ഞാൻ സ്വയം റെട്രോ സ്റ്റാർ എന്നാണ് വിളിക്കുന്നത്, ഭാഗ്യശ്രീയെ കണ്ടെത്തിയതിന്റെ ക്രെഡിറ്റ് വിട്ടുകൊടുക്കില്ല- ദുൽഖർ

താന്‍ സ്വയം വിളിക്കുന്നത് റെട്രോ സ്റ്റാര്‍ എന്നാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'കാന്ത'യുടെ കൊച്ചിയിലെ പ്രൊമോഷന്‍ പരിപാടിയിലായിരുന്നു ദുല്‍ഖര്‍ രസകരമായ സംഭവം വെളിപ്പെടുത്തിയത്. 'കാന്ത' തന്നിലേക്ക് എത്തിയതെങ്ങനെയെന്ന് പറയുകയായിരുന്നു ദുല്‍ഖര്‍. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ റാണ ദഗ്ഗുബാട്ടി, സമുദ്രക്കനി, നായിക ഭാഗ്യശ്രീ ബോര്‍സെ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന 'കാന്ത' നവംബര്‍ 14-ന് പ്രദര്‍ശനത്തിനെത്തും. തമിഴില്‍ ഷൂട്ട് ചെയ്ത ചിത്രം മറ്റുഭാഷകളിലും പുറത്തിറങ്ങും. വേഫെറര്‍ ആദ്യമായി നിര്‍മിക്കുന്ന അന്യഭാഷാ ചിത്രമെന്ന പ്രത്യേകതയും 'കാന്ത'യ്ക്കുണ്ട്. സെല്‍വമണി സെല്‍വരാജ് ആണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്.
കൊച്ചി ലുലുമാളില്‍ നടന്ന പരിപാടിയില്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ദുല്‍ഖറിനെ വരവേറ്റത്. മൈക്ക് കൈയിലെടുത്ത ദുല്‍ഖര്‍ ആരാധകരെ അഭിവാദ്യംചെയ്ത ശേഷം, തന്റെ ശബ്ദം പോയിരിക്കുകയാണ്, ക്ഷമിക്കണമെന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് അവതാരക രഞ്ജിനി ഹരിദാസ് ചോദിച്ചപ്പോള്‍ 'അയാം ഗെയിം ഷൂട്ട് ചെയ്തതാണ്', എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.
''അയാം ഗെയി'മില്‍ ഒരുപാട് ആക്ഷനും അലര്‍ച്ചയുമുണ്ട്. അത് ചെയ്‌തെന്റെ സൗണ്ട് പോയി. രണ്ടുവര്‍ഷമായി അടുപ്പിച്ച് ഞാന്‍ അന്യഭാഷ ചിത്രങ്ങളുമായാണ് നാട്ടില്‍വരുന്നത്. അതിന് പരിഹാരമായി 'അയാം ഗെയിം', നിങ്ങളുടെയെല്ലാം പ്രതീക്ഷയെ തൃപ്തിപ്പെടുത്തുന്ന, അല്ലെങ്കില്‍ അതിനും മുകളില്‍ പോകുന്ന സിനിമയായിരിക്കും. അതിനുള്ള എല്ലാ പ്രയത്‌നങ്ങളും ഞങ്ങള്‍ ചെയ്യുന്നുണ്ട്', ദുല്‍ഖര്‍ ആമുഖമായി പറഞ്ഞു.
'2019- ലാണ് ആദ്യമായി 'കാന്ത' സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത്. ആറു കൊല്ലമായി സിനിമയുമായി ബന്ധപ്പെട്ട് യാത്രചെയ്യുകയാണ്. പത്തു മണിക്കൂറോളം ഇരുന്നാണ് ഞാന്‍ ചിത്രത്തിന്റെ കഥ കേള്‍ക്കുന്നത്. ചിത്രത്തിന് ഭാഷ പ്രശ്‌നമാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത് നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും', ദുല്‍ഖര്‍ പറഞ്ഞു.
റാണ ദഗ്ഗുബാട്ടിയെ സഹോദരന്‍ എന്നായിരുന്നു ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. റാണയും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണ്. 'സഹോദരനായ റാണയും ഞാനും ഒന്നിക്കുന്ന സിനിമയാണ്. എട്ട്- ഒമ്പതാം ക്ലാസുമുതലുള്ള പരിചയമാണ്. സിനിമയില്‍ വരുമെന്നോ, അഭിനയിക്കുമെന്നോ, നിര്‍മിക്കുമെന്നോ സ്വപ്‌നംകണ്ട ആളുകളല്ല. കാണാത്ത സ്വപ്‌നം ശരിയായി വരുന്നതുപോലെ ഒരു നിമിഷമാണിത്. സമുദ്രക്കനി സര്‍, ഗുരുനാഥനേയും മെന്ററിനേയും അച്ഛനേയും പോലെ പടത്തില്‍ ഉടനീളം എനിക്ക് സ്‌നേഹവും ബഹുമാനവും ഇടവും പ്രോത്സാഹനവും തന്ന മറ്റൊരു സഹനടനില്ല. ഇതിന് ശേഷം വേറെ സിനിമകളൊന്നും കേട്ടിട്ട് ഇഷ്ടപ്പെടുന്നില്ല, 'കാന്ത'യില്‍നിന്ന് പുറത്തുവരാന്‍ പറ്റുന്നില്ല എന്നാണ് കനി സാര്‍ ഇപ്പോള്‍ പറയുന്നത്', ദുല്‍ഖര്‍ പറഞ്ഞു.
'സ്‌ക്രിപ്റ്റിങ്ങിനുവേണ്ടി ആറുവര്‍ഷവും അഞ്ചാറുമാസം ഷൂട്ടിങ്ങിനും പത്തുമാസം പോസ്റ്റ് പ്രൊഡക്ഷനുമെടുത്തു. ഇത്രയും സമയമെടുത്ത് ചെയ്ത സിനിമ വേറെയുണ്ടാവില്ല. ഇനി അത് എനിക്ക് താങ്ങാനും പറ്റില്ല. ആറുകൊല്ലം ഇനിയെടുത്താല്‍ ഞാന്‍ 50 വയസിന് അടുത്താവും', നടന്‍ തമാശരൂപേണ പറഞ്ഞു.
'ഭാഗ്യശ്രീ ആദ്യമായി ചെയ്യുന്ന സിനിമ 'കാന്ത'യായിരുന്നു. പക്ഷേ, ഞങ്ങളുടെ ഭാഗത്തുണ്ടായ താമസം കാരണം പിന്നീട് വേറെ രണ്ടുസിനിമയില്‍ അഭിനയിച്ചു. ഇപ്പോള്‍ വലിയ സ്റ്റാറാണ്. അത് ശരിക്കും ഞങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്. പക്ഷേ, എല്ലായിടത്തും ഞങ്ങള്‍ പറയും, ആദ്യം കണ്ടുപിടിച്ചത് ഞങ്ങളാണ്. ആ ക്രെഡിറ്റ് ആര്‍ക്കും കൊടുക്കില്ല. ഭാഗ്യശ്രീയുടെ എല്ലാവരും ഓര്‍ത്തിരിക്കുന്ന പ്രകടനവും കഥാപാത്രവുമായിരിക്കും. ഭാഗ്യ ഇനി മലയാളത്തിലും അഭിനയിച്ചേക്കാം', നായികയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍.
'പണ്ട് ഒരാള് പറഞ്ഞതുപോലെ, നിങ്ങള്‍ ടിക്കറ്റെടുത്ത് നോക്ക്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടും', എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ച് ദുല്‍ഖര്‍ ആരാധകരോട് അഭ്യര്‍ഥിച്ചത്.
തുടര്‍ന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ദുല്‍ഖര്‍ സ്വയം റെട്രോ സ്റ്റാര്‍ എന്ന് വിളിക്കുന്നുവെന്ന് പറഞ്ഞത്. 'ഞാന്‍ സ്വയം എന്നെതന്നെ വിളിക്കുന്നതാണ് റെട്രോ സ്റ്റാര്‍ എന്ന്. മഹാനടി കഴിഞ്ഞ് ഏതാണ്ട് ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് 'കാന്ത' വരുന്നത്. ഇതിന്റെ കഥയെല്ലാം പറഞ്ഞിട്ടുള്ള ഒരു സംഭവം എനിക്ക് റാണ അയച്ചുതന്നു. ഇത് മഹാനടി പോലെയുണ്ട്, എന്നെക്കൊണ്ട് വയ്യ ഞാനില്ലെന്ന് പറഞ്ഞു. എല്ലാരും എന്നെ പീരീഡ് റെട്രോ സ്റ്റാര്‍ ആക്കും. ഞാന്‍ നോ എന്ന് പറഞ്ഞു. പക്ഷേ, കേട്ടുനോക്ക് എന്ന് റാണ പറഞ്ഞു'. അങ്ങനെയാണ് 'കാന്ത'യിലേക്ക് എത്തിയതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.