സ്കൂളിൽപ്പോലും ഇത്ര ആത്മാർത്ഥമായി പഠിച്ചിട്ടില്ല; 'ഫാത്തിമ'യേക്കുറിച്ച് കല്യാണി

കല്യാണി പ്രിയദർശൻ | ഫോട്ടോ: www.facebook.com/Kalyanipriyadarsan
കല്യാണി പ്രിയദർശൻ | ഫോട്ടോ: www.facebook.com/Kalyanipriyadarsan

കല്യാണി പ്രിയദർശനെ നായികയാക്കി നവാ​ഗതനായ മനു സി കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. ഐ.എസ്.എൽ കമന്റേറ്ററാവാൻ ആ​ഗ്രഹിക്കുന്ന ഫാത്തിമ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിന്റെ നിർമാണ സമയത്തെ ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി.

മലപ്പുറത്തുകാരിയാണ് ഫാത്തിമ എന്ന കഥാപാത്രം എന്നതിനാൽ സിനിമയിലുടനീളം മലപ്പുറം ഭാഷയാണ് കല്യാണിക്ക്. താരം തന്നെയാണ് കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നതും. ഈ സമയത്തെടുത്ത ഒരു ചിത്രമാണ് കല്യാണി ഇപ്പോൾ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. സ്കൂളിലായിരിക്കുമ്പോൾപ്പോലും ഇത്ര ആത്മാർത്ഥമായി പഠിച്ചിട്ടില്ലെന്നാണ് ഈ ചിത്രത്തിന് കല്യാണി നൽകിയ തലക്കെട്ട്.

നടി സുരഭി ലക്ഷ്മിയുടെ സഹായത്തോടെ മലപ്പുറം ശൈലിയിൽ കല്യാണി സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചിത്രത്തേയും കല്യാണിയുടെ പ്രകടനത്തേയും അഭിനന്ദിച്ചുകൊണ്ട് സുരഭി ലക്ഷ്മി തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി കല്യാണി ഏറെ കഷ്ടപ്പെട്ടുവെന്നും ഒരു നടി തന്റെ അതിർവരമ്പുകൾ പൊളിച്ചെറിഞ്ഞുകൊണ്ടേയിരിക്കണമെന്നുമാണ് സുരഭി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.

വിജയ് ചിത്രം ലിയോ, ജവാൻ, ജയ്‌ലർ എന്നീ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. അനീഷ് ജി മേനോൻ, ഷഹീൻ സിദ്ദിഖ്, സുധീഷ്, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്.

Content Highlights: kalyani priyadarshan with throwback photo, sesham mikeil fathima movie