അയാളെ ഒന്ന് വെറുതെ വിടൂ... നടൻ രവി മോഹന് പിന്തുണയുമായി നടിമാരായ മീര ചോപ്രയും അംബികയും

#Movies Desk
Photo: instagram.com/meerachopra, Mathrubhumi
Photo: instagram.com/meerachopra, Mathrubhumi

തമിഴ് നടൻ രവി മോഹന്റെ (ജയം രവി) വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും അതിനെ തുടർന്നുണ്ടായ പ്രതികരണങ്ങളും വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. അടുത്തിടെ രവി നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ തന്റെ അകന്നു കഴിയുന്ന ഭാര്യ ആരതി രവിക്കെതിരെ രവി മോഹൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മാധ്യമപ്രവർത്തകർക്കുമുമ്പിൽ വിങ്ങിപ്പൊട്ടി സംസാരിച്ച രവി മോഹന്റെ വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ നടന് പിന്തുണയുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്രയുടെ ബന്ധുവും നടിയുമായ മീര ചോപ്രയും മുതിർന്ന നടി അംബികയും.

രവി മോഹനുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്നറിയിച്ച് ഗായിക കെനിഷ ഫ്രാൻസിസ് വീഡിയോ പങ്കുവെച്ചതോടെയാണ് പുതിയ വിവാദങ്ങൾ ആരംഭിച്ചത്. വ്യാജ കഥകളും സൈബർ ആക്രമണവും തന്നെ മാനസീകമായി തളർത്തിയെന്നും തന്റെ സംഗീതവും തെറാപ്പിയും ഉൾപ്പെടെയുള്ള കരിയർ ഉപേക്ഷിച്ച് പൂർണമായും രവി മോഹനെ വിട്ടുനൽകുകയാണെന്നും കെനിഷ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ചെന്നൈയിലെ തന്റെ ഓഫീസിൽ വെച്ച് രവി മോഹൻ വാർത്താ സമ്മേളനം വിളിച്ചുചേർത്തത്. വികാരാധീനനായാണ് രവി മോഹൻ മാധ്യമങ്ങളോട് സംസാരിച്ചത്. തന്റെ മക്കളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ആരതിയിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നത് വരെ ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞു. കടുത്ത അപമാനം സഹിച്ചാണ് താൻ ആരതിക്കൊപ്പം ജീവിച്ചതെന്നും രവി മോഹൻ പറഞ്ഞു. വർഷങ്ങളായി തന്നെ ഒരു അടിമയെ പോലെയാണ് കണക്കാക്കിയിരുന്നതെന്നും താരം പറഞ്ഞു.

'സഹിക്കാവുന്നതിന്റെ അപ്പുറമായി. ഇത്രയും ദിവസം ഞാൻ ഒന്നും പറയാതെ ഇരുന്നു. ഇപ്പോൾ സമയമായി. ആളുകൾ കരുതുന്നത് ജയം രവി എന്ന രവി മോഹൻ സോഫ്റ്റായ മനുഷ്യനാണെന്നാണ്. ഞാൻ അങ്ങനെയായിരുന്നു. എന്നാൽ ഇനി അങ്ങനെയായിരിക്കില്ല.' - രവി മോഹൻ പറഞ്ഞു.

'എന്ത് തന്നെ സംഭവിച്ചാലും എനിക്ക് വിവാഹമോചനം ലഭിക്കുക തന്നെ ചെയ്യും. എന്റെ ജീവിതം വീണ്ടും സാധാരണനിലയിലാകും. ഈ സൈബർ ആക്രമണം അവസാനിക്കുമ്പോൾ ഞാൻ തിരിച്ചുവരും.' - കണ്ണ് നിറഞ്ഞുകൊണ്ട് രവി മോഹൻ പറഞ്ഞു.

പിന്തുണയുമായി മീര ചോപ്ര

പുരുഷന്മാർക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളും ഗൗരവമായി എടുക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. "പുരുഷന്മാർ എപ്പോഴും തെറ്റുകാരാകണമെന്നില്ല. സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളെ മുതലെടുക്കുന്ന നിരവധി സ്ത്രീകളെ ഞാൻ കാണുന്നുണ്ട്. പുരുഷന്റെ ഭാഗം കൂടി കേൾക്കാൻ എല്ലാവരും തയ്യാറാകണം," മീര കുറിച്ചു. വളരെ ലളിതമായി ജീവിക്കുന്ന ഒരു നല്ല വ്യക്തിയാണ് രവി മോഹനെന്നും, അദ്ദേഹത്തിന് നീതി ലഭിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഇടപെടരുതെന്ന് വ്യക്തമാക്കി നടി അംബിക

രവി മോഹന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ വളരെ സങ്കടമുണ്ടെന്നാണ് മുതിർന്ന നടി അംബിക പ്രതികരിച്ചത്. "പാവം, ടെൻഷൻ കാരണം അദ്ദേഹത്തിന്റെ രൂപത്തിൽ വരെ മാറ്റങ്ങൾ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ണുകളും മുഖവും നോക്കൂ.." അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ പീഡനങ്ങൾ ഉടൻ അവസാനിക്കുമെന്ന് താൻ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ അദ്ദേഹം തന്നെ പരിഹരിച്ചുകൊള്ളും, നമ്മളെല്ലാം അയാളെ ഒന്നു വെറുതെ വിട്ടാൽ മതി." നടി പറഞ്ഞു. കാര്യങ്ങൾ കൃത്യമായി അറിയാതെ പുറത്തുനിന്നുള്ളവർ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു.

രവി മോഹന്റെ ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, അദ്ദേഹത്തെയും ആരതി രവിയെയും അനുകൂലിച്ചുകൊണ്ട് ഇന്റർനെറ്റ് ലോകം ഇപ്പോൾ രണ്ടു തട്ടിലായിരിക്കുകയാണ്.

Content Highlights: In an emotional press conference, Tamil actor Jayam Ravi alleged that his estranged wife Aarti treated him like a slave and blocked him from seeing his children, prompting actresses Meera Chopra and Ambika to come forward in his support.