‘ചുട്ടമല്ലെ’ ഗാനരംഗം മോർഫ് ചെയ്ത് ജാൻവിയുടെ നഗ്നദൃശ്യം പ്രചരിപ്പിച്ചു; നിയമനടപടിയെന്ന് ജൂനിയർ എൻടിആർ

'ദേവര: പാർട്ട് വണ്ണി'ലെ ഹിറ്റ് ഗാനമായ 'ചുട്ടമല്ലെ'യുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കടുത്ത പ്രതികരണവുമായി നടൻ ജൂനിയർ എൻ.ടി.ആർ. സംഭവം അറപ്പുളവാക്കുന്നതും അപമാനകരവുമാണെന്ന് താരം പ്രതികരിച്ചു. മോർഫ് ചെയ്ത വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകി. എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'ചുട്ടമല്ലെ' എന്ന ഗാനത്തിന്റെ ദൃശ്യം മോർഫ് ചെയ്ത് നായിക ജാൻവി കപൂറിന്റെ നഗ്നദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത വാക്കുകളിൽ ജൂനിയർ എൻ.ടി.ആറിന്റെ പ്രതികരണം.
സ്ത്രീകളെ അമ്മമാരായും ദേവിമാരായും ആരാധിക്കുകയും 'മാതൃദേവോ ഭവ' എന്നത് കേവലമൊരു വാക്കല്ലാതെ സംസ്‌കാരത്തിന്റെ ഭാഗമായി കാണുകയും ചെയ്യുന്ന നാടാണ് നമ്മുടേതെന്ന് ജൂനിയർ എൻ.ടി.ആർ. പറഞ്ഞു. അങ്ങനെയുള്ളിടത്ത് ചിലർ നിർമിത ബുദ്ധി ഉപയോഗിച്ച് ഒരു സ്ത്രീയെ ഏറ്റവും നികൃഷ്ടമായ രീതിയിൽ അപമാനിക്കുന്നതിലേക്ക് അധഃപതിച്ചിരിക്കുന്നു. ഇത്തരം പ്രവൃത്തികൾ വാക്കുകൾക്ക് അതീതമായ നാണക്കേടാണെന്നും അദ്ദേഹം കുറിച്ചു.
വീഡിയോ നിർമിച്ചവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ വ്യക്തമാക്കി. 'ഈ മോർഫ് ചെയ്ത വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ച നീചന്മാരെ ഞാൻ വെറുതെ വിടില്ല. ഇത് നിർമിച്ചവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ സാധ്യമായ എല്ലാ നിയമനടപടിയും സ്വീകരിക്കും,' ജൂനിയർ എൻ.ടി.ആർ. മുന്നറിയിപ്പ് നൽകി.
ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ കാണുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് താരം ആരാധകരോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു. ഇന്ന് ഇത് മറ്റൊരാൾക്കാണെങ്കിൽ നാളെ സ്വന്തം അമ്മയ്ക്കോ സഹോദരിക്കോ ഭാര്യയ്ക്കോ മകൾക്കോ സംഭവിക്കാം. ഇതൊരു ഗൗരവമേറിയ പ്രശ്‌നമാണ്. എ.ഐ. ദുരുപയോഗത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊരട്ടാല ശിവ സംവിധാനം ചെയ്ത 'ദേവര: പാർട്ട് വൺ' എന്ന ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും ജാൻവി കപൂറും ഒന്നിച്ചുള്ള പ്രണയഗാനമാണ് 'ചുട്ടമല്ലെ'. പാട്ടിലെ ദൃശ്യങ്ങൾ മോർഫ് ചെയ്ത്, എ.ഐ. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോ പ്രചരിച്ചതാണ് വിവാദത്തിന് കാരണമായത്.
Content Highlights: Jr NTR reacted strongly against morphed viral deepfake videos of Janhvi Kapoor from the film Devara. The fabricated imagery stemmed from the popular song sequence 'Chuttamalle'. The actor declared strict legal action against both creators and distributors of the fake content. He urged the public and fans not to view or share such malicious material. Jr NTR called on central and state governments to enforce strict regulations against AI technology misuse.