'മുൻകൂർ പണം തന്നെന്ന് പറഞ്ഞിട്ട് കാര്യമില്ല'; ഇന്ത്യൻ 2 ഒടിടി റിലീസ് പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

വൻ മുതൽമുടക്കിൽ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കമൽഹാസനെ നായകനാക്കി ഷങ്കർ സംവിധാനംചെയ്ത ഇന്ത്യൻ 2. എന്നാൽ തിയേറ്ററുകളിൽ കാലിടറി വീഴാനായിരുന്നു ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തിയ സിനിമയുടെവിധി. തിയേറ്ററുകളിൽ തിരസ്കരിക്കപ്പെട്ടതോടെ ഇന്ത്യൻ 2-ന്റെ ഒ.ടി.ടി റിലീസും പ്രതിസന്ധിയിലായിരിക്കുകയാണ്.
റിലീസിനുമുമ്പേതന്നെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയ ചിത്രമാണ് ഇന്ത്യൻ 2 എന്നതാണ് ഏറെ ശ്രദ്ധേയം. നെറ്റ്ഫ്ളിക്സ് ആയിരുന്നു ഇന്ത്യൻ 2-ന്റെ ഒ.ടി.ടി അവകാശം വാങ്ങിയത്. എന്നാലിപ്പോൾ ചിത്രം തിയേറ്ററുകളിൽ പരാജയപ്പെട്ടതോടെ ഒരു പുനർവിചിന്തനത്തിന് നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്. 250 കോടിയോളമാണ് ഇന്ത്യൻ 2-ന്റെ ആകെ മുടക്കുമുതൽ. ഇന്ത്യയിൽനിന്ന് ഏകദേശം 81 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. ആഗോള കളക്ഷനാകട്ടെ ഏതാണ്ട് 147 കോടിയും.
ആദ്യദിവസത്തിന് ശേഷം തുടർച്ചയായി മോശം അഭിപ്രായം വന്നതിനുശേഷം ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ അണിയറപ്രവർത്തകർ നീക്കംചെയ്തിരുന്നു. ട്രാക്ക് ടോളിവുഡിൻ്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ 2 ൻ്റെ സ്ട്രീമിംഗ് അവകാശം 120 കോടിക്കാണ് റിലീസിന് മുന്‍പ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. തിയേറ്റർ റിലീസിന് മുമ്പ് തുകയും നൽകി. ഇപ്പോൾ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായപ്പോള്‍ നെറ്റ്ഫ്ലിക്സ് ഈ ഇടപാടിൽ അതൃപ്തി പ്രകടിപ്പിച്ചുവെന്നും പകുതി പണം തിരിച്ചുതരാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുവെന്നുമാണ് വിവരം.
ഈയിടെയായി ബോക്സോഫീസിലെ സിനിമകളുടെ പ്രകടനത്തിന് ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമുകൾ അന്തിമ ഡീൽ തുക തീരുമാനിക്കുന്നത്. അതിനാൽ, ഇന്ത്യൻ 2 ൻ്റെ കാര്യത്തിൽ നെറ്റ്ഫ്ലിക്സും നിർമ്മാതാക്കളും തമ്മിൽ ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ഇന്ത്യന്‍ 2 ഒടിടി പ്രീമിയര്‍ നീണ്ടേക്കും എന്നാണ് സൂചന.
Content Highlights: kamalhaasan's movie indian 2 ott release in trouble