ആയിരം കോടിയിലേക്ക് കുതിച്ച് ജവാൻ; ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്ത്

ജവാൻ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ | ഫോട്ടോ: twitter.com/Forumkeralam2
ജവാൻ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ | ഫോട്ടോ: twitter.com/Forumkeralam2

കളക്ഷൻ റെക്കോർഡുകൾ കടപുഴക്കി ബോക്സ് ഓഫീസിൽ പുതിയ ​ഗാഥ രചിക്കുകയാണ് അറ്റ്ലീ-ഷാരൂഖ് ഖാൻ കൂട്ടുകെട്ടിലെത്തിയ ജവാൻ. റിലീസ് ചെയ്ത് പത്ത് ദിവസമായ അവസരത്തിൽ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ്. ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടി എന്ന് കടക്കും എന്നുമാത്രമാണ് ആരാധകർക്ക് ഇനി അറിയാനുള്ളത്.

ഈ മാസം ഏഴിനാണ് ജവാൻ തിയേറ്ററുകളിലെത്തിയത്. ചിത്രം ആ​ഗോളതലത്തിൽ ഇതുവരെ 797.50 കോടി രൂപയാണ് നേടിയതെന്നാണ് നിർമാതാക്കൾ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. 36 കോടി രൂപയാണ് ഞായറാഴ്ച ഇന്ത്യയിൽ നിന്നുമാത്രം ചിത്രം നേടിയത്. ചിത്രം ഈയാഴ്ചതന്നെ ആയിരംകോടി കളക്ഷൻ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞചിത്രമായ പഠാനും കളക്ഷനിൽ 1000 കോടി എന്ന മാന്ത്രികസംഖ്യയിലെത്തിയിരുന്നു.

കേരളത്തിലും തമിഴ്നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ഉത്തരേന്ത്യയിൽ ​ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ചിത്രം നേരത്തേ പെെറസി വെബ്സെെറ്റുകളിൽ ചോർന്നിരുന്നു. എങ്കിലും തിയേറ്ററുകളിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് ജവാൻ. 

നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് 'ജവാന്‍' നിർമിച്ചിരിക്കുന്നത്. 

Content Highlights: jawan movie latest box office collection report, atlee, shah rukh khan, nayanthara, vijay sethupathi