ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെടുന്നത് കൂടുതലാണോ-ജാൻവി കപൂർ

#മൂവി ഡെസ്ക്
ജാൻവി കപൂർ | ഫോട്ടോ: Getty images
ജാൻവി കപൂർ | ഫോട്ടോ: Getty images

ദേവരാ: പാർട്ട് 1 എന്ന ചിത്രത്തിലെ 'ചുട്ടമല്ലെ' എന്ന ഗാനരംഗത്തിൽ നിന്ന് തന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും ദൃശ്യങ്ങൾ ഉപയോഗിച്ച് അശ്ലീല ഡീപ്ഫെയ്ക്ക് വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി നടി ജാൻവി കപൂർ. സ്ത്രീകളെ ലൈംഗികച്ചുവയോടെ ചിത്രീകരിക്കാൻ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിനെ അവർ വിമർശിച്ചു. അത് ലൈംഗികാതിക്രമത്തിന് തുല്യമാണെന്നും ജാൻവി കപൂർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജാൻവി ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

"സ്ത്രീകളെ ലൈംഗികച്ചുവയോടെ ചിത്രീകരിക്കുന്നതിനും സമ്മതമില്ലാതെ സാങ്കൽപ്പിക ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനും സാങ്കേതികവിദ്യ കുറ്റകരമായി ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റത്തെ നിയമലംഘനമാണ്, അത് ലൈംഗികാതിക്രമത്തിന് തുല്യമാണ്. സിനിമാ മേഖലയിലെ മിക്കവാറും എല്ലാ സ്ത്രീകളും ഇതിന്റെ ഏതെങ്കിലും ഒരു രൂപം നേരിട്ടിട്ടുണ്ട്. എല്ലായിടത്തുമുള്ള സ്ത്രീകൾ ക്രമാനുഗതമായി ഇതിന് ഇരയാക്കപ്പെടുന്നു. ഒരു സ്ത്രീയുടെ ശരീരത്തോടുള്ള സമ്മതം, തിരഞ്ഞെടുപ്പ്, ബഹുമാനം എന്നിവ മനുഷ്യത്വത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ആശയങ്ങളിൽ ഉൾപ്പെടേണ്ടതാണ്. എന്നിട്ടും എങ്ങനെയോ അവ സങ്കീർണമായി കണക്കാക്കപ്പെടുന്നത് തുടരുന്നു." ജാൻവി അഭിപ്രായപ്പെട്ടു.

Also Read: 'ഇത് ഡിജിറ്റൽ ലൈംഗികാതിക്രമം'; 'ചുട്ടമല്ലെ'യുടെ ഡീപ്ഫെയ്ക്ക് വീഡിയോയിൽ വിജയ് ദേവരകൊണ്ട

ഒരു സ്ത്രീ അഞ്ച് ദിവസം തുടർച്ചയായി സമ്മതം അറിയിക്കുകയും ആറാം ദിവസം 'ഇല്ല' എന്ന് പറയുകയും ചെയ്താൽ ആ നിരസിക്കൽ പൂർണമായും മാനിക്കപ്പെടണമെന്ന് ജാൻവി പറഞ്ഞു. ഇറക്കംകുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നു എന്നതുകൊണ്ട് മാത്രം ഒരാളുടെ ശരീരത്തെ ചൂഷണം ചെയ്യാനോ അനുവാദമില്ലാതെ ക്യാമറ ദൃശ്യങ്ങൾ പകർത്തി അതിക്രമം കാണിക്കാനോ ആർക്കും അവകാശമില്ലെന്നും, തന്റെ ശരീരത്തെയും അതിരുകളെയും കുറിച്ചുള്ള തീരുമാനങ്ങൾ ആ സ്ത്രീക്ക് മാത്രമുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു. താൻ നേരിട്ട വ്യക്തിപരമായ അനുഭവങ്ങൾക്കോ ഇത്തരം എഐ വീഡിയോകൾക്കോ അപ്പുറം, സ്ത്രീ എന്ന യാഥാർഥ്യവും അവർ അനുദിനം നേരിടുന്ന സുരക്ഷാ ആശങ്കകളുമാണ് ഇത് വെളിവാക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. ഭൗതിക ലോകത്ത് സ്ത്രീകൾ നേരിടുന്ന ഭയവും സുരക്ഷാ ഭീഷണികളും ഇപ്പോൾ ഡിജിറ്റൽ ലോകത്തേക്കും വ്യാപിച്ചിരിക്കുകയാണെന്ന് നടി തുറന്നടിച്ചു.

സമൂഹത്തിൽ ഉണ്ടാകേണ്ട മനോഭാവ മാറ്റത്തെക്കുറിച്ചും ജാൻവി തന്റെ പ്രസ്താവനയിലൂടെ ഊന്നിപ്പറഞ്ഞു. "മകളെ സംരക്ഷിക്കുക" എന്നുമാത്രം പറയുന്നതല്ല ഇതിനുള്ള പരിഹാരമെന്നും, മറ്റൊരാളുടെ അതിരുകൾ ലംഘിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് കരുതുന്ന സാമൂഹിക അന്തരീക്ഷം തിരുത്തപ്പെടണമെന്നും അവർ പറഞ്ഞു. ശരിയും തെറ്റും വ്യക്തമായി പറയാൻ നട്ടെല്ലും ധാർമികബോധവുമുള്ള മാതൃകാപരമായ പുരുഷന്മാരുടെ ഇടപെടൽ ഇത്തരം മാറ്റങ്ങൾക്ക് അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ തനിക്ക് ശക്തമായ പിന്തുണ നൽകിയ സഹപ്രവർത്തകർക്കും ചലച്ചിത്ര രംഗത്തെ പ്രമുഖർക്കും ജാൻവി നന്ദി അറിയിച്ചു. വീഡിയോയെ "അറപ്പുളവാക്കുന്നതും ക്രൂരവും നാണമില്ലാത്തതുമായ പ്രവർത്തനം" എന്ന് വിശേഷിപ്പിക്കുകയും നിയമനടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ജൂനിയർ എൻ.ടി.ആറിന് അവർ പ്രത്യേക നന്ദി രേഖപ്പെടുത്തി. കൂടാതെ, എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ ശബ്ദമുയർത്തുകയും പിന്തുണ നൽകുകയും ചെയ്ത ചിരഞ്ജീവി, വിജയ് ദേവരകൊണ്ട, ഖുശ്ബു സുന്ദർ എന്നിവർക്കും ജാൻവി കൃതജ്ഞത അറിയിച്ചു.

"ഈ വികാരത്തെ ഉയർത്തുന്നതിനും ഈ മാനസികാവസ്ഥയ്ക്കും അനീതിപരമായ സമ്പ്രദായങ്ങൾക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നതിനും നന്ദി ചിരഞ്ജീവി സർ, വിജയ്, ഖുശ്ബു മാഡം. നമ്മുടെ ചുറ്റും ഇപ്പോൾ നടക്കുന്നതെല്ലാം, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവങ്ങളിൽ പങ്കെടുക്കുന്നവരെ ആത്മപരിശോധന നടത്താൻ നിർബന്ധിതരാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു മനുഷ്യനായി മാത്രം പരിഗണിക്കപ്പെടാനും കാണപ്പെടാനും ഒരു സ്ത്രീ ചോദിക്കുന്നത് ശരിക്കും വളരെ കൂടുതലാണോ?" ജാൻവി ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കളേയും ആരാധകരേയും ഒന്നടങ്കം ഞെട്ടിച്ച സംഭവമുണ്ടായത്. ജൂനിയർ എൻ.ടി.ആറും ജാൻവി കപൂറും പ്രധാനവേഷങ്ങളിലെത്തിയ ദേവര: പാർട്ട് 1 എന്ന ചിത്രത്തിലെ 'ചുട്ടമല്ലെ' എന്ന ഗാനത്തിന്റെ ദൃശ്യം മോർഫ് ചെയ്ത് നായിക ജാൻവി കപൂറിന്റെ നഗ്നദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പാട്ടിലെ ദൃശ്യങ്ങൾ മോർഫ് ചെയ്ത്, എ.ഐ. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോ പ്രചരിച്ചത് വൻവിവാദത്തിനാണ് കാരണമായത്.

Content Highlights: Actress Janhvi Kapoor broke her silence on the viral AI-generated deepfake video from her Devara: Part 1 song Chuttamalle, calling the violation deep and unacceptable while thanking Jr NTR, Chiranjeevi, Vijay Deverakonda, and Khushbu Sundar for standing by her.