ശ്വാസകോശം മാറ്റിവെച്ചിട്ടും രക്ഷിക്കാനായില്ല; നടി രശ്മി ലീല അന്തരിച്ചു

#മൂവി ഡെസ്ക്
രശ്മി ലീല | ഫോട്ടോ: Instagram
രശ്മി ലീല | ഫോട്ടോ: Instagram

ബെംഗളൂരു: കന്നഡ ടെലിവിഷൻ താരം രശ്മി ലീല (37) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭർത്താവ് സറാക്കി മഞ്ജു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് മരണവാർത്ത പുറംലോകമറിഞ്ഞത്. 

ഏഴ് വർഷമായി റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗത്തിന് ചികിത്സയിലായിരുന്നു രശ്മി. രോഗം മൂർച്ഛിച്ചതോടെ ശ്വാസകോശത്തെ ബാധിക്കുന്ന 'പൾമണറി ഫൈബ്രോസിസ്' എന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ശ്വാസകോശ കോശങ്ങൾ നശിക്കുന്ന അവസ്ഥയാണിത്. കഴിഞ്ഞ ഒരു വർഷമായി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയായിരുന്നു അവർ ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്.

രശ്മിയുടെ ചികിത്സയ്ക്ക് വേണ്ടിവരുന്ന തുക കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായപ്പോൾ കന്നഡ സിനിമയിലേയും ടെലിവിഷൻ പരമ്പരയിലേയും സഹപ്രവർത്തകർ സഹായവുമായി എത്തിയിരുന്നു. ഏകദേശം 19 ലക്ഷം രൂപ ചെലവഴിച്ച് നടന്ന ശ്വാസകോശം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി താരം പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ശാരീരിക അസ്വസ്ഥതകൾ മരണത്തിലേക്ക് നയിക്കുകയായിരുന്നു.

ഇവർക്ക് ഒരു മകളുണ്ട്. കന്നഡ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Content Highlights: Kannada TV star Rashmi Leela, 37, passed away after a long battle with severe illness, including pulmonary fibrosis and a lung transplant. Learn more about her life and struggles.