ദിവസങ്ങളായി വെള്ളവും വൈദ്യുതിയുമില്ല, ഹിമാചലിലെ മൊത്തം സംവിധാനങ്ങൾ തകർന്നു -കങ്കണ

ഹിമാചൽ പ്രദേശിനെയും ഉത്തരാഖണ്ഡിനെയും ദുരിതത്തിലാഴ്ത്തിയ മഴക്കെടുതിയിൽ മരണ സംഖ്യ ഉയർന്നിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി സംസ്ഥാനത്ത് 60 പേർ മരിച്ചതായാണ് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു അറിയിച്ചത്. ഹിമാചലിലെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്.
ഹിമാചൽ പ്രദേശിലെ ജനങ്ങൾ അപൂർവ ദുരന്തം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും അവസാനമില്ല. മലകൾ ഇടിയുന്നു, എല്ലായിടവും തകരുകയാണ്. ദിവസങ്ങളായി വൈദ്യുതിയോ വെള്ളമോ ഇല്ല, മൊത്തം സംവിധാനം തന്നെ തകർന്നു. മലയോരത്തെ ആളുകൾക്കൊപ്പമാണ് എൻറെ ഹൃദയം. അവരുടെ ക്ഷേമത്തിനായി നിരന്തരം പ്രാർഥിക്കുന്നുവെന്നും കങ്കണ കുറിച്ചു.
ഹിമാചലിൽ രണ്ടുദിവസവും ഉത്തരാഖണ്ഡിൽ നാലുദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച ഹിമാചലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ദേശീയ, സംസ്ഥാന ദുരന്ത നിവാരണസേന, സൈന്യം, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
Content Highlights: Kangana Ranaut Instagram, Kangana Ranaut about rainfall wreaks havoc in Himachal Pradesh