അപ്പ എന്താ കുമ്പിടിയോ?, ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും പേര് ചേർക്കുന്നു- കാളിദാസ് ജയറാം

#Movies Desk
ജയറാം, കാളിദാസ് ജയറാം | ഫോട്ടോ: മാതൃഭൂമി
ജയറാം, കാളിദാസ് ജയറാം | ഫോട്ടോ: മാതൃഭൂമി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്‌തെന്ന വാർത്തയോട് പരോക്ഷമായി പ്രതികരിച്ച് മകനും നടനുമായ കാളിദാസ് ജയറാം. ഇന്നത്തെ വാർത്ത കണ്ടപ്പോൾ അച്ഛൻ എന്താ കുമ്പിടിയാണോയെന്ന് താൻ ചിന്തിച്ചുപോയെന്ന് കാളിദാസ് ജയറാം പറഞ്ഞു. ഇരുവരും ഒരുമിച്ച 'ആശകൾ ആയിരം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു കാളിദാസ്.

'അടുത്ത വീട്ടിലെ പയ്യനെപ്പോലെയോ സ്വന്തം വീട്ടിലെ അംഗത്തെ പോലെയോ ആണ് നടനായ ജയറാമിനെ ആളുകൾ കാണുന്നത്. ഏതെങ്കിലും ജയറാം സിനിമയുടെ റഫറൻസ് ഇല്ലാതെ നമ്മുടെ ഒരുദിവസം മുന്നോട്ടുപോകില്ല. അതുകൊണ്ടായിരിക്കാം ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളിൽ അപ്പയുടെ പേര് ചേർന്നുപോകുന്നത്. ഇന്നത്തെ ഒരു വാർത്ത കണ്ടപ്പോൾ, അപ്പ കുമ്പിടിയാണെന്ന് ഞാൻ വിചാരിച്ചു. എങ്ങനെ രണ്ട് സ്ഥലങ്ങളിൽ ഒരേ സമയത്ത് പ്രത്യക്ഷപ്പെടാൻ പറ്റുമെന്ന് ആലോചിച്ചു'- എന്നായിരുന്നു കാളിദാസിന്റെ വാക്കുകൾ.

കഴിഞ്ഞദിവസം ചെന്നൈയിലെ വീട്ടിലെത്തി ജയറാമിനെ ചോദ്യംചെയ്തുവെന്നായിരുന്നു വെള്ളിയാഴ്ച പുറത്തുവന്ന വിവരം. സ്വർണ്ണപ്പാളികൾ എന്തുചെയ്തുവെന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ലെന്ന് ജയറാം മൊഴി നൽകിയതായാണ് സൂചന.

23 വർഷങ്ങൾക്കുശേഷം ജയറാമും കാളിദാസ് ജയറാമും ഒരുമിക്കുന്ന 'ആശകൾ ആയിര'ത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 'ഒരുവടക്കൻ സെൽഫി'ക്കുശേഷം ജി. പ്രജിത്ത് സംവിധാനംചെയ്യുന്ന ചിത്രം നിർമിക്കുന്നത് ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്മൂർത്തിയും ചേർന്നാണ്. ഫെബ്രുവരി ആറിന് ചിത്രം പ്രദർശനത്തിനെത്തും.

Content Highlights: Kalidas Jayaram indirectly reacts to reports of actor Jayaram being questioned in the Sabarimala gold smuggling case