‘ഞങ്ങൾ തമ്മിൽ ഒരു കടം ഉണ്ടായിരുന്നു’; ഷിയാസ് എം.എൽ.എയുടെ പരിപാടിയിൽ അതിഥിയായി ജോജു

#Movies Desk
ജോജു ജോര്‍ജ്, മുഹമ്മദ് ഷിയാസ് | ഫോട്ടോ: മാതൃഭൂമി
ജോജു ജോര്‍ജ്, മുഹമ്മദ് ഷിയാസ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: മുഹമ്മദ് ഷിയാസ് എം.എൽ.എ. സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി നടൻ ജോജു ജോർജ്. കൊച്ചി നിയമസഭാ മണ്ഡലത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച എക്‌സലൻസ് അവാർഡ് വിതരണ ചടങ്ങിലാണ് ജോജു പങ്കെടുത്തത്. നേരത്തെ ഒരു സമരത്തിന് പിന്നാലെ നടനുമായി ഉണ്ടായ വാക്കുതർക്കം ഷിയാസ്  ചടങ്ങിൽ ഓർത്തെടുത്തു.

'പരിപാടിക്ക് വരാമെന്ന് കഴിഞ്ഞ ദിവസമാണ് ജോജു എന്നോട് പറഞ്ഞത്. സിനിമാ ഷൂട്ടിങ്ങിലായിരുന്നു ജോജു. ഞാനും ജോജുവും തമ്മിൽ ഒരു കടം ഉണ്ടായിരുന്നു. സമരത്തിനിടയിൽ ബഹളമൊക്കെ ഉണ്ടാക്കി. പൗരൻ എന്ന നിലയിൽ ജോജു അദ്ദേഹത്തിന്റേതായ അഭിപ്രായം പങ്കുവെച്ചു. അത് ഉൾക്കൊള്ളുകയും ചെയ്തു. ജോജു നല്ല കലാകാരനാണ്, ഏറ്റവും സാധാരണക്കാരനാണ്. സാധാരണ കുടുംബത്തിൽനിന്ന് വന്ന് ഏറ്റവും മികച്ച കലാകാരനായി, കേരളം ഇഷ്ടപ്പെടുന്ന നടനായി മാറി. അവാർഡുകൾ നേടിയ നടനാണ്. ജോജു പരിപാടിയിൽ പങ്കെടുത്തതിൽ വലിയ സന്തോഷം', ഷിയാസിന്റെ കൂട്ടിച്ചേർത്തു.

2021-ൽ പെട്രോൾ- ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനിടെയായിരുന്നു ഷിയാസ്- ജോജു വാക്കു തർക്കം. സമരം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ജോജു പ്രതിഷേധവുമായി വാഹനത്തിൽനിന്ന് പുറത്തിറങ്ങി. കോൺഗ്രസ് പ്രവർത്തകരുമായി ജോജു വാഗ്വാദത്തിൽ ഏർപ്പെട്ടു.

അന്ന് ജോജുവിനെതിരെ ശക്തമായ പ്രതികരണവുമായി ഡി.സി.സി. പ്രസിഡന്റായിരുന്ന ഷിയാസ് രംഗത്തെത്തി. ജോജു മദ്യലഹരിയിലാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് എന്നായിരുന്നു ഷിയാസിന്റെ ആരോപണം. എന്നാൽ, നാലുവർഷത്തിനുശേഷം ദുബായിൽവെച്ച് ഇരുവരും സൗഹൃദം പങ്കിടുന്ന വീഡിയോ പുറത്തുവന്നിരുന്നു.

Content Highlights: Actor Joju George attended the Excellence Awards ceremony organized by Kochi MLA Mohammed Shiyas to felicitate top-performing SSLC and Plus Two students. During the event, MLA Shiyas recalled their past confrontation during a 2021 fuel price hike protest organized by the Congress party. Shiyas acknowledged that Joju raised a valid citizen's concern during the road blockade, praising him as a talented artist from a humble background. The past dispute was resolved over time, with both sharing a warm moment earlier in Dubai four years after the initial conflict. Joju's sudden presence at the educational event highlighted the strong personal camaraderie built between the two post-controversy.