ഒ.ടി.ടി റിലീസുകൾക്കും സെൻസർഷിപ്പ് ഏർപ്പെടുത്താൻ കേന്ദ്രം; നീക്കം സത്‌ലജ് വിവാദത്തിനിടെ

#Movies Desk
പ്രതീകാത്മക ചിത്രം | Photo: Canva, X/ Bhairav Ahlawat
പ്രതീകാത്മക ചിത്രം | Photo: Canva, X/ Bhairav Ahlawat

നേരിട്ട് ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്കും സെൻസർബോർഡിന്റെ അനുമതി നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ. ദിൽജിത്ത് ദൊസാഞ്ജ് നായകനായ ഹണി ടെഹ്‌റാൻ ചിത്രം 'സത്‌ലജ്' ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നീക്കം. തിയേറ്റർ റിലീസുകൾക്ക് പുറമെ, ഒ.ടി.ടി. വഴി നേരിട്ട് പൊതുപ്രദർശനത്തിന് എത്തുന്ന ചിത്രങ്ങൾക്കും സെൻസറിങ് ബാധകമാക്കാനാണ് പുതിയ നീക്കം.

ദൃശ്യാസ്വാദനം പരമ്പരാഗത രീതികളിൽ നിന്ന് മാറി ഒ.ടി.ടി. ഉൾപ്പെടെയുള്ള ഡിജിറ്റൽ മാധ്യമങ്ങളിലേക്ക് വ്യാപകമായി മാറുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിവരങ്ങളിൽ ആവശ്യമായ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള നീക്കം ആരംഭിച്ചതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉന്നതരെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിനായി ഐ.ടി. ആക്ടിൽ ഭേദഗതി കൊണ്ടുവരും.

സിഖ് മനുഷ്യാവകാശപ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതം പറയുന്ന സത്‌ലജ് പഞ്ചാബിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രം ഒ.ടി.ടിയിൽ പുറത്തിറങ്ങി രണ്ടു ദിവസത്തിനകം പിൻവലിക്കപ്പെട്ടു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് കേന്ദ്രം ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്.

നാലുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ രണ്ടു തവണ പേരുമാറ്റിയാണ് സത്ലജ് പ്രദർശനത്തിനെത്തിയത്. 2022-ൽ ഗല്ലുഘര എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചത്. കൂട്ടക്കൊലയെ വിശേഷിപ്പിക്കാൻ സിഖുകാർ ഉപയോഗിക്കുന്ന വാക്കാണിത്. ചിത്രീകരണം പൂർത്തിയാക്കി നവംബറിൽ സെൻസർ ബോർഡിനു മുന്നിലെത്തിയ ചിത്രത്തിന് 21 കട്ടും പഞ്ചാബ് 95 എന്ന പുതിയ പേരും നിർദേശിക്കപ്പെട്ടു.

ബോർഡിന്റെ കട്ടുകൾക്കെതിരെ നിർമാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കോടതി റിവിഷൻ കമ്മിറ്റിക്കു വിട്ടു. കമ്മിറ്റി 21-നു പകരം 120 കട്ടുകൾ നിർദേശിച്ചു. നാലുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സത്‌ലജ് എന്ന പുതിയ പേരിൽ സിനിമ സീ 5-ൽ റിലീസ് ചെയ്തു. സെൻസർ ബോർഡിന്റെ പരിഗണനയിലിരിക്കെ അനുമതിയില്ലാതെ, പേരുമാറ്റി ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്കേർപ്പെടുത്തിയത്.

Content Highlights: Government plans to mandate Censor Board certification for direct-to-OTT releases. Proposed amendments to the IT Act to regulate digital content. Move triggered by the political controversy surrounding the film 'Satluj'. Concerns over national security and digital content screening processes