വീട് പെരുമ്പാവൂർ; ഓടിക്കളിച്ചു നടന്ന തിരുമുറ്റമാണ് ചോറ്റാനിക്കര- ജയറാം

#മൂവീസ് ഡെസ്‌ക്
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമിയുടെ ഭാഗമായി നടൻ ജയറാമിന്റെ പ്രമാണത്തിൽ നടന്ന പവിഴമല്ലിത്തറ മേളം  | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ  / മാതൃഭൂമി
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമിയുടെ ഭാഗമായി നടൻ ജയറാമിന്റെ പ്രമാണത്തിൽ നടന്ന പവിഴമല്ലിത്തറ മേളം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പവിഴമല്ലിത്തറ മേളത്തിൽ പ്രമാണിയായി ജയറാം. തുടർച്ചയായി 13-ാം വർഷമാണ് ജയറാം മേളപ്രമാണം നിർവഹിക്കുന്നത്. 150-ലേറെ വാദ്യകലാകാരന്മാർ ജയറാമിന്റെ നേതൃത്വത്തിൽ മേളത്തിനായി അണിനിരന്നു.

മേളം തുടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളെക്കണ്ട ജയറാം, 13-ാം വർഷവും പവിഴമല്ലിത്തറ മേളത്തിന് പ്രമാണിയാവാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. 'വീട് പെരുമ്പാവൂരാണ്. ഓർമവെച്ച നാൾ മുതൽ ഓടിക്കളിച്ചു നടന്ന തിരുമുറ്റമാണ് ചോറ്റാനിക്കര അമ്മയുടേത്. ചോറ്റാനിക്കര ദർശനമില്ലാത്ത ആഴ്ചകളില്ല. എനിക്ക് ഓർമവെച്ച നാളുമുതൽ വിദ്യാരംഭ സമയത്ത് പുസ്തകങ്ങളുമായി വരുന്നത് അമ്മയുടെ നടയിലേക്കാണ്. മേളക്കാരനായി ഈ നടയിൽ നിൽക്കാൻ പറ്റുമെന്ന് സ്വപ്‌നത്തിൽ പോലും ചിന്തിച്ചിട്ടില്ല.' ജയറാം പറഞ്ഞു.

'അത് ദേവി സാധിച്ചു തന്നു. ഒരു വർഷമല്ല, 13 വർഷം പവിഴമല്ലിയുടെ ചുവട്ടിൽനിന്ന് കൊട്ടാനുള്ള ഭാഗ്യമുണ്ടായി. മറ്റ് പല സ്ഥലങ്ങളിലും നിൽക്കുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ ഇത്തിരി ഊർജക്കൂടുതൽ ദേവിയുടെ നടയിലെ പവിഴമല്ലിയുടെ ചുവട്ടിൽനിൽക്കുമ്പോൾ തോന്നാറുണ്ട്. എവിടെനിന്നോ അദൃശ്യമായ ശക്തി എന്നെ തേടിയെത്താറുണ്ട്.' നടൻ കൂട്ടിച്ചേർത്തു.

Content Highlights: Actor Jayaram led the Pavizhamallithara Melam at Chottanikkara Bhagavathy Temple for the 13th consecutive year during Navratri. More than 150 instrumental artists performed under Jayaram's leadership. Jayaram shared his nostalgic emotional connection to the temple, stating he grew up visiting Chottanikkara. The actor expressed deep devotion and felt an unseen energy while performing at the sacred temple courtyard.