആജീവനാന്ത കളക്ഷന്‍.

150 കോടി പിന്നിടുന്ന നാലാമത്തെ കന്നഡ ചിത്രമായും 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' മാറി. ആദ്യരണ്ടുദിവസം മാത്രം ചിത്രം വിദേശമാര്‍ക്കറ്റുകളില്‍നിന്ന് 22 കോടിയോളം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlights: Kantara: A Legend Chapter One, directed by and starring Rishab Shetty, shatters box office records. It crossed 160 Cr in just 3 days, surpassing Salman Khan`s Sikandar and Ram Charan`s Game Changer