'നീ നടന്മാരുമായി ഒന്ന് ഫ്രണ്ട്ലി ആവണമെന്ന് പറഞ്ഞു'; കാസ്റ്റിങ് കൗച്ച് അനുഭവമുണ്ടെന്ന് ഇഷാ കോപ്പിക്കർ

ഇഷാ കോപ്പിക്കർ | ഫോട്ടോ: www.facebook.com/ishakoppikar1
ഇഷാ കോപ്പിക്കർ | ഫോട്ടോ: www.facebook.com/ishakoppikar1

കാസ്റ്റിങ് കൗച്ച് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഇഷാ കോപ്പിക്കർ. സിദ്ധാർത്ഥ് കണ്ണനുമൊത്തുള്ള അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. 18-ാം വയസിലും 22-ാം വയസിലും തനിക്ക് ഇൻഡസ്ട്രിയിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് ഇഷ പറഞ്ഞു. അതിലുൾപ്പെട്ടയാൾ ഒരു മുൻനിര നടനായിരുന്നെന്നും അവർ വെളിപ്പെടുത്തി.

ഡ്രൈവറോ സഹായികളോ ഇല്ലാതെ ഒറ്റയ്ക്ക് തന്നെ വന്നുകാണണമെന്ന് ഒരു നടൻ ആവശ്യപ്പെട്ടതായി ഇഷാ കോപ്പിക്കർ പറഞ്ഞു. മറ്റുചില നടിമാരുമായി ചേർത്ത് അദ്ദേഹത്തിന്റെ പേര് കേൾക്കുന്ന സമയമായിരുന്നു അത്. തന്നെക്കുറിച്ചും ചില വിവാദങ്ങൾ അപ്പോൾ ഉയർന്നിരുന്നു. അതുകൊണ്ട് ഒറ്റയ്ക്ക് വരാനാവില്ലെന്ന് താൻ മറുപടി കൊടുത്തു. അയാൾ ഒരു മുൻനിര ഹിന്ദി ചലച്ചിത്ര നടനായിരുന്നുവെന്നും ഈ സംഭവം നടക്കുമ്പോൾ തനിക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇഷ ഓർത്തെടുത്തു.

“എനിക്ക് പതിനെട്ടുവയസുള്ളപ്പോൾ ഒരു നടനും സെക്രട്ടറിയും എന്നെ സമീപിച്ചു. അവസരങ്ങൾ കിട്ടണമെങ്കിൽ നടന്മാരോട് കുറച്ച് സൗഹാർദപരമായി പെരുമാറണം എന്ന് അവർ പറഞ്ഞു. ഞാനെല്ലാവരോടും ഫ്രണ്ട്ലി ആണ്. പക്ഷേ അവരുദ്ദേശിച്ച ഫ്രണ്ട്ലി എന്താണെന്ന് എനിക്കുമനസിലായില്ല. ഏക്താ കപൂറാണ് എന്നോട് കുറച്ച് ആറ്റിറ്റ്യൂഡ് ഇട്ടുനിൽക്കാൻ പറഞ്ഞത്.” ഇഷ കൂട്ടിച്ചേർത്തു.

1998-ൽ ഏക് ഥാ ദിൽ ഏക് ഥാ ധഡ്കൻ എന്ന ചിത്രത്തിലൂടെയാണ് ഇഷ ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. തുടർന്ന് ഫിസ, പ്യാർ ഇഷ്ഖ് ഔർ മൊഹബത്ത്, കമ്പനി, കാൺടേ, പിൻജാർ, ദിൽ കാ റിഷ്താ തുടങ്ങിയവയാണ് ഇഷയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. ഈയിടെ ശിവ കാർത്തികേയൻ നായകനായ അയലാൻ എന്ന ചിത്രത്തിൽ നെ​ഗറ്റീവ് റോളിലും ഇഷ എത്തിയിരുന്നു.

Content Highlights: Isha Koppikar shared the horrific account of a casting couch incident