നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു

കൊച്ചി: ഡൽഹിയിൽ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ച് നടൻ ജോജു ജോർജ്. രാജ്യത്തിപ്പോൾ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്ന് ജോജു വിമർശിച്ചു. യുവജന പ്രക്ഷോഭങ്ങൾ ചരിത്രത്തിൽ ഒരിക്കലും തളർന്നിട്ടില്ല. ഇപ്പോഴത്തെ പോക്ക് പ്രതീക്ഷ നൽകുന്നതാണെന്നും നടൻ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിലെ ഐക്യദാർഢ്യസദസ്സിൽ സംസാരിക്കുകയായിരുന്നു ജോജു.
'ഇപ്പോൾ നമ്മളുടെ നാട്ടിൽ നടക്കുന്നത് ഒരു അടിയന്തരാവസ്ഥയാണ്. രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതി, അതിന് ചോർച്ച വരുക എന്ന് പറഞ്ഞാൽ സ്ലോ പോയിസണിങ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നാളെ വരാൻ പോകുന്ന ഒരു ഭീകരമായ അന്തരീക്ഷം ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. അതിനെതിരെ പ്രതികരിച്ച കുട്ടികളെ തല അടിച്ചുപൊളിക്കുക, ഒരു രാജ്യത്തെ പ്രതിപക്ഷ നേതാവിനെ പുല്ലുപോലെ എടുത്തുകൊണ്ടു പോവുക- ഇതൊരു അടിയന്തരാവസ്ഥ തന്നെയാണ്', ജോജു പറഞ്ഞു.
'അതിനെതിരെ ആദ്യം ബോധത്തോടുകൂടി പ്രവർത്തിച്ച രാജ്യത്തെ യുവജനങ്ങൾക്കാണ് കൈയടി. ഒരിക്കലും യുവജന പ്രക്ഷോഭങ്ങൾ ചരിത്രത്തിൽ തളർന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ പോക്ക് പ്രതീക്ഷ നൽകുന്നതാണ്. വളരെ സന്തോഷമുണ്ട്, ഇപ്പോഴും ഒരുപാട് നല്ല ആളുകൾ നമ്മുടെ ഇടയിലുണ്ട്. നമ്മൾ ഒരുമിച്ചാണ്, ഒറ്റക്കെട്ടാണ്', ജോജു കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം നടന്ന സി.ജെ.പി. പ്രതിഷേധത്തെ പോലീസ് നേരിട്ട രീതിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ജന്തർമന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും കൊണ്ടാണ് പോലീസ് നേരിട്ടത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനെതിരെയും കടുത്ത നടപടികളാണ് പോലീസ് സ്വീകരിച്ചത്.
Content Highlights: Actor Joju George expressed strong solidarity with the ongoing student protests led by the Cockroach Janata Party (CJP) in Delhi. Speaking at a solidarity gathering at Maharajas College in Ernakulam, he criticized the current socio-political situation in the country, comparing it to an emergency. He stated that compromising the country's education system acts like slow poison and warned of terrible future consequences if not actively opposed. The actor praised the youth for taking a conscious stand, emphasizing that historical youth uprisings have never failed to make an impact. His comments follow harsh police action—including lathi charges and tear gas—against peaceful protesters at Jantar Mantar and the Parliament march, which also saw strong pushback against Opposition Leader Rahul Gandhi's demonstration