പരം സുന്ദരി ഈ അടുത്ത് കണ്ട മോശം സിനിമ, നമ്മുടെ നാടിനേയും സംസ്‌കാരത്തേയും പരിഹസിക്കുന്നു- കാളിദാസ്

സമീപകാലത്ത് കണ്ട ഏറ്റവും മോശം സിനിമ 'പരം സുന്ദരി'യാണെന്ന് നടൻ കാളിദാസ് ജയറാം. കേരളത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തവർ നമ്മുടെ നാടിനേയും സംസ്‌കാരത്തേയും പരിഹസിക്കുന്ന തരത്തിലാണ് ആ സിനിമയെടുത്തതെന്നും കാളിദാസ് വ്യക്തമാക്കി.
തന്റെ പുതിയ ചിത്രമായ 'ആശകൾ ആയിര'ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് യുട്യൂബ് ചാനലായ 'ഇർഫാൻസ് വ്യൂ'വിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസിന്റെ പ്രതികരണം. 'പരം സുന്ദരിയാണ് ഞാൻ അടുത്തിടെ കണ്ട ഏറ്റവും മോശം സിനിമ. അത് തുറന്നുപറയാൻ എനിക്ക് മടിയില്ല. നമ്മുടെ നാടിനേയും സംസ്‌കാരത്തേയും പരിഹാസരൂപത്തിലാണ് അതിൽ കാണിക്കുന്നത്. എനിക്ക് അങ്ങനെയാണ് തോന്നിയത്. അത്രയും മോശമായിരുന്നു.'-കാളിദാസ് വ്യക്തമാക്കി.
ജാൻവി കപൂറും സിദ്ധാർഥ് മൽഹോത്രയും പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രമാണ് പരം സുന്ദരി. ഇത് റിലീസയാതിന് പിന്നാലെ നിറയെ ട്രോളുകളും വിമർശനങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. കേരളത്തെ തെറ്റായി ചിത്രീകരിച്ച് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലും നിറയെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
Content Highlights: kalidas jayaram terms param sundari worst movie made a mockery of our culture