കൈയെത്തും ദൂരെ ഒരു പാട്ടിന്‍ലോകം

#എം.എസ്. ഹരികുമാര്‍
കൈതപ്രം വിശ്വനാഥന്‍
കൈതപ്രം വിശ്വനാഥന്‍

കണ്ണാടി ഭാഗവതരുടെയും അദിതി അന്തര്‍ജനത്തിന്റെയും അഞ്ച് മക്കളില്‍ ഇളയവനായ വിശ്വനാഥന്റെ ബാല്യകാലം ദുരിതം നിറഞ്ഞതായിരുന്നു. എങ്കിലും കണ്ടോന്താര്‍ യു.പി. സ്‌കൂളിലും മാതമംഗലം ഹൈസ്‌കൂളിലുമായുള്ള പഠനകാലത്തും സംഗീതം ഒപ്പമുണ്ടായിരുന്നു.

അച്ഛനെക്കുറിച്ചുള്ള അവ്യക്തമായ ഓര്‍മകളേ വിശ്വനാഥന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ വയലിന്‍ വാദനവും ഭക്തിഗീതങ്ങളും ഉള്ളിലുണ്ടായിരുന്നു. ജ്യേഷ്ഠന്‍ വാസുദേവന്‍ (യോഗാചാര്യന്‍) നമ്പൂതിരിയും സഹോദരിമാരായ സരസ്വതിയും തങ്കമണിയും ചൊരിഞ്ഞ വാത്സല്യവും തുണയായി. അച്ഛന്റെ മരണശേഷം ആ സ്ഥാനത്ത് എല്ലാമെല്ലാം ദാമോദരേട്ടനാ (കൈതപ്രം ദാമോദരന്‍ നമ്പൂതിരി) യിരുന്നു. അദ്ദേഹം സിനിമാലോകത്ത് പ്രശസ്തിയിലേക്ക് കുതിക്കുന്ന കാലമായിരുന്നു അത്. അനുജന്‍ വിശ്വനാഥനെ അദ്ദേഹം തിരുവനന്തപുരം സംഗീത കോളേജില്‍ ചേര്‍ത്തു. അതൊരു പുതിയ അനുഭവമായിരുന്നു വിശ്വന്. സിനിമാ സംഗീതലോകത്തെ പ്രമുഖരെ പരിചയപ്പെടാനും അവരുമായി ഉറ്റബന്ധം സ്ഥാപിക്കാനും വിശ്വനാഥന് സാധിച്ചു.

സംഗീതത്തിന്റെ ലോകം

ഗാനഭൂഷണം പാസായശേഷം നാട്ടിലെത്തിയ വിശ്വനാഥന്‍ പയ്യന്നൂരിലും പിലാത്തറയിലുമായി തന്റെ സ്വപ്നസാക്ഷാത്കാരമായ ശ്രുതിലയ സംഗീതവിദ്യാലയം സ്ഥാപിച്ചു. നാലഞ്ചു വര്‍ഷങ്ങള്‍കൊണ്ട് നൂറുകണക്കിനു വിദ്യാര്‍ഥികള്‍ ശ്രുതിലയയില്‍നിന്ന് സംഗീതം പഠിച്ചിറങ്ങി.

പിന്നീടദ്ദേഹം നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപകനായി. സിനിമാരംഗത്ത് സജീവമാകാന്‍ തുടങ്ങിയതോടുകൂടി സ്‌കൂളിലെ ജോലി തുടരാന്‍ കഴിഞ്ഞില്ല. നാലുവര്‍ഷത്തെ സേവനത്തിനുശേഷം ജോലി രാജിവെച്ച് സിനിമാ സംഗീതത്തില്‍ സജീവമായി.

1996-ല്‍ ജയരാജ് സംവിധാനം ചെയ്ത 'ദേശാടന'ത്തിന്റെ ഗാനരചനയും സംഗീതസംവിധാനവും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയായിരുന്നെങ്കില്‍ ഓര്‍ക്കസ്‌ട്രേഷന്റെ ചുമതല വിശ്വനാഥനായിരുന്നു. 2001-ല്‍ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയ്ത 'കണ്ണകി' എന്ന ചിത്രത്തിന്റെ നാലുഗാനങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തി. ജയരാജിന്റെതന്നെ ചിത്രമായ തിളക്കത്തിലെ ഗാനങ്ങളും ശ്രദ്ധേയമായി. മധു കൈതപ്രം സംവിധാനംചെയ്ത മധ്യവേനല്‍ എന്ന ചിത്രത്തിലെ 'സ്വന്തം സ്വന്തം ബാല്യത്തിലൂടെ...' എന്ന പാട്ടിന് യേശുദാസിന് മികച്ച ഗായകനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു. ദൈവനാമത്തില്‍, നീലാംബരി, ഓര്‍മമാത്രം മുതലായ ചിത്രങ്ങളിലും വിശ്വനാഥന്റെ സംഗീതം ശ്രദ്ധിക്കപ്പെട്ടു.

Content Highlights: kaithapram viswanathan music director, story, malayalam cinema, songs evergreen hits 

Content Highlights: