നാല് ഡെബ്യു അവാര്‍ഡുകളുമായി ഐഎഫ്എഫ്ടി

തൃശ്ശൂരിൽ എട്ടു ദിവസങ്ങളിലായി അരങ്ങേറിയ ഐഎഫ്എഫ്ടി (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് തൃശ്ശൂര്‍) വ്യത്യസ്തമായത് നവാഗതര്‍ക്കുള്ള നാല് അവാര്‍ഡുകള്‍ നല്‍കിക്കൊണ്ടാണ്. ചലച്ചിത്രോത്സവങ്ങളില്‍ സാധാരണ ഒരു ഡെബ്യു അവാര്‍ഡാണ് നല്‍കാറുള്ളത്. സംവിധായകനും ചിത്രത്തിനും. ഐഎഫ്എഫ്ടി രാജ്യാന്തര ചലച്ചിത്രോത്സവങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കുകയാണ്. രവികൃഷ്ണ, ശ്രീ എന്നീ തീയേറ്ററുകളിലായി നടന്ന ഐഎഫ്എഫ്ടിയുടെ 20-ാം എഡിഷനോടുകൂടിയാണ് ഡെബ്യു അവാര്‍ഡുകള്‍ നാലായത്. കഴിഞ്ഞ തവണ രണ്ട് അവാര്‍ഡുകളായിരുന്നു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏറ്റവും കൂടുതല്‍ നവാഗത സംവിധായകര്‍ രംഗപ്രവേശനം ചെയ്യുന്ന കാലത്ത് കൂടുതല്‍ പുരസ്കാരങ്ങളുമായി ഐഎഫ്എഫ്ടി നവാഗതര്‍ക്ക് സ്വാഗതമരുളുന്നു.
ഇത്തവണത്തെ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട 128 പടങ്ങളില്‍ 53 ചിത്രങ്ങള്‍ നവാഗത സംവിധായകരുടേതായിരുന്നു. തമിഴില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ട്രെന്‍ഡ് ഇന്ന് മലയാള സിനിമയിലാണ് ഏറെ സജീവവും സമ്പന്നവുമായി കാണുന്നത്. സംവിധാനരംഗത്ത് മാത്രമല്ല സിനിമയുടെ സമസ്ത മേഖലകളിലും നവാഗതരുടെ സാന്നിധ്യം പ്രകടമാകുന്ന കാലമാണിത്. പുതിയ താരങ്ങള്‍ ഉദയംകൊള്ളുന്ന പോലെ സാങ്കേതിക രംഗത്തും നവാഗതരെത്തുന്നു. അവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നില്ല എന്നു മാത്രമല്ല, നിര്‍മാതാക്കള്‍ നവാഗതരെ സ്വീകരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഇതിന്റെ പ്രതിഫലനമാണ് ഐഎഫ്എഫ്ടിയില് കാണാനായത്.
രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ച തൃശ്ശൂര്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രഥമ പതിപ്പിന് സാക്ഷിയായവരില്‍ പലരും മണ്‍മറഞ്ഞുപോയെങ്കിലും അവരുടെ പേര് അവാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അവര്‍ക്കുള്ള ആദരം അര്‍പ്പിക്കുന്നു. ഏഷ്യന്‍ സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും മികച്ച സംഭാവനകള്‍ നല്കിയ അരുണ വാസുദേവ്, മലയാള സിനിമയെ ലോകനിലവാരത്തിലെത്തിച്ച ഷാജി എന്‍. കരുണ്‍ എന്നിവരുടെ പേരിലെ മികച്ച പ്രഥമ ഏഷ്യന്‍ ഫിലിം, ഏഷ്യന്‍ നവാഗത സംവിധായകന് എന്നീ പുരസ്കാരങ്ങള്‍ക്കൊപ്പം മികച്ച പ്രഥമ ഇന്ത്യന്‍ ചിത്രത്തിന് ഡൊറോത്തി മച്ചിങ്ങലിന്റെ പേരിലും മികച്ച പ്രഥമ മലയാള സിനിമക്കുള്ള പുരസ്കാരം രവീന്ദ്രന് നായരുടെ പേരിലുമാണ് (അച്ചാണി രവി) നല്‍കിയത്. വിവധ തുറകളില്‍ ഏറ്റവും മികച്ച സംഭാവനകള്‍ സിനിമക്ക് നല്‍കിയവരുടെ ഓര്‍മക്കായി അവരുടെ പേരിലാണ് അവാര്‍ഡുകള്‍ എന്നത് ശ്രദ്ധേയം തന്നെ. മറ്റു ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ഭിന്നമാണ് വ്യക്തികളുടെ പേരിലെ പുരസ്കാരങ്ങള്‍.
ഒരു വേദിയില്‍ നാല് ചിത്രങ്ങള്‍ എന്ന നിലയ്ക്കാണ് ഇരു സ്ക്രീനുകളിലായി എട്ടു ദിവസങ്ങളില്‍ വിവിധ രാജ്യങ്ങള്‍, ഭാഷകള്‍, വന്‍കരകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പടങ്ങളുടെ പ്രദര്‍ശനം നടന്നത്. അതിനൊപ്പം ഓരോ ദിവസവും സന്ധ്യയ്ക്ക് 'ഓപ്പണ്‍ ഫോറം' സമ്പന്നമായി. ലോക ചലച്ചിത്രമേളയില്‍ സമ്മാനിതങ്ങളായ ചിത്രങ്ങളുടെ പ്രദര്‍ശനം ഡെലിഗേറ്റുകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കിയത്. ലോകസിനിമ പടിവാതിലില്‍ മുട്ടിവിളിച്ച പ്രതീതിയാണ് ആസ്വാദകര്‍ക്ക് കൈവന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ നിരവധി വര്‍ഷങ്ങള്‍ ജോലിചെയ്ത് വിരമിച്ച, അനുഭവസമ്പന്നനായ ഗോപീകൃഷ്ണനാണ് ചിത്രങ്ങളേയും സംവിധായകരേയും സദസ്സിന് പരിചയപ്പെടുത്തിയത്. മേളയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ചെറിയാന് ജോസഫ് മേളയുടെ ചുക്കാന്‍ പിടിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും കേരള ചലച്ചിത്രോത്സവത്തിലും ഓരോ ഡെബ്യൂ അവാര്‍ഡുകള്‍ മാത്രം നല്കപ്പെടുമ്പോള് ഐഎഫ്എഫ്ടി നല്കുന്ന നാല് പ്രഥമ സിനിമാ പുരസ്കാരങ്ങള്‍ നവാഗതര്‍ക്ക് വലിയ ആവേശം പകരുന്നു. ഏഷ്യന്‍ സിനിമയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് ഒരു രാജ്യാന്തര പുരസ്കാരം.
മൂന്നുസംവിധായകരുടേതടക്കം ഒന്‍പതു ചിത്രങ്ങള്‍ മികച്ച പ്രഥമ ഏഷ്യന്‍ ചിത്രത്തിനും നവാഗത സംവിധായകനുമായി മത്സരിച്ചു. വിയറ്റ്നാം, ദക്ഷിണ കൊറിയ, ഇറാന്, ഇന്ത്യ, ഇൻഡൊനീഷ്യ, ഭൂട്ടാന്, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മത്സരിച്ചതില്‍ മികച്ച ചിത്രമായി ജൂറി തിരഞ്ഞെടുത്തത് കുല നെവര്‍ ക്രൈസ് എന്ന വിയറ്റ്നമീസ് പടമാണ്. സംവിധായകന് ഫാം ദ്യോംഗ് ലാനിന്റെ പടം ഓര്‍മകള്‍ക്കൊപ്പം ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന പുതുമയുള്ള അവതരണത്തിന്റെ സാഫല്യമാണ്. ഹൃദയസ്പര്‍ശിയായ അവതരണത്താല്‍ ശ്രദ്ധേയമായ ദൃശ്യങ്ങള്‍ പ്രേക്ഷകന് പുതിയ പാഠങ്ങള്‍ നല്കുന്നു. ഓരോ ഷോട്ടും സീനും മിതത്വം പാലിച്ചുകൊണ്ട് രൂപകല്പന ചെയ്തവയാണ്. മികച്ച നവാഗത സംവിധായകനായി ടെയ്ല് ഓഫ് ദ ലാന്റ് എന്ന ചിത്രത്തിലൂടെ ഇൻഡൊനീഷ്യയില്‍ നിന്നുള്ള ലാ ഹെദ്ര കൊമാര തിരഞ്ഞടുത്തു. ദ സമ്മര്‍ ദാറ്റ് സ്നോസ് (ഇറാന്), വിക്ടോറിയ (ഇന്ത്യ) എന്നീ പടങ്ങള്‍ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
മികച്ച പ്രഥമ ഇന്ത്യന്‍ ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത് അഭിലാഷ് ശര്‍മ സംവിധാനം ചെയ്ത ഇന്‍ ദ നെയിം ഓഫ് ഫയര്‍ (സ്വാഹ) എന്ന സൃഷ്ടിയാണ്. സെക്കന്റ് ചാന്‍സിന് ജൂറിയുടെ പ്രത്യേക പുരസ്കാരവും എ ബോയ് ഹു ഡ്രീംഡ് ഓഫ് ഇലക്ട്രിസിറ്റി എന്ന പടത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. മികച്ച മലയാള നവാഗതചിത്രത്തിനുള്ള അവാര്‍ഡ് രണ്ട് പടങ്ങള്‍ പങ്കിട്ടു. പ്രളയശേഷം ഒരു ജലകന്യക (മനോജ് കുമാര്‍), ഫെമിനിച്ചി ഫാത്തിമ (ഫാസില്‍ മുഹമ്മദ്) എന്നിവ. ഗേള്ഫ്രണ്ടിന് (ശോഭന പടിഞ്ഞാറ്റില്‍) ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
ഐഎഫ്എഫ്ടി ചെയര്മാന് എം.പി. സുരേന്ദ്രനൊപ്പം ഡയറക്ടര്‍ ബീന നായര്‍, എക്സി. ഡയറക്ടര്‍ ചെറിയാന് ജോസഫ്, ആര്‍ടിസ്റ്റിക് ഡയറക്ടര്‍ ടി.എന്‍. ഗോപീകൃഷ്ണന്, സോയ ജോസഫ്, അജിത ടി.ജി, എ. രാധാകൃഷ്ണന് തുടങ്ങിയവരുടേയും അക്ഷീണ പ്രയത്നത്തിന്റെ സാഫല്യമാണ് ഐഎഫ്എഫ്ടിയുടെ വിജയം. വലിയ ഷെഡ്യൂള്‍ മാറ്റമില്ലാതെ സ്ക്രീനിങ്ങ് നടക്കുകയും പ്രേക്ഷക പങ്കാളിത്തത്തോടെയുള്ള ഓപ്പണ്‍ ഫോറവും ഐഎഫ്എഫ്ടിക്ക് പുതിയ മാനം നല്കി.
സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമ്മാനിച്ചത് അടൂര്‍ ഗോപാലകൃഷ്ണനാണ്. അര്‍ഥസമ്പന്നമായ ആര്‍ട്ട് ഹൗസ് ചിത്രങ്ങള്‍ക്കും മികച്ച ചലച്ചിത്രമേളകള്‍ക്കും ഗവണ്മെന്റ് സഹായം ലഭിക്കേണ്ടതിന്റെ ആവശ്യകത അടൂര്‍ ഊന്നിപ്പറഞ്ഞു. മനോജ് കുമാര്‍ (പ്രളയശേഷം ഒരു ജലകന്യക), ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ) എന്നിവര്‍ അടൂരില്‍നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് നിര്‍മിച്ച് ശിവരഞ്ജിനി സംവിധാനംചെയ്ത വിക്ടോറിയ എന്ന ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ജൂറി ചെയര്മാന്മാരായ ജഗ്ഗു എബ്രഹാം, യു. രാധാകൃഷ്ണന് (ഡോ. ബിജുവിന്റെ അഭാവത്തില്‍), കൃഷ്ണനുണ്ണി എന്നിവരും ഫെസ്റ്റിവല്‍ ചെയര്മാന് എം.പി. സുരേന്ദ്രനൊപ്പം പ്രേക്ഷകരെ അഭിസംബോധന ചെയ്തു. പ്രേക്ഷകര്‍ക്കിടയിലും വലിയ സ്വീകാര്യതകള്‍ നേടിയ അവാര്‍ഡുകളാണ് വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്യപ്പെട്ടത്.
Content Highlights: IFFT Thrissur celebrates emerging talent with four debut awards, a first for international film festivals. Discover award-winning films and rising filmmakers