മിസ്റ്റർ പ്രസിഡന്റ്, ഇന്ത്യ പരമാധികാര രാഷ്ട്രമാണ്, നിങ്ങൾ സ്വന്തം കാര്യം നോക്കുക -ട്രംപിനോട് കമൽഹാസൻ

#Entertainment Desk
കമൽഹാസൻ, ഡൊണാൾഡ് ട്രംപ് | Photos: AFP
കമൽഹാസൻ, ഡൊണാൾഡ് ട്രംപ് | Photos: AFP

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്തുമായി നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച തുറന്ന കത്തിൽ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം അമേരിക്കൻ പ്രസിഡന്റിനോട് പ്രതികരിച്ചത്. ഇന്ത്യ പരമാധികാര രാഷ്ട്രമാണെന്നും വിദേശങ്ങളിൽ നിന്നുള്ള ആജ്ഞകൾ തങ്ങൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയെ താത്കാലികമായി ‘അനുവദിക്കുന്നു’വെന്ന് യുഎസ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തുറന്നകത്ത്. 

'യുഎസ്എയുടെ പ്രസിഡന്റിന്' എന്നുപറഞ്ഞുകൊണ്ടാണ് കമൽഹാസന്റെ കുറിപ്പ് തുടങ്ങുന്നത്. 'പ്രിയപ്പെട്ട മിസ്റ്റർ പ്രസിഡന്റ്, ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ഭാഗമാണ്. വിദൂര വിദേശങ്ങളിൽ നിന്നുള്ള ആജ്ഞകൾ ഞങ്ങൾ സ്വീകരിക്കില്ല. ദയവായി സ്വന്തം കാര്യങ്ങൾ കഴിവിന്റെ പരമാവധി നന്നായി ചെയ്യുന്നക.' -കമൽ ഹാസൻ തുടർന്നു.

'പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ശാശ്വതമായ ആഗോളസമാധാനത്തിന്റെ ഒരേയൊരു അടിത്തറ. നിങ്ങളുടെ രാജ്യത്തിനും അവിടെയുള്ള ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും ഞങ്ങൾ നേരുന്നു. എന്ന് കമൽഹാസൻ - ഇന്ത്യക്കാരനെന്നതിൽ അഭിമാനിക്കുന്ന ഒരു പൗരൻ, മക്കൾ നീതി മയ്യം സ്ഥാപകൻ.' -കമൽഹാസൻ കുറിപ്പ് അവസാനിപ്പിച്ചു.

റഷ്യയുടെ പക്കൽ നിന്ന് 30 ദിവസത്തേക്ക് എണ്ണ വാങ്ങാൻ ഇന്ത്യയെ ‘അനുവദിക്കുന്നു’വെന്നാണ് യുഎസ് നേരത്തേ പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തിലാണ് കമൽഹാസൻ യുഎസ് പ്രസിഡന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതികരിച്ചത്. യുഎസ്സിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിമർശനം കേന്ദ്രസർക്കാരിനെതിരെ ഉയർന്നിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ചതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞത്.

Content Highlights: Actor and MNM leader Kamal Haasan slammed US President Donald Trump in an open letter, asserting that India is a sovereign nation and will not take orders from abroad following the US announcement of a 30-day waiver for Russian oil.