ഐ.എഫ്.എഫ്.കെ. വേദി തിരുവനന്തപുരത്തുനിന്ന് മാറ്റുമോ?; മറുപടിയുമായി രവീന്ദ്രൻ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദി തിരുവനന്തപുരത്തുനിന്ന് മാറ്റില്ലെന്ന സൂചന നൽകി ചലച്ചിത്ര അക്കാദമി ചെയർമാനായി സ്ഥാനമേറ്റെടുത്ത നടൻ രവീന്ദ്രൻ. ഐ.എഫ്.എഫ്.കെ. വേദി തിരുവനന്തപുരത്തുനിന്ന് മാറ്റുന്നതിന് പകരം ഒന്നിലേറെ മേളകളുടെ സാധ്യത പരിശോധിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാദേശിക ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നതും അക്കാദമി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഐ.എഫ്.എഫ്.കെ. തിരുവനന്തപുരം എന്നത് ഒരു ബ്രാൻഡായി മാറിയിട്ടുണ്ട്. മാറ്റം തീരുമാനിക്കേണ്ടത് ഞാൻ മാത്രമല്ല. എനിക്ക് മുകളിലൊരു വകുപ്പും മന്ത്രിയുമുണ്ട്. രാഷ്ട്രീയവും പ്രാദേശികവുമായ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്', മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി രവീന്ദ്രൻ പറഞ്ഞു.
'ഐ.എഫ്.എഫ്.കെ. തിരുവനന്തപുരത്തിന് ഒരു പാറ്റേൺ ഉണ്ട്. മൂന്നാം ലോക രാജ്യങ്ങളുടെ മത്സരവിഭാഗ ചലച്ചിത്ര മേളയാണ് തിരുവനന്തപുരം ഐ.എഫ്.എഫ്.കെ. നാളെ അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ, അവർക്ക് തെറ്റിദ്ധരിക്കപ്പെടാം. തിരികെ ബ്രാൻഡ് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടി വരും', അദ്ദേഹം വ്യക്തമാക്കി.
'രണ്ടുമൂന്ന് ഫിലിം ഫെസ്റ്റുകൾ താങ്ങാനുള്ള ശക്തി കേരളത്തിനുണ്ട്. അതിനുള്ള വിൻഡോ ഉണ്ട്. സാധ്യതകൾ ചർച്ച ചെയ്യും. മറ്റൊരു രീതിയിൽ ബ്രാൻഡ് ചെയ്യാൻ പറ്റുന്ന മേളകളുടെ സാധ്യത കൂടി പരിഗണിക്കും. പ്രാദേശിക ചലച്ചിത്ര മേളകൾ സംഘടിപ്പിക്കാം. അതിനെയെല്ലാം അക്കാദമി പിന്തുണയ്ക്കുന്ന തരത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യും', രവീന്ദ്രൻ കൂട്ടിച്ചേർത്തു.
Content Highlights: Actor Ravindran took charge as the new Chalachitra Academy Chairman. Clarified that IFFK Thiruvananthapuram has become an established brand name. Stated that shifting the festival venue to another city is not ideal. Suggested exploring possibilities for conducting multiple or regional film festivals in Kerala. Noted that any final decision involves discussions with the government and cultural department.