'പ്രകാശമല്ല, ഇത് ദര്‍ശനം'; 400 കോടിയും കടന്ന് കുതിക്കുന്ന കാന്താരയുടെ കിടിലന്‍ സക്‌സസ് ട്രെയിലര്‍ | വീഡിയോ

ഇന്ത്യന്‍ ബോക്‌സ് ഓഫീസിന് തീ പിടിപ്പിച്ചുകൊണ്ട് കുതിപ്പ് തുടരുകയാണ് റിഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ 1. രജ്‌നീകാന്തിന്റെ കൂലിയുടേയും സമീപകാലത്ത് ബോളിവുഡില്‍ നിന്ന് പുറത്തുവന്ന ഹിറ്റ് പ്രണയചിത്രം സയ്യാരയേയും മറികടന്നാണ് കാന്താര പ്രയാണം തുടരുന്നത്. തിയേറ്ററുകളിലെത്തി പത്ത് ദിവസം കഴിയുമ്പോഴേക്ക് 424.99 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് വാരിയത്. ആഗോളതലത്തില്‍ കളക്ഷന്‍ 560 കോടി കടന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇപ്പോഴിതാ ഈ വന്‍ വിജയം ആഘോഷിക്കാനായി ചിത്രത്തിന്റെ സക്‌സസ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണയറ പ്രവര്‍ത്തകര്‍. നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ സക്‌സസ് ടീസര്‍ പുറത്തിറക്കിയത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള അഞ്ച് ട്രെയിലറുകള്‍ കൊണ്ടാണ് ഹൊംബാലെ ആരാധകര്‍ക്ക് വിജയവിരുന്നൊരുക്കിയത്.

ഒരു മിനുറ്റ് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സക്‌സസ് ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് എല്ലാ ഭാഷയിലേയും ട്രെയിലറുകള്‍ക്ക് താഴെ ആരാധകര്‍ പോസ്റ്റ് ചെയ്‌യുന്നത്.

നാലാം നൂറ്റാണ്ടിലെ കദമ്പ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് കാന്താര ചാപ്റ്റര്‍ 1-ന്റെ കഥ നടക്കുന്നത്. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.