ധർമേന്ദ്ര പ്രധാൻ രാജിവെക്കുക,ഞാൻ വിദ്യാർഥികൾക്കൊപ്പം; ജെൻ സിയെ ഓർത്ത് അഭിമാനം-നിലപാട് പറഞ്ഞ് ജ്യോതിക

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നടി ജ്യോതിക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് നടി ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അടിയന്തര പരിഷ്‌കരണങ്ങൾ വേണമെന്നും അവർ ആവശ്യപ്പെട്ടു.
സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ജ്യോതിക തന്റെ നിലപാട് വ്യക്തമാക്കിയത്. 'ധർമേന്ദ്ര പ്രധാൻ പദവി ഒഴിയുക, രാജിവെക്കുക. ഞാൻ വിദ്യാർഥികൾക്കും രാജ്യത്തിന്റെ ഭാവിക്കുമൊപ്പമാണ്. സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും ജനാധിപത്യ ഇന്ത്യക്കും വിദ്യാഭ്യാസ പരിഷ്‌കരണത്തിനും വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്,' ജ്യോതിക കുറിച്ചു.
വിദ്യാർഥി സമരത്തിന് നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്കും പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനും ജ്യോതിക പിന്തുണ അറിയിച്ചു. 'സോനം വാങ്ചുക്, അഭിജിത് ദീപ്‌കെ, സൗരവ് ദാസ്... ഒരു അമ്മയെന്ന നിലയിൽ ഞങ്ങളുടെ കുട്ടികളും നിങ്ങളെപ്പോലെ വളരണമെന്നാണ് ആഗ്രഹിക്കുന്നത്. കാര്യങ്ങൾ തുറന്നു സംസാരിക്കുന്ന പുതിയ ജെൻ സിയെ ഓർത്ത് അഭിമാനിക്കുന്നു. നമ്മളാണ് ഇന്ത്യ എന്ന് നിങ്ങൾ തെളിയിച്ചു,' അവർ കുറിച്ചു.
സമ്മർദ്ദങ്ങളെ അതിജീവിച്ചതിനും ജനങ്ങളെ ഭയരഹിതരാക്കിയതിനും വിദ്യാർഥികൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് അവസാനിക്കുന്നത്. നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ ഡൽഹി ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് മുൻനിര സിനിമാ പ്രവർത്തകരടക്കം നിരവധി പ്രമുഖർ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ട്.
Content Highlights: Popular actor Jyothika has publicly extended her support to the students protesting against the NEET question paper leak and exam irregularities. She demanded the immediate resignation of Union Education Minister Dharmendra Pradhan and called for urgent reforms in the nation's education system. In a detailed social media post, Jyothika stated that she firmly stands with the students, transparency, accountability, and the future of democratic India. She also commended environmental activist Sonam Wangchuk and other student leaders, expressing pride as a mother in the courageous voice of Gen Z. Her statement adds strong celebrity momentum to the ongoing anti-NEET student protests currently being held at Jantar Mantar in New Delhi.