കൃത്രിമരക്തം ചതിച്ചു, ആസിഡ് അകത്തുചെന്ന് ശബ്ദം നഷ്ടം; വിടാതെ ദുരന്തങ്ങൾ, തിരിച്ചടികൾ തളർത്താത്ത കല

#സജില്‍ ശ്രീധര്‍
കലാരഞ്ജിനി | ഫോട്ടോ: മാതൃഭൂമി
കലാരഞ്ജിനി | ഫോട്ടോ: മാതൃഭൂമി

നാടകനടനായ ചവറ വി.പി.നായരുടെ മൂന്ന് പെൺമക്കളിൽ മൂത്തയാളാണ് കലാരഞ്ജിനി. ഏറ്റവും ഇളയ മകൾ ഉർവശി തെന്നിന്ത്യൻ സിനിമകളിൽ അവിഭാജ്യഘടകമായി തീരുകയും അഭിനയമികവുകൊണ്ട് മറ്റൊരു നായിക നടിക്കും സങ്കൽപ്പിക്കാനാവാത്ത തലത്തിലെത്തുകയും ചെയ്തു. രണ്ടാമത്തെ മകൾ കൽപ്പനയാകട്ടെ ഹാസ്യനടി എന്ന നിലയിൽ ബ്രാൻഡ് ചെയ്യപ്പെട്ടപ്പോഴും തനിക്ക് മാത്രം സ്വായത്തമായ അഭിനയശൈലിയിലൂടെ സ്വയം അടയാളപ്പെടുത്തി. ഇതിനിടയിൽ കഴിവുകൾ ഏറെയുണ്ടായിട്ടും അർഹിക്കുന്ന അവസരങ്ങൾ ലഭിക്കാതെ പോയ മികച്ച അഭിനേത്രിയാണ് കലാരഞ്ജിനി.

കൂട്ടത്തിൽ കൂടുതൽ സുന്ദരിയുമായിരുന്നു കല. എന്നിട്ടും നായികയായി തുടങ്ങിയ കലയ്ക്ക് എന്തുകൊണ്ടോ സിനിമയിൽ ബഹൂദുരം മൂന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഇതിനിടയിൽ വിവാഹിതയായെങ്കിലും അവിടെയും വിപരീതാനുഭവങ്ങളെ നേരിടാനായിരുന്നു നിയോഗം. ഏറെക്കാലം അവരുടെ കാര്യമായ സാന്നിധ്യം സിനിമയിലുണ്ടായില്ല. ഇടയ്ക്ക് ചില ടിവി പരമ്പരകളിൽ കണ്ടു. ഇപ്പോൾ സൈജു കുറുപ്പ് നിർമിച്ച 'ഭരതനാട്യം', 'മോഹിനിയാട്ടം' എന്നീ ചലച്ചിത്രദ്വയങ്ങളിൽ കേന്ദ്രകഥാപാത്രത്തെ അസാധ്യ മികവോടെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് കലാരഞ്ജിനി.

എൻ.ടി. രാമറാവുവിന്റെ നായിക

ചെറിയ കുട്ടിയായിരിക്കെ ചില സിനിമകളിൽ പേരിന് മുഖം കാണിച്ചെങ്കിലും കലയുടെ ശരിയായ അരങ്ങേറ്റം സംഭവിക്കുന്നത് 1980-ലാണ്. ഷൂട്ടിങ് കാണാൻ ചെന്ന് താരമായി മാറിയ അപൂർവതയും കലയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ സ്വന്തമെന്ന പദത്തിൽ കൽപ്പനയെയായിരുന്നു അവർ ബുക്ക് ചെയ്തിരുന്നത്. കൽപ്പനയുടെ അഭിനയം കാണാൻ മാതാപിതാക്കൾക്കൊപ്പം പടത്തിന്റെ സെറ്റിലെത്തിയതാണ് കല. അന്ന് നന്നായി മെലിഞ്ഞ കുട്ടിയാണ്. കലയെ കണ്ട് സംവിധായകൻ പറഞ്ഞു, 'ശ്രീവിദ്യയുടെ മോളായും അംബികയുടെ ചെറുപ്പകാലമായുമാണ് അഭിനയിക്കേണ്ടത്. അതിന് ഈ കൂട്ടിയാവും കുടുതൽ യോജിക്കുക'. അങ്ങനെ അവിചാരിതമായി കലയ്ക്ക് നറുക്ക് വീണു.

പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ വളർന്ന് നായികയായി മാറി. എൻ.ടി. രാമറാവുവിന്റെയും മകൻ ബാലകൃഷ്ണയുടെയും ഒപ്പം ഒരേ സിനിമയിൽ (സിംഹം നവിന്ദി- 1983) നായികയായി അഭിനയിച്ച കലയ്ക്ക് പിന്നീട് അവസരങ്ങളുടെ കുത്തൊഴുക്കായിരുന്നു. നടി ഷീല സംവിധാനം ചെയ്ത ശിഖരങ്ങളിലാണ് കല ആദ്യമായി മുഖം കാണിക്കുന്നത്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയിലും അഭിനയിച്ചെങ്കിലും ആദ്യത്തെ ശ്രദ്ധേയ കഥാപാത്രം ശ്രീകുമാരൻ തമ്പിയുടെ സ്വന്തമെന്ന പദത്തിലായിരുന്നു.

1982-ൽ മലയാളത്തിൽ എട്ട് സിനിമകളിലും 84-ൽ ഒൻപതുപടങ്ങളിലും അഭിനയിച്ചിരുന്നു കല. മലയാറ്റൂർ രാമകൃഷ്ണൻ ആദ്യമായും അവസാനമായും സംവിധാനം ചെയ്ത ഒടുക്കം തുടക്കത്തിലും കലയായിരുന്നു നായിക. പ്രേംനസീറിന്റെ മകളായും സഹോദരിയായും അഭിനയിച്ച കല ഒടുവിൽ അദ്ദേഹത്തിന്റെ നായികയായി.

എൻ.ടി. രാമറാവുവിന്റെ നായികയായി അഭിനയിക്കുന്ന സമയത്താണ് പ്രേംനസീർ ചിത്രത്തിലേക്ക് ഓഫർ വരുന്നത്. നസീറിന്റെ പ്രതാപകാലത്ത് അദ്ദേഹത്തിന്റെ നായികയാവുക എന്നത് ചെറിയ കാര്യമല്ല. കല തന്റെ നിസ്സഹായത അദ്ദേഹത്തെ അറിയിച്ചു. കലയുടെ ധർമ്മസങ്കടം മനസിലാക്കിയ അണിയറപ്രവർത്തകർ മറ്റൊരു ക്രമീകരണം ചെയ്തു. പകൽ തെലുങ്ക് പടത്തിൽ അഭിനയിച്ച് വന്ന ശേഷം രാത്രി പ്രേംനസീറിന്റെ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി.

തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപോലെ തിരക്കുളള കാലം. വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന കാലത്തും ദുരന്തങ്ങൾ കലയെ വിടാതെ പിന്തുടർന്നു കൊണ്ടേയിരുന്നു. എന്തുകൊണ്ട് തുടർച്ചയായി ഇത്തരം പ്രശ്നങ്ങൾ നേരിടുന്നു എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. പക്ഷേ, ഒരു വ്യക്തിക്ക് നേരിടാൻ കഴിയാത്ത അത്ര പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് അവർ കടന്നുപോയത്.

വിടാതെ ദുരന്തങ്ങൾ

ഊട്ടിയിലായിരുന്നു ഒടുക്കം തുടക്കം എന്ന പടത്തിന്റെ ലൊക്കേഷൻ. നാലാമത്തെ ഹെയർപിൻ വളവിലെത്തുമ്പോൾ രതീഷും കലയും സഞ്ചരിച്ച കാർ കത്തിപ്പോകുന്നതാണ് സീൻ. നാലാമത്തെ വളവിലെത്തിയപ്പോൾ കാർ കൊക്കയിലേക്ക് വീണു. ഒരു മരത്തിൽ തങ്ങിയതുകൊണ്ട് കഷ്ടിച്ച് ജീവൻ തിരിച്ചുകിട്ടി.

ധന്യ എന്ന ഫാസിൽ പടത്തിന്റെ ലൊക്കേഷനിലേക്ക് കാറിൽ വരുമ്പോൾ പത്രവുമായി സഞ്ചരിച്ച വാനുമായി കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അട്ടഹാസം എന്ന പടത്തിൽ അഭിനയിക്കുമ്പോൾ കല സഞ്ചരിച്ച ജീപ്പ് ബസുമായി കൂട്ടിയിടിച്ചു. ആറ് പേർ മരിച്ച അപകടത്തിൽ കലയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിൽ ബുളളറ്റ് ഓടിച്ചു പോകുമ്പോൾ കലയെ ഒരു വാഹനവ്യൂഹം പിൻതുടരുന്നതാണ് സീൻ. ബുളളറ്റ് ഓടിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി വാഹനങ്ങൾക്കിടയിലേക്ക് മറിഞ്ഞു വീണ കല രണ്ടുദിവസം ബോധമില്ലാതെ ആശുപത്രിയിൽ കിടന്നു. ജീവൻ തന്നെ തിരിച്ചുകിട്ടുമോ എന്ന് ഭയന്ന ആ ഘട്ടത്തിൽനിന്ന് കല വീണ്ടും മടങ്ങി വന്നു.

പ്രേംനസീറിന്റെ നായികയായി വന്ന പടത്തിൽ കല രക്തം ഛർദ്ദിച്ച് മരിക്കുന്ന സീനുണ്ട്. അക്കാലത്ത് ചുവന്ന കളറിൽ വെളിച്ചെണ്ണ ചേർത്താണ് രക്തമുണ്ടാക്കിയിരുന്നത്. വെളളസാരിയാണ് കല ഉടുത്തിരുന്നത്. ചുവന്ന വെള്ളം ദേഹത്ത് തെറിച്ചാൽ സാരിയിൽ പറ്റും. അതുകൊണ്ട് പ്രേംനസീർ പറഞ്ഞു, 'ഷോട്ട് റെഡിയാകുമ്പോൾ ഞാൻ ഒഴിച്ചു തരാം'. കല സമ്മതിച്ചു.

അദ്ദേഹം ചുവന്ന വെള്ളം വായിലേക്ക് ഒഴിച്ചത് മാത്രം ഓർമയുണ്ട്. വായയും തൊണ്ടയും പുകയുന്നതു പോലെയും വീർത്ത് വരും പോലെയും കലയ്ക്ക് തോന്നി. പക്ഷെ ഒന്നും ചെയ്യാൻ പറ്റുന്നില്ല. ശ്വാസനാളം ചുരുങ്ങിപ്പോയി. ഒരുപാട് ചികിത്സകൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ശബ്ദം ഏറെക്കുറെ നഷ്ടമായ അവസ്ഥയായി. ഏറെക്കാലം കഴിഞ്ഞ് മാറ്റമുണ്ടായെങ്കിലും പഴയ ശബ്ദം പൂർണമായി തിരിച്ചുകിട്ടിയില്ല. മൂന്ന് മാസത്തോളം ആശുപത്രിയിൽ കിടന്നു.

സംഭവിച്ചതെന്താണെന്ന് പിന്നീടാണ് അറിയുന്നത്. വെളിച്ചെണ്ണയ്ക്ക് പകരം ആസിഡ് ചേർത്താണ് മേക്കപ്പ് മാൻ ദ്രാവകം തയ്യാറാക്കിയത്. അദ്ദേഹത്തിന് അബദ്ധം പറ്റിയതാകാമെന്ന് കല കരുതുന്നു.

തിരിച്ചടികൾ കരുത്താക്കി മാറ്റിയ കല

ശബ്ദത്തിൽ വ്യതിയാനം വന്നതോടെ പൊതുവേദികളിൽ സംസാരിക്കാൻ താത്പര്യം നഷ്ടപ്പെട്ടു. അഭിമുഖങ്ങൾ കൊടുക്കാതെയായി. പല അവസരങ്ങളും വേണ്ടെന്ന് വച്ചു. വളരെ മികച്ചതെന്ന് തോന്നുന്ന കഥാപാത്രങ്ങൾ മാത്രം ഏറ്റെടുത്തു.

കരിയറിൽ ദീർഘമായ ഇടവേളകൾ ഉണ്ടായെങ്കിലും 48 വർഷത്തിനിടയിൽ എണ്ണപ്പെട്ട അനവധി സിനിമകളിൽ കലാരഞ്ജിനിയുടെ സാന്നിദ്ധ്യമുണ്ടായി. എന്റെ മോഹങ്ങൾ പൂവണിഞ്ഞു, കോമരം, ബലൂൺ, ഭൂകമ്പം, പാസ്പോർട്ട്, യുവജനോത്സവം, കഥയ്ക്ക് പിന്നിൽ, ശ്രീകൃഷണപുരത്തെ നക്ഷത്രത്തിളക്കം, നന്ദനം, സ്വപ്‌നക്കൂട്, കൊച്ചിരാജാവ്, സ്പീഡ് ട്രാക്ക്, പുതിയ മുഖം, പുള്ളിമാൻ, സ്പാനിഷ് മസാല, എന്ന് നിന്റെ മൊയ്തീൻ, മനോഹരം, സൂഫിയും സുജാതയും, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ അവയിൽ ചിലത് മാത്രം.

22-ാം വയസിലാണ് കല വിവാഹിതയാകുന്നത്. വിദേശമലയാളിയായ പ്രതിശ്രുത വരനെ കല ആദ്യമായി കാണുന്നത് വിവാഹപ്പന്തലിൽവെച്ച്. വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾക്കുളളിൽ കല ഒരു കാര്യം തിരിച്ചറിഞ്ഞു. ഈ ബന്ധം തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. അധികം വൈകാതെ അവർ മകൻ അമ്പോറ്റിയുമായി വീട്ടിലേക്ക് മടങ്ങിപ്പോന്നു. പിന്നീടൊരിക്കലും വിവാഹം എന്ന പരീക്ഷണത്തിന് നിന്നുകൊടുത്തില്ല.

ദുരന്തപർവങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്തതാണ് കലയുടെ മനസും ജീവിതവും. വ്യക്തിപരമായ തിരിച്ചടികൾക്ക് പുറമെ സഹോദരങ്ങളായ കൽപ്പന, പ്രിൻസ്, കമൽറോയ് എന്നിവരുടെ അകാലമരണം. അച്ഛനും ചിറ്റപ്പനും നഷ്ടമായത്. എല്ലാം നേരിട്ട് മുന്നോട്ട് പോകാൻ കഴിയുന്നു എന്നത് തന്നെയാണ് ജീവിതത്തിന്റെ മനോഹാരിതയായി കല കരുതുന്നത്. ഏത് മനുഷ്യനും തളർന്ന് പോയേക്കാവുന്ന സന്ദർഭങ്ങളിലും പിടിച്ചു നിൽക്കാൻ ഈശ്വരൻ കരുത്ത് നൽകുന്നു.

വർഷങ്ങൾക്ക് മുൻപ് കേവലം 17-ാം വയസിൽ ഇളയ അനുജൻ പ്രിൻസ് ആത്മഹത്യ ചെയ്തത് കലയ്ക്ക് മാനസികമായി കടുത്ത ആഘാതം സൃഷ്ടിച്ചെങ്കിലും അതിനെയും സ്വയം സാന്ത്വനത്തിലൂടെ അവർ മറികടന്നു. കല ഏഴുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് പ്രിൻസിന്റെ മരണം. സ്‌കാനിങ്ങിൽ പെൺകുട്ടിയെന്ന് ഡോക്ടർമാർ കണ്ടെത്തിയെങ്കിലും ജനിച്ചപ്പോൾ ആൺകുട്ടി.

പ്രിൻസിന്റെ നഷ്ടത്തിന് പകരമായി ദൈവം തനിക്ക് തന്നതാണ് മകൻ അമ്പോറ്റിയെ എന്ന് അവർ സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അനുജന്റെ പേര് തന്നെ മകനും നൽകി. പ്രിൻസ്. തന്റെ മകനിലൂടെ അനുജൻ ഇന്നും ജീവിക്കുന്നു എന്നാണ് കലയുടെ വിശ്വാസം. വിശ്വാസം, അതല്ലേ എല്ലാം?!

Content Highlights: Kalaranjini's powerful return to cinema with 'Bharathanatyam' and 'Mohiniyattam'. Overcoming severe personal tragedies, including physical accidents and the loss of family members. The untold story of the acid-related accident on set that permanently affected her voice. A testament to resilience and maintaining a career spanning 48 years despite immense hardship