ഒറ്റയ്ക്ക് കാണാൻ ക്ഷണിച്ചു, പ്രമുഖ ബോളിവുഡ് നടനെതിരെ ആരോപണവുമായി ഇഷാ കോപികർ

ചലച്ചിത്രലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖനായ ഒരു നടനെതിരെ നടി ഇഷാ കോപികർ ഉന്നയിച്ച ആരോപണം. ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ട് നടൻ തന്നെ ക്ഷണിച്ചെന്നാണ് ഇഷ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം താനാകെ തകർന്നുപോയെന്നും നടി പറഞ്ഞു.
ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇഷ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പറഞ്ഞത്. 2000-ത്തിന്റെ പകുതിയോടെയാണ് സംഭവം നടന്നത്. പ്രശസ്തനായ ഒരു നിർമാതാവ് വിളിച്ചു. ആ സമയത്ത് ചെയ്യാനിരുന്ന സിനിമയുടെ നായകന്റെ ഗുഡ് ലിസ്റ്റിൽ എന്റെ പേരുണ്ടെന്നാണ് നിർമാതാവ് പറഞ്ഞത്. എന്താണതുകൊണ്ട് അദ്ദേഹം അർത്ഥമാക്കിയതെന്ന് എനിക്ക് മനസിലായില്ല. ഞാനുടനെ തന്നെ നായകനെ വിളിച്ചു. അപ്പോഴാണ് ഒറ്റയ്ക്ക് അവിടേക്ക് ചെല്ലണമെന്ന് അയാൾ ആവശ്യപ്പെട്ടത്. നിർമാതാവിനെ ഉടനെ തന്നെ വിളിച്ച് ഞാനാ സിനിമയിൽ നിന്ന് ഒഴിവാകുകയായിരുന്നു. ഇഷ പറഞ്ഞു.
ആ സംഭവത്തിന് ശേഷം താനാകെ തകർന്നുപോയെന്ന് ഇഷ കൂട്ടിച്ചേർത്തു. കഴിവിലാണ് കാര്യമെന്നാണ് താൻ കരുതുന്നത്. പക്ഷേ ഇവിടെ സംഭവിക്കുന്നത് ഹീറോയുടെ ഗുഡ് ബുക്കിൽ കയറുന്നതിലാണ് കാര്യമെന്നതിലാണ്. ഗുഡ് ബുക്ക് എന്നുപറയുന്നത് ഇതാണ്. എല്ലാവർക്കും ഒരു തുടക്കവും പ്രാധാന്യവുമുണ്ടെന്നാണ് തനിക്ക് തോന്നുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ജീവിതമാണ് ജോലിയേക്കാൾ വലുതെന്നും ഇഷ പറഞ്ഞു.
1998-ൽ പുറത്തിറങ്ങിയ ഏക് ഥാ ദിൽ ഏക് ഥി ധഡ്കൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇഷ ബിഗ് സ്ക്രീനിൽ അരങ്ങേറുന്നത്. അതേ വർഷം ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ തെലുങ്കിലും കാതൽ കവിതൈയിലൂടെ തമിഴിലുമെത്തി. തമിഴിൽ വിജയ് യുടെ നായികയായെത്തിയ നെഞ്ചിനിലേ വൻ ഹിറ്റായിരുന്നു. അരവിന്ദ് സ്വാമിക്കൊപ്പമുള്ള എൻ ശ്വാസക്കാറ്റേയും ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ്-ഹിന്ദി വെബ്സീരീസായ ദഹനത്തിലാണ് ഇഷ ഒടുവിൽ അഭിനയിച്ചത്.
Content Highlights: Isha Koppikar against bollywood actor, Isha Koppikar movies, Isha Koppikar in tamil movies