രണ്ട് മലയാള ചിത്രങ്ങൾ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി; മലയാളത്തിന്റെ 'മിസ്റ്റർ മരുമകനാ'യ ഭാഗ്യരാജ്

#Movie Desk
കെ. ഭാഗ്യരാജും ഭാര്യ പൂർണിമാ ജയറാമും, ഭാഗ്യരാജ് | Photos: Mathrubhumi
കെ. ഭാഗ്യരാജും ഭാര്യ പൂർണിമാ ജയറാമും, ഭാഗ്യരാജ് | Photos: Mathrubhumi

തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജിന്റെ വിയോഗത്തിന്റെ ദുഃഖത്തിലാണ് ഇപ്പോൾ ചലച്ചിത്രലോകം. ശനിയാഴ്ച രാവിലെയാണ് അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചത്. തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിക്കുകയും 25 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അതിലേറെ ചിത്രങ്ങൾക്കായി തൂലിക ചലിപ്പിക്കുകയും ചെയ്ത ഭാഗ്യരാജിന് മലയാളവുമായും അഭേദ്യമായ ബന്ധമുണ്ട്.

Also Read: ഭാഗ്യരാജിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മലയാളത്തിന്റെ 'മിസ്റ്റർ മരുമകൻ' എന്ന വിശേഷണത്തിന് അക്ഷരാർഥത്തിൽ അർഹനാണ് ഭാഗ്യരാജ്. മോഹൻലാലിന്റെ ആദ്യ സിനിമയായ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ൽ നായികയായിരുന്ന നടി പൂർണിമാ ജയറാമിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ദിലീപിനെ നായകനാക്കി സന്ധ്യാ മോഹൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് അദ്ദേഹം ചുവടുവെച്ചത്. ഖുശ്ബുവും അദ്ദേഹത്തിനൊപ്പം ചിത്രത്തിലുണ്ടായിരുന്നു. പിന്നീട് 2015-ൽ ചന്ദ്ര മഹേഷ് സംവിധാനം ചെയ്ത ഹൈ അലേർട്ട് എന്ന മലയാള ചിത്രത്തിലും ഭാഗ്യരാജ് അഭിനയിച്ചിരുന്നു.

Don’t Miss: 'ബൾട്ടി' എന്റെ റീലോഞ്ച്, എല്ലാ ഭാഷയിലെ അഭിനേതാക്കളും മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു; ശന്തനു ഭാഗ്യരാജ് | അഭിമുഖം

2012-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിനായുള്ള ജൂറി കമ്മിറ്റിയുടെ അധ്യക്ഷനായും മലയാള മണ്ണിലേക്ക് ഭാഗ്യരാജ് എത്തിയിട്ടുണ്ട്. ദിലീപായിരുന്നു ആ തവണ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്. മിസ്റ്റർ മരുമകൻ പുറത്തിറങ്ങിയ അതേ വർഷം, ഭാഗ്യരാജ് അധ്യക്ഷനായ ജൂറി സമിതി മികച്ച നടനായി ദിലീപിനെ തിരഞ്ഞെടുത്തത് അന്ന് വിവാദമായിരുന്നു.

ഭാഗ്യരാജിന്റെ മകൻ ശന്തനു ഭാഗ്യരാജും മലയാളത്തിൽ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എസ്.എൽ. പുരം ജയസൂര്യ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം എയ്ഞ്ചൽ ജോണായിരുന്നു ശന്തനുവിന്റെ ആദ്യ മലയാള ചിത്രം. മോഹൻലാലിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമായിരുന്നു ശന്തനുവിന് ചിത്രത്തിൽ. പിന്നീട് 16 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞവർഷമാണ് ശന്തനു വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നത്. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബൾട്ടി എന്ന ചിത്രത്തിൽ ഷെയ്ൻ നിഗത്തിനൊപ്പമാണ് ശന്തനു അഭിനയിച്ചത്.

Content Highlights: K. Bhagyaraj, often called the 'son-in-law' of Kerala due to his marriage to actress Poornima Jayaram, held a deep connection with Malayalam cinema. Beyond his two acting roles in 'Mr. Marumakan' and 'High Alert,' he notably served as the jury chairperson for the 2012 Kerala State Film Awards.