സൂര്യയുടെ ‘കറുപ്പി’ന് പിന്നാലെ വിജയ്‌യുടെ ‘ജനനായകനി’ലും വെട്ടിമാറ്റി; നിരാശ പങ്കുവെച്ച് നടി ആനന്ദി

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിൽ താൻ അഭിനയിച്ച ഭാഗങ്ങൾ പൂർണമായും ഒഴിവാക്കിയതിൽ നിരാശ പങ്കുവെച്ച് നടി ആനന്ദി അജയ്. ചിത്രം തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് താരം തന്റെ വിഷമം വ്യക്തമാക്കിയത്.
വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കരഞ്ഞുകൊണ്ടാണ് ആനന്ദി തനിക്കുണ്ടായ അനുഭവം വിവരിച്ചത്. ഒരുവർഷത്തോളമായി ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. സ്‌ക്രീനിൽ തന്നെ കാണാനായി ഏറെ ആഗ്രഹിച്ചിരുന്നുവെന്നും താരം പറഞ്ഞു.
'ഞാൻ ഇതുവരെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, അതിൽ പലതിലും എന്റെ രംഗങ്ങൾ വെട്ടിമാറ്റപ്പെട്ടിട്ടുമുണ്ട്. എന്നാൽ അതിലൊന്നും ഞാൻ ഇതുവരെ സങ്കടപ്പെടുകയോ നിരാശപ്പെടുകയോ ചെയ്തിട്ടില്ല. പക്ഷേ 'ജനനായകനിൽ' ഞാൻ അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കിയത് എന്നെ ഏറെ വിഷമിപ്പിച്ചു. അഭിനയരംഗത്തേക്കുള്ള എന്റെ തിരിച്ചുവരവിൽ ഞാൻ ആദ്യം കരാറിലെത്തിയ ചിത്രമായിരുന്നു ഇത്. വിജയ് സാറിനൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞ ചിത്രത്തിന്റെ റിലീസിനായി ഒരുവർഷത്തിലേറെയായി ഞാൻ കാത്തിരിക്കുകയായിരുന്നു,' ആനന്ദി പറഞ്ഞു.
ചിത്രം വളരെ മികച്ചതാണെന്നും എല്ലാവരും തിയേറ്ററുകളിൽ പോയി കാണണമെന്നും നടി അഭ്യർത്ഥിച്ചു. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകുന്ന ചിത്രമാണിത്. വിജയ് ഇനിയും സിനിമകൾ ചെയ്യുകയാണെങ്കിൽ വീണ്ടും ഒപ്പം അഭിനയിക്കാൻ ശ്രമിക്കാമായിരുന്നു. എന്നാൽ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്നും താരം കൂട്ടിച്ചേർത്തു.
ദളപതിക്കൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ സിനിമയിലുണ്ടാകുമെന്ന വലിയ സന്തോഷത്തോടെയാണ് തിയേറ്ററിൽ പോയത്. എന്നാൽ ആ രംഗങ്ങൾ പൂർണമായും ഒഴിവാക്കപ്പെട്ടു. അത് വലിയ നിർഭാഗ്യമായി തോന്നുന്നുവെന്നും കരഞ്ഞുകൊണ്ട് ആനന്ദി പറഞ്ഞു.
നേരത്തെ 'കറുപ്പ്' എന്ന ചിത്രത്തിൽ നടൻ ഇന്ദ്രൻസിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അതിലെ തന്റെ രംഗങ്ങളും വെട്ടിമാറ്റിയ കാര്യം ആനന്ദി വ്യക്തമാക്കിയിരുന്നു. എങ്കിലും സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് താരം കുറിച്ചിരുന്നു.
തമിഴ് ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധേയയായ നടിയാണ് ആനന്ദി അജയ്. 'കാർത്തികൈ പെൺകൾ', 'യമുന', 'കനാ കാണും കാലങ്ങൾ', 'കല്ലിക്കാട്ടു പള്ളിക്കൂടം' തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നർത്തകി കൂടിയായ ആനന്ദി 'ഡാൻസ് ജോഡി ഡാൻസ് 3.0', 'ജോഡി നമ്പർ വൺ' എന്നീ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ 'ജനനായകൻ' നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് ആറുമാസത്തോളം വൈകിയ ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം ആഗോളതലത്തിൽ 80 കോടി രൂപ ചിത്രം സ്വന്തമാക്കി.
Content Highlights: Popular Tamil actress and dancer Anandhi Ajay expressed deep emotional distress after all her scenes were cut from Vijay's latest movie, 'Jana Nayagan'. In a weeping Instagram video, Anandhi mentioned that she had been eagerly waiting for over a year to see herself alongside Vijay in what is expected to be his final film. This marks the second recent setback for the actress, as her scenes were previously deleted from the Suriya-starrer film 'Karuppu'. Despite her intense disappointment over the edit, Anandhi urged fans to watch the movie in theaters, praising its message of women empowerment and strong narrative. Meanwhile, 'Jana Nayagan' successfully opened in theaters to packed houses, grossing ₹80 crore globally on its first day following months of censor delays