അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കൊച്ചി മേയറുടെ ക്ഷണം

എം. അനില്‍കുമാര്‍
എം. അനില്‍കുമാര്‍

കൊച്ചി: കേരള രാജ്യാന്തര ചലച്ചിത്ര മേളയെ കൊച്ചിയിലേക്ക് ക്ഷണിച്ച് മേയർ. ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ മേളയുടെ സംഘാടകർക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചത്. ഉദ്ഘാടന ചടങ്ങില്‍ നിന്നും മേളയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നവര്‍ വരും കാലങ്ങളില്‍ മേളയുടെ നടത്തിപ്പുകാരാകുമെന്നും, അവരുടെ അഭാവത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എറണാകുളം നഗരസഭാ പരിധിയിലുള്ള സരിത, സവിത, സംഗീത, കവിത, പത്മ, ശ്രീധര്‍ എന്നീ തീയേറ്ററുകളിലാണ് മേള നടക്കുന്നത്. 1998ല്‍ ചലച്ചിത്ര അക്കാഡമിക്ക് രൂപം നല്‍കിയതിന് ശേഷമുള്ള ആദ്യമേള കൊച്ചിയിലാണ് നടന്നത്. പിന്നീടിപ്പോഴാണ് മേള തിരികെ കൊച്ചിയില്‍ എത്തുന്നത് എന്നതും കൊച്ചി പതിപ്പിനെ ഏറെ ശ്രദ്ധേയമാക്കുന്നു.

അക്കാദമി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍, ഒപ്പം സിനിമാ പ്രേമികളായ നിരവധിപേരും ചടങ്ങില്‍ പങ്കെടുത്തു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മേളയുടെ ഉദ്ഘാടനം.

Content Highlights: International Film Festival Of Kerala, IFFK , Mayor Invites Film Lovers to Kochi Edition

Content Highlights: