ബോളിവുഡ് അരങ്ങേറ്റം; കല്യാണിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു, ബോധ്യപ്പെടുത്തിയത് രൺവീർ സിങ്

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരം കല്യാണി പ്രിയദർശൻ. രൺവീർ സിങ് നായകനാകുന്ന ജയ് മേത്തയുടെ സോംബി ചിത്രമായ 'പ്രളയ്'യിൽ കല്യാണി നായികയാവുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ അവസാനവട്ട ചർച്ചകൾക്കായി താരമിപ്പോൾ മുംബൈയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ, ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ആശയക്കുഴപ്പത്തിലായിരുന്ന താരത്തെ രൺവീർ സിങ് നേരിട്ടുവിളിച്ചാണ് ബോധ്യപ്പെടുത്തിയത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
സോംബി ത്രില്ലർ ചിത്രമായ 'പ്രളയ്' നിർമിക്കുന്നത് രൺവീർ സിങ് തന്നെയാണ്. 'ലോക: ചാപ്റ്റർ വൺ- ചന്ദ്ര'യുടെ ഗംഭീരവിജയത്തിന്റെ പശ്ചാത്തലത്തിൽ പാൻ ഇന്ത്യൻ ശ്രദ്ധനേടിയെങ്കിലും ബോളിവുഡിലേക്ക് കാലെടുത്തുവെക്കുന്നതിനെക്കുറിച്ച് കല്യാണി ഇരുമനസിലായിരുന്നുവെന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്നാണ് രൺവീർ നേരിട്ടുവിളിച്ച് കല്യാണിയെ ചിത്രത്തിലേക്കെത്തിച്ചത്.
'അച്ഛൻ പ്രിയദർശൻ ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനാണെങ്കിലും കല്യാണിക്ക് ഹിന്ദി ഫിലിം ഇൻഡസ്ട്രിയെക്കുറിച്ച് കാര്യമായ ധാരണയുണ്ടായിരുന്നില്ല. 'ലോക'യുടെ വലിയ വിജയത്തെത്തുടർന്ന് കരിയറിലെ ഉന്നതിയിൽ നിൽക്കുന്ന താരം. ഹിന്ദിയിൽ അഭിനയിക്കണോ വേണ്ടയോ എന്നും 'പ്രളയ്' മികച്ച അരങ്ങേറ്റ ചിത്രമാവുമോ എന്നുമുള്ള സംശയത്തിലായിരുന്നു. സ്വന്തം നിർമാണസംരംഭമായതുകൊണ്ട് രൺവീർ തന്നെ നടിയെ നേരിൽ വിളിച്ചു. കാര്യങ്ങൾ ബോധ്യപ്പെടുത്തി. നീണ്ട സംഭാഷണത്തിനൊടുവിൽ, 'പ്രളയ്'യിലൂടെ പുതിയൊരു ലോകം തന്നെയാണ് രൺവീറും ജയ്യും യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നതെന്ന് നടിക്ക് മനസിലായി', ചിത്രത്തോട് അടുത്തുനിൽക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോർട്ടുചെയ്തു.
നേരത്തെ, 'കൃഷ് 3' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി കല്യാണി പ്രവർത്തിച്ചിരുന്നു. മികച്ച കഥയുണ്ടെങ്കിൽ ഭാഷ ഏതായാലും താൻ അഭിനയിക്കുമെന്ന് കല്യാണി നേരത്തേ വ്യക്തമാക്കിയിരുന്നു. രൺവീറിന്റെ ഭാര്യാകഥാപാത്രമാണ് 'പ്രളയ്'യിൽ കല്യാണിക്കുവേണ്ടി മാറ്റിവെച്ചത് എന്നാണ് സൂചന. ഏപ്രിലിൽ ഷൂട്ടിങ് തുടങ്ങിയേക്കും.
Content Highlights: Ranveer Singh personally convinced Kalyani Priyadarshan to play lead in Pralay