ജനനായകൻ റിലീസ് വൈകൽ; ഇടപെട്ട് മുഖ്യമന്ത്രി വിജയ്, കാനിൽ നിന്ന് തിരികെയെത്താൻ നിർമാതാവിന് നിർദേശം

ജനനായകൻ എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ ഇടപെട്ട് ചിത്രത്തിലെ നായകനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്. കാൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയ ജനനായകന്റെ നിർമാതാവ് കെവിഎൻ പ്രൊഡക്ഷൻസിന്റെ വെങ്കട് കെ. നാരായണയോട് ഉടൻ ചെന്നൈയിൽ തിരിച്ചെത്താൻ വിജയ് നിർദേശം നൽകിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അന്തിമ നടപടികളിൽ നേരിട്ട് ഇടപെടാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് നിർമാതാവിനോട് തിരികെയെത്താൻ പറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് പൊങ്കൽ റിലീസായി പുറത്തിറക്കാനിരുന്ന ചിത്രം സെൻസർബോർഡ് ഇടപെടലുകളെ തുടർന്ന് വൈകുകയായിരുന്നു. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ് ഒടുവിൽ അഭിനയിച്ച ചിത്രമാണ് ജനനായകൻ. 500 കോടി രൂപ ചെലവാക്കി ബിഗ്ബജറ്റിലൊരുങ്ങിയ ചിത്രമാണിത്. ചിത്രത്തിന്റെ റിലീസ് വൈകിയതിന് പുറമെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതും കനത്ത തിരിച്ചടിയായിരുന്നു.
രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ജനനായകന്റെ കഥാപരിസരവും സന്ദേശവും തിരഞ്ഞെടുപ്പ് കാലത്ത് ചെലുത്തിയേക്കാവുന്ന സ്വാധീനത്തിൽ ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടായിരുന്നതായി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇതിന്റെ ഫലമായാണ് ചിത്രം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയത്. എന്നാൽ ഈ നടപടികൾ മന്ദഗതിയിലായി.
ചിത്രംപുറത്തിറങ്ങിയില്ലെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വിജയ്ക്ക് ഗുണം ചെയ്തുവെന്ന വിലയിരുത്തലുമുണ്ട്.
Content Highlights: Tamil Nadu CM and actor Vijay has reportedly directed the producer of his final film Jananayakan to return from the Cannes Film Festival immediately to finalize the movie's delayed release.