900 കോടി കടന്ന് 'ജവാൻ'; ബോക്സോഫീസിൽ തേരോട്ടം തുടർന്ന് ഷാരൂഖ് ചിത്രം

കളക്ഷൻ റെക്കോർഡുകൾ കടപുഴക്കി ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുകയാണ് അറ്റ്ലീ-ഷാരൂഖ് ഖാൻ കൂട്ടുകെട്ടിലെത്തിയ ജവാൻ. റിലീസ് ചെയ്ത് 13 ദിവസം പിന്നിടുമ്പോൾ 900 ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ബോക്സ് ഓഫീസിൽ ആയിരം കോടി എന്ന മാന്ത്രിക സംഖ്യ എന്ന് പിന്നിടും എന്നുമാത്രമാണ് ആരാധകർക്ക് ഇനി അറിയാനുള്ളത്.
ഈ മാസം ഏഴിനാണ് ജവാൻ തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോളതലത്തിൽ ഇതുവരെ 907.54 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ഈയാഴ്ചതന്നെ ആയിരംകോടി കളക്ഷൻ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞചിത്രമായ പഠാനും കളക്ഷനിൽ 1000 കോടി എന്ന മാന്ത്രികസംഖ്യയിലെത്തിയിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ഉത്തരേന്ത്യയിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം നേരത്തേ പെെറസി വെബ്സെെറ്റുകളിൽ ചോർന്നിരുന്നു. എങ്കിലും തിയേറ്ററുകളിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് ജവാൻ.
നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് 'ജവാന്‍' നിർമിച്ചിരിക്കുന്നത്.
Content Highlights: jawan shahrukh atlee movie enters 900 crore club