പാകിസ്താനെ വിശ്വസിക്കാനാവില്ല, തീവ്രവാദം സ്പോൺസർ ചെയ്യുന്നു; ചർച്ചയായി ‘ഇക്കിസി’ലെ ഡിസ്ക്ലെയിമർ

നടൻ ധർമേന്ദ്ര അഭിനയിച്ച അവസാനചിത്രമാണ് 'ഇക്കിസ്'. ശ്രീറാം രാഘവനാണ് വാർ ഡ്രാമ ജോണറിൽപ്പെട്ട ‘ഇക്കിസി’ന്റെ സംവിധായകൻ. അമിതാഭ് ബച്ചന്റെ കൊച്ചുമകനായ അഗസ്ത്യ നന്ദ, അക്ഷയ് കുമാറിന്റെ അനന്തരവളായ സിമർ ഭാട്ടിയ, ജയ്ദീപ് അഹ്ലാവത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു.
‘ഇക്കിസ്’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ സമയത്തുതന്നെയാണ് രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ പുതിയ പതിപ്പും തിയേറ്ററുകളിലെത്തിയത്. ഇന്ത്യൻ സൈന്യവും പാകിസ്താനും വിഷയമാക്കി ഒരുക്കിയ ചിത്രങ്ങളായതിനാൽ, ഇരുചിത്രങ്ങളെയും പ്രേക്ഷകർ താരതമ്യം ചെയ്യാൻ ആരംഭിച്ചു.
അതിനിടെ, ‘ഇക്കിസ്’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ഡിസ്ക്ലെയിമർ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുകയാണ്.
'പാകിസ്താൻ ബ്രിഗേഡിയർ കെ.എം. സിസറിൻ്റെ മാനുഷികമായ പെരുമാറ്റം ഒരു അപൂർവ സംഭവമാണ്. സാധാരണയായി, നമ്മുടെ അയൽരാജ്യത്തെ വിശ്വസിക്കാൻ കഴിയില്ല. യുദ്ധകാലത്തും അല്ലാത്തപ്പോഴും പാക് സൈന്യം നമ്മുടെ സൈനികരോടും പൗരന്മാരോടും ക്രൂരമായി പെരുമാറിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളെ സ്പോൺസർ ചെയ്യുന്ന ഒരു രാജ്യമാണ് പാകിസ്താൻ എന്നതിനാൽ നാം എപ്പോഴും ജാഗ്രതയോടെയിരിക്കണം.' ഡിസ്ക്ലെയിമറിൽ പറയുന്നു.
അതേസമയം, ബോക്സ് ഓഫീസിൽ അഭൂതപൂർവമായ വിജയം നേടി ‘ധുരന്ധർ’ മുന്നേറുകയാണ്. ചിത്രം 31 ദിവസങ്ങൾ കൊണ്ട് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് 1200 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. കന്നഡ സൂപ്പർഹിറ്റ് ചിത്രമായ കെ.ജി.എഫ് 2-ന്റെ റെക്കോർഡാണ് ‘ധുരന്ധർ’ മറികടന്നത്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ സിനിമയായി മാറിയ ‘ധുരന്ധർ’ നിലവിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.
Content Highlights: Examining "Ikkis" and "Dhurandhar": Shared Themes and a Controversial "Ikkis" Disclaimer