‘ജനനായക’ന്റെ ചോർച്ച; ചിത്രത്തിന്റെ എഡിറ്ററെ സസ്‌പെൻഡ് ചെയ്ത് എഡിറ്റേഴ്‌സ് അസോസിയേഷൻ

#Movies desk
വിജയ്‌ക്കൊപ്പം പ്രദീപ്, ചിത്രത്തിന്റെ പോസ്റ്റര്‍| Photo: Instagram/pradeeperagav
വിജയ്‌ക്കൊപ്പം പ്രദീപ്, ചിത്രത്തിന്റെ പോസ്റ്റര്‍| Photo: Instagram/pradeeperagav

സംവിധായകൻ എച്ച്. വിനോദ് സംവിധാനംചെയ്ത നടൻ വിജയ്‌യുടെ ചിത്രമായ ജനനായകന്റെ എച്ച്ഡി പ്രിന്റ് സിബിഎഫ്സി സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് മുമ്പ് തന്നെ ഓൺലൈനിൽ ചോർന്നത് വൻ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ താത്ക്കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷൻ (SIFEA). പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

പ്രദീപിനെ അസോസിയേഷനിൽ നിന്ന് 'താത്ക്കാലികമായി സസ്‌പെൻഡ് ചെയ്തതായി' പത്രക്കുറിപ്പിൽ പറയുന്നു. 'പ്രദീപ് ഇ രാഘവ്, ജനനായകൻ ഉൾപ്പെടെ താൻ ജോലി ചെയ്യുന്ന എല്ലാ ചിത്രങ്ങളിലും സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷൻ അംഗങ്ങളല്ലാത്തവരെ സഹായികളായി നിയമിച്ചിരുന്നുവെന്നും ഇതുവഴി അസോസിയേഷന്റെ നിയമങ്ങൾ തുടർച്ചയായി ലംഘിച്ചുവെന്നും അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രവൃത്തി അസോസിയേഷന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്', പത്രക്കുറിപ്പിൽ വിശദമാക്കുന്നു.

ചിത്രം ചോർന്നതിന് പ്രദീപ് നേരിട്ട് ഉത്തരവാദിയല്ലെങ്കിലും, അദ്ദേഹത്തിന്റെ അശ്രദ്ധ കാരണമാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്നും അസോസിയേഷൻ വ്യക്തമാക്കി.

'ജനനായകൻ നിയമവിരുദ്ധമായി ഇന്റർനെറ്റിൽ റിലീസ് ചെയ്തതിന് പ്രദീപ് ഇ രാഘവ് നേരിട്ട് ഉത്തരവാദിയല്ലെങ്കിലും, തന്റെ അശ്രദ്ധയാണ് ഇതിന് കാരണം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യം തുടർന്നാൽ, സിനിമാ വ്യവസായംതന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട്. ഇത്തരം അഭികാമ്യമല്ലാത്ത സംഭവങ്ങൾ ഭാവിയിൽ സംഭവിക്കുന്നത് തടയേണ്ടത് അസോസിയേഷന്റെ കടമയാണ്,' കുറിപ്പിൽ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ഏപ്രിൽ 17-ന് ഒരു അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നടന്നിരുന്നു. ഇതിൽ പ്രമുഖ ഫിലിം എഡിറ്റർമാരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സസ്‌പെൻഷൻ കാലയളവിൽ, അസോസിയേഷൻ പ്രദീപ് ഇ രാഘവിന് യാതൊരു സഹായവും നൽകുകയില്ലെന്നും കൂടാതെ, സഹോദര സംഘടനകളോട് ഈ പ്രഖ്യാപനത്തെ പൂർണമായി പിന്തുണയ്ക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

എഡിറ്റേഴ്‌സ് അസോസിയേഷൻ മുമ്പ് പറഞ്ഞത് 
ഈ മാസം ആദ്യം ചെന്നൈയിൽ SIFEA പ്രസിഡന്റ് വി. ഗോപികൃഷ്ണനും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (FEFSI) പ്രസിഡന്റ് ആർകെ സെൽവമണിയും നടത്തിയ വാർത്താ സമ്മേളനത്തിൽ, ജനനായകന്റെ ചോർച്ചയിൽ പ്രദീപിന് പങ്കില്ലെന്ന് പറഞ്ഞിരുന്നു. ജനനായകന്റെ ചോർച്ചയിൽ ഒരു എഡിറ്ററുടെയും പങ്കില്ലെന്നാണ് ഗോപി അറിയിച്ചിരുന്നത്. 'എഡിറ്റർമാർ ഒരിക്കലും ഇത്തരം പ്രവർത്തി ചെയ്യില്ല' എന്ന് അദ്ദേഹം പ്രസ്താവിക്കുകയും വിഷയത്തിൽ 'തങ്ങളുടെ ടീം ഇതിനകം ഒരു ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു' എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഈ കേസിൽ പ്രധാനപ്രതി എന്ന് സംശയിക്കുന്ന ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ ഒൻപത് പേരെ ചെന്നൈ പോലീസ് സൈബർ ടീം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു ചിത്രത്തിന്റെ എഡിറ്റിങ് സ്റ്റുഡിയോയിൽ ജോലി ചെയ്യുകയായിരുന്ന എഡിറ്റർക്ക് ജനനായകന്റെ ഫൂട്ടേജ് ലഭിക്കുകയും അത് ചോർത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.

Content Highlights: Editor Pradeep E Raghav suspended by SIFEA following the Jananayakan movie leak., The suspension is due to negligence and violation of association rules regarding non-member assistants., Pradeep E Raghav admitted to negligence despite not being directly responsible for the illegal release.