IDSFFK: ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ചലച്ചിത്ര അക്കാദമി

#മൂവീസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

18-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാതിരുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തുനൽകി. ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമകൾക്ക് ഉൾപ്പെടെ പ്രദർശനാനുമതി ലഭിക്കാത്തത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന് കത്തിൽ വ്യക്തമാക്കി. മേളയിൽ പങ്കെടുക്കുന്ന ചലച്ചിത്രപ്രവർത്തകരും ജൂറി അംഗങ്ങളും ഇതിനകം തന്നെ യാത്രാക്രമീകരണങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞുവെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

അന്താരാഷ്ട്ര വിഭാഗത്തിലെ ചിത്രങ്ങൾ മേളയിൽ എത്തിക്കുന്നതിനായി വിതരണക്കമ്പനികൾക്ക് പ്രദർശനഫീസ് നൽകുകയും ചെയ്തിട്ടുള്ളതാണ്. അതിനാൽ പ്രദർശന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ പ്രസ്തുത ചിത്രങ്ങൾക്ക് സെൻസർ ഇളവ് അനുവദിക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങൾ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലെ ഒൻപതു ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ മൂന്നു ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ 31 ചിത്രങ്ങൾക്കാണ് പ്രദർശനാനുമതി കിട്ടാതെ പോയത്. 'ഗ്ലോബ്' എന്ന മലയാള ചിത്രവും ഇതിൽ ഉൾപ്പെടുന്നു.

Content Highlights: Kerala State Chalachitra Academy requested the Ministry of Information and Broadcasting to reconsider denying screening permission for 31 films at the 18th IDSFFK. The Academy stated that the decision affects the smooth execution of the festival scheduled from September 25 to 30 in Thiruvananthapuram. Delegates, filmmakers, and jury members have already completed their travel arrangements for the event. Screening fees have already been paid to distribution companies for films in the international segment. The denied list includes 18 officially selected films, 9 international non-fiction films, 3 festival winners, 1 Nepal package film, and the Malayalam movie 'Globe'.