സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്തവർ ഷബാന ആസ്മിയുടെ പ്രായക്കാർ, എങ്ങനെ ജെൻ സി ആവും- കങ്കണ

#Movies Desk
കങ്കണ റണൗട്ട്, ഷബാന ആസ്മി | ഫോട്ടോ: പി.ടി.ഐ.
കങ്കണ റണൗട്ട്, ഷബാന ആസ്മി | ഫോട്ടോ: പി.ടി.ഐ.

ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെക്കുറിച്ചുള്ള പ്രസ്താവനകൾ വിശദീകരിക്കവെ വീണ്ടും വിവാദ പരാമർശവുമായി നടിയും ബി.ജെ.പി. എം.പിയുമായ കങ്കണ റണൗട്ട്. പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ പകുതിയിലധികവും മുതിർന്ന നടിയായ ഷബാന ആസ്മിയുടെ പ്രായമുള്ളവരാണെന്നായിരുന്നു കങ്കണയുടെ പരാമർശം. വിദ്യാർഥി സമരത്തെ 'ജെൻ സി' പ്രതിഷേധമെന്ന് വിളിക്കാനാകില്ലെന്നും കങ്കണ അവകാശപ്പെട്ടു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വീഡിയോയിൽ കങ്കണ തന്റെ മുൻ നിലപാടുകളെ ന്യായീകരിച്ചു. രാജ്യത്ത് 30 മുതൽ 35 കോടിയോളം ജെൻ സി വിഭാഗക്കാരുണ്ടെന്ന് കങ്കണ ചൂണ്ടിക്കാട്ടി.

ജന്തർ മന്തറിൽ തടിച്ചുകൂടിയ പതിനായിരത്തോളം പേരിൽ രണ്ടായിരത്തോളം പേർ മാത്രമാണ് ജെൻ സി വിഭാഗത്തിൽപ്പെട്ട യുവാക്കളായി ഉണ്ടായിരുന്നത്. ബാക്കിയുള്ളവരിൽ പകുതിയിലധികവും ഷബാന ആസ്മിയുടെ പ്രായത്തിലുള്ളവരുൾപ്പെടെ വിവിധ പ്രായക്കാരായിരുന്നു. അതിനാൽ ഇത് എങ്ങനെയാണ് രാജ്യത്തെ മുഴുവൻ ജെൻ സി വിഭാഗക്കാരുടെയും പ്രതിഷേധമാകുന്നതെന്നും കങ്കണ ചോദിച്ചു.

താൻ യുവാക്കൾക്ക് എതിരല്ലെന്നും താനും യുവാക്കളിൽപ്പെട്ട ഒരാളാണെന്നും കങ്കണ അവകാശപ്പെട്ടു. താൻ ഒരു തലമുറയെ മുഴുവൻ അധിക്ഷേപിച്ച് സംസാരിച്ചു എന്ന് തെളിയിക്കാൻ പരസ്യമായി വെല്ലുവിളിച്ച കങ്കണ, അവിടെ തടിച്ചുകൂടിയ ഒരു പ്രത്യേക വിഭാഗത്തിനെതിരെ മാത്രമാണ് താൻ സംസാരിച്ചതെന്നും കൂട്ടിച്ചേർത്തു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജൂലൈ 20-ന് ജന്തർ മന്തറിൽ നടന്ന പാർലമെന്റ് മാർച്ചിൽ 75-കാരിയായ ഷബാന ആസ്മി പങ്കെടുത്തിരുന്നു. നടൻ പ്രകാശ് രാജും പ്രക്ഷോഭകർക്ക് പിന്തുണയുമായി ഉണ്ടായിരുന്നു. പ്രക്ഷോഭകർക്കൊപ്പം ഷബാന ആസ്മി ട്രക്കിൽ സഞ്ചരിക്കുന്നതിന്റെയും ബാരിക്കേഡുകൾ മറികടക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

നേരത്തെ, പ്രതിഷേധത്തെയും അതിൽ പങ്കെടുത്ത ചിലരെയും കങ്കണ 'ജനറേഷൻ ഗട്ടർ' എന്ന് അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന്, സ്വയം 'കീടങ്ങൾ' എന്ന് വിശേഷിപ്പിച്ച ചിലരെ മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന് കങ്കണ വിശദീകരണം നൽകി. രാജ്യത്തെ മുഴുവൻ യുവാക്കളെയുമല്ല അങ്ങനെ വിളിച്ചതെന്നും അവർ അവകാശപ്പെട്ടു.

Content Highlights: Actor and BJP MP Kangana Ranaut triggered a fresh controversy with her comments on the protest held by the Cockroach Janata Party (CJP) at Jantar Mantar. Defending her previous stance on Instagram, Kangana argued that out of thousands gathered, only around two thousand belonged to the Gen Z demographic, while the rest were older people around 75-year-old actress Shabana Azmi's age. She challenged critics to prove that she maligned an entire generation, insisting her remarks were directed solely at a specific group present at the venue.‌ Veteran actress Shabana Azmi and actor Prakash Raj had actively participated in the July 20 protest linked to the NEET paper leak paper issue. Clarifying her previous "Generation Gutter" comment, Kangana claimed she only referred to those who self-identified as "pests" and not the entire youth of the country.