പൈറസി ഭീഷണി ഏറ്റില്ല; 850 കോടിയും കടന്ന് ജവാന്‍

ജവാനിൽ ഷാരൂഖ് ഖാനും നയൻതാരയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
ജവാനിൽ ഷാരൂഖ് ഖാനും നയൻതാരയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ ബോക്‌സ് ഓഫീസില്‍ കുതിയ്ക്കുന്നു.  സെപ്തംബര്‍ 7 ന് റിലീസ് ചെയ്ത ചിത്രം വെറും പന്ത്രണ്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന്  850 ലേറെ കോടിയാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 430 കോടിയോളം വരുമാനം നേടി.

ഇത്രയും ദിവസം പിന്നിട്ടിട്ടും ആകെ പ്രദര്‍ശനങ്ങളുടെ എണ്ണത്തില്‍ ഇപ്പോഴും കാര്യമായ കുറവ് വന്നിട്ടില്ല. വദേശത്തും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ആദ്യ ദിനം 75 കോടിയോളമാണ് ചിത്രം നേടിയത്. ഹിന്ദിയില്‍ നിന്ന് 65 കോടിയും തമിഴ് തെലുങ്ക് ഡബ്ബിങില്‍ നിന്ന് 10 കോടിയോളവും സ്വന്തമാക്കി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് റിലീസ് ദിനത്തില്‍ ഒരു ചിത്രം ഇത്രയും വരുമാനം നേടുന്നത്. ചിത്രം പൈറസി വെബ്സൈറ്റുകളില്‍ ചോര്‍ന്നിട്ടും ബുക്കിങ്ങില്‍ ഇടിവ് സംഭവിച്ചിട്ടില്ല എന്നതാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കുന്നത്. ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്ളാണ്. 

ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോഡാണ് ജവാന്‍ തകര്‍ത്തത്. ഷാരൂഖിനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ ആദ്യദിനം 57 കോടിയാണ് നേടിയത്. ആയിരം കോടി ക്ലബില്‍ പഠാന്‍ ഇടം നേടിയിരുന്നു.

നയന്‍താര, വിജയ് സേതുപതി എന്നിവരാണ് ജവാനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. 

റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്ന് നിര്‍മിക്കുന്ന 'ജവാന്‍' ഐ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേര്‍ന്ന് വിതരണത്തിന് എത്തിക്കുന്നു. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. റെഡ് ചില്ലീസിനുവേണ്ടി ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന്‍ ചെയ്യുന്നത് പപ്പറ്റ് മീഡിയയാണ്.

Content Highlights: Jawan box office collection shahrukh khan movie breaks Record, nayantara, atlee, vijay sethupathi