നെ‍ഞ്ചുലച്ച 'ദൈവമേ' വിളി; വീഡിയോ കോളിൽ സൂര്യ, ജ്യോതികയെ പകർത്തുന്ന മമ്മൂട്ടി; ‘കാതൽ’ ബിടിഎസ് പുറത്ത്

#Movie Desk
'കാതല്‍ ദ കോര്‍' ബിഹൈൻഡ് ദ സീൻസ് വീഡിയോയില്‍നിന്ന്‌ | Photo: Screen grab/ Mammootty Kampany
'കാതല്‍ ദ കോര്‍' ബിഹൈൻഡ് ദ സീൻസ് വീഡിയോയില്‍നിന്ന്‌ | Photo: Screen grab/ Mammootty Kampany

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനംചെയ്ത 'കാതല്‍- ദ കോര്‍' സിനിമയുടെ ചിത്രീകരണരംഗങ്ങള്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചത്. ചിത്രം പുറത്തിറങ്ങി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ബിടിഎസ് പുറത്തുവിട്ടത്.

ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്ന് എഴുതിയ ചിത്രം 2023 നവംബര്‍ 23-നായിരുന്നു പുറത്തിറങ്ങിയത്. സ്വവര്‍ഗാനുരാഗം പ്രധാനപ്രമേയമായ സിനിമയെന്ന നിലയില്‍ 'കാതല്‍: ദ കോര്‍' വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 2009-ല്‍ പുറത്തിറങ്ങിയ 'സീതാകല്യാണ'ത്തിന് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും 'കാതല്‍: ദ കോറി'നുണ്ടായിരുന്നു.

മൂന്നുമിനിറ്റ് എട്ടുസെക്കന്‍ഡുള്ള ബിടിഎസ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ ഏതാനും നിര്‍ണായകരംഗങ്ങളുടെ ചിത്രീകരണമാണ് ബിടിഎസില്‍ ഉള്ളത്. ചിത്രത്തില്‍ പ്രേക്ഷകരെ വൈകാരികമായി ഉലച്ച മമ്മൂട്ടിയുടെ പ്രകടനം ഉള്‍ക്കൊള്ളുന്ന രംഗം ചിത്രീകരിക്കുന്നതിന്റെ പിന്നാമ്പുറവും വീഡിയോയിലുണ്ട്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ മമ്മൂട്ടി ജ്യോതികയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നതും സൂര്യ വീഡിയോ കോളില്‍ വിളിക്കുന്നതുമുള്‍പ്പെടെ വീഡിയോയില്‍ കാണാം. നേരത്തേ, ജ്യോതികയുടെ ഭര്‍ത്താവും തമിഴ് സൂപ്പര്‍താരവുമായ സൂര്യ ചിത്രത്തിന്റെ ലൊക്കേഷന്‍ സന്ദര്‍ശിച്ച വീഡിയോ മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരുന്നു.

'കണ്ണൂര്‍ സ്‌ക്വാഡി'ന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രമാണ് 'കാതല്‍: ദ കോര്‍'. സാലു കെ. തോമസ് ആണ് ഛായാഗ്രാഹകന്‍. ഫ്രാന്‍സിസ് ലൂയിസ് ചിത്രസംയോജനം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് മാത്യൂസ് പുളിക്കന്‍. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Content Highlights: Behind-the-scenes footage of Mammootty`s `Kaathal: The Core` is out, featuring Mammootty filming Jyothika and a call from Suriya. Relive the emotional moments