അതിരുകളില്ലാത്ത കഥകൾ, അഹിംസയുടെ വെള്ളിത്തിര: ചലച്ചിത്രമേളയിൽ ഗാന്ധി മെഡലിനായി മത്സരിക്കുന്ന പത്ത് ചിത്രങ്ങൾ ഇതാ

#നന്ദു ശേഖര്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: അറേഞ്ച്ഡ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: അറേഞ്ച്ഡ്

ഗോവയിൽ നടക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐസിഎഫ്ടി-യുനെസ്കോ (ICFT-UNESCO) ഗാന്ധി മെഡലിനായി മത്സരിക്കുന്നത് പത്ത് ഇന്ത്യൻ, അന്താരാഷ്ട്ര ചിത്രങ്ങളാണ്. മേളയുടെ പ്രധാന പ്രമേയമായ ‘അതിരുകളില്ലാത്ത കഥകൾ’ എന്ന ആശയത്തിന് അനുയോജ്യമായി, സമാധാനം, സഹിഷ്ണുത, സഹാനുഭൂതി, സാമൂഹിക നീതി, അന്തർസാംസ്കാരിക സംവാദം എന്നീ മൂല്യങ്ങൾ ചർച്ച ചെയ്യുന്ന ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

അഹിംസ, സഹിഷ്ണുത, സാംസ്കാരിക സൗഹാർദ്ദം, സമാധാന സംസ്കാരം എന്നിവയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളെ ആദരിക്കുന്നതിനായി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 46-ാം പതിപ്പിലാണ് ഗാന്ധി മെഡൽ സമ്മാനിക്കാൻ തുടങ്ങിയത്. യുനെസ്കോയുടെ മേൽനോട്ടത്തിൽ പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കൗൺസിൽ ഫോർ ഫിലിം, ടെലിവിഷൻ ആൻഡ് ഓഡിയോവിഷ്വൽ കമ്മ്യൂണിക്കേഷൻ (CICT-ICFT) സമിതിയുമായി സഹകരിച്ചാണ് ഈ പുരസ്കാരം നൽകിവരുന്നത്. മനുഷ്യബന്ധങ്ങൾ, സാമൂഹികമായ വെല്ലുവിളികൾ, മാനവിക മൂല്യങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇത്തവണയും മത്സരരംഗത്തുള്ളത്.

അൾജീരിയയിൽ നിന്നുള്ള അധ്യാപകനും സംവിധായകനും നിർമ്മാതാവും നിരൂപകനുമായ പ്രൊഫ. ഡോ. അഹമ്മദ് ബദ്ജാവിയാണ് ഗാന്ധി മെഡൽ ജേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നാലംഗ അന്താരാഷ്ട്ര ജൂറിയെ നയിക്കുന്നത്. യുനെസ്കോ സാംസ്കാരിക വിഭാഗത്തിന്റെ മുൻ പ്രോഗ്രാം മേധാവി മരിയ ക്രിസ്റ്റിന ഇഗ്ലേഷ്യസ്, CICT-ICFT മുൻ ഡയറക്ടർ ജനറൽ ജോർജ്ജ് ഡ്യൂപോണ്ട്, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ സംവിധായകനും ICFT അംഗവുമായ മനോജ് കദം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

ഇന്ത്യയിൽ നിന്നുള്ള മൂന്ന് ചിത്രങ്ങളാണ് ഇത്തവണ ഗാന്ധി മെഡൽ പോരാട്ടത്തിലുള്ളത്.

കബീർ സർ കാ ആഖ്രി ലെസൺ

സർഫറാസ് ആലം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിനയ് പഥക് പ്രധാന വേഷത്തിൽ എത്തുന്നു. സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള പുതിയ കാലഘട്ടത്തിൽ മുതിർന്ന അധ്യാപകർ നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളെയാണ് ചിത്രം തുറന്നുകാട്ടുന്നത്. ഈ ചിത്രത്തിന്റെ ലോക പ്രീമിയറാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നടക്കുന്നത്.

സ്ക്രോൾ

കണ്ണൻ എസ്. സംവിധാനം ചെയ്ത ഈ തമിഴ് ചിത്രം സ്മാർട്ട്ഫോൺ അഡിക്ഷൻ എന്ന സാമൂഹിക പ്രശ്നത്തെ ഗൗരവമായി സമീപിക്കുന്നതാണ്. തന്റെ സ്ക്രീൻ സമയം നിയന്ത്രിക്കാനായി ആപ്പ് അധിഷ്ഠിത ഗെയിം ഉപയോഗിക്കുന്ന ഒരു യുവാവ് നേരിടേണ്ടി വരുന്ന പ്രയാസകരമായ അനുഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

സേവ് മിച്ഛാർ

മുസ്കാൻ അസ്താനയുടെ കന്നി സംവിധാന സംരംഭമാണിത്. കുടുംബത്തിലെ പിരിമുറുക്കങ്ങൾ, മത്സരങ്ങൾ, പരസ്പര പൊരുത്തപ്പെടലുകൾ സാമ്പത്തികമായും വ്യക്തിപരമായും പ്രതിസന്ധികൾ നേരിടുന്ന ഒരു വ്യാപാരിയുടെ ജീവിതത്തിലൂടെ വിശകലനം ചെയ്യുന്ന സിനിമയാണിത്. അന്താരാഷ്ട്ര തലത്തിൽ വൻ ശ്രദ്ധനേടിയ ആറ് ചിത്രങ്ങളും മത്സരരംഗത്തുണ്ട്.

കോൾ മി ക്വീൻ

ജർമ്മനി-ഫ്രാൻസ്-യുകെ-കെനിയ സംയുക്ത നിർമ്മാണത്തിൽ എമിലി ആറ്റെഫ് സംവിധാനം ചെയ്ത ചിത്രമാണിത്. 1990 കളിലെ നെയ്‌റോബിയുടെ പശ്ചാത്തലത്തിൽ, എയ്ഡ്‌സ് രോഗനിർണ്ണയവും സാമൂഹിക അനീതികളും നേരിടുന്ന ഒരു അമ്മ അപ്രതീക്ഷിത സൗഹൃദത്തിലൂടെ അതിജീവനത്തിന്റെ കരുത്ത് കണ്ടെത്തുന്നതാണ് കഥാതന്തു. ചിത്രത്തിന്റെ ഇന്ത്യ പ്രീമിയറാണ് മേളയിൽ.

ഔവർ ടൈം വിൽ കം

ഘാനയിൽ നിന്നുള്ള അമർതെയ് അർമർ സംവിധാനം ചെയ്ത ചിത്രം. ജീവിച്ചിരിപ്പുള്ള രക്ഷിതാവിനെ തേടി അക്രയിലേക്ക് യാത്ര തിരിക്കുന്ന രണ്ട് അനാഥ കുട്ടികളുടെ കഥയാണിത്. ലോകാർണോ ഫിലിം ഫെസ്റ്റിവൽ 2026-ൽ 'പാർഡോ ഫോർ ചേഞ്ച്', 'Pardo for Best Performance' പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം ഏഷ്യൻ പ്രീമിയറായാണ് എത്തുന്നത്.

റഹ്മ

തുർക്കിഷ് സംവിധായകൻ ഫൈസൽ സോയ്സാലിന്റെ ചിത്രം. ഒമ്പത് വയസ്സുള്ള സിറിയൻ അനാഥ കുട്ടിയുമായുള്ള അപ്രതീക്ഷിത ബന്ധത്തിലൂടെ വൈകാരികമായ രോഗശാന്തിയും ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ മാറ്റവും അനുഭവിക്കുന്ന ഒരു പുരാവസ്തു ഗവേഷകയുടെ കഥയാണിത്. ഈ ചിത്രം ഏഷ്യൻ പ്രീമിയറായാണ് എത്തുന്നത്.

സ്ട്രോബെറിസ് (La más dulce)

ലെയ്ല മറാക്കി സംവിധാനം ചെയ്ത ഫ്രാൻസ്-മൊറോക്കോ-സ്പെയിൻ-ബെൽജിയം കൂട്ടുസംരംഭം. സ്പെയിനിൽ താൽക്കാലിക സ്ട്രോബെറി തൊഴിലാളികളായി ജോലി ചെയ്യുന്ന രണ്ട് മൊറോക്കൻ സ്ത്രീകൾ തൊഴിലിടങ്ങളിലെ ചൂഷണത്തിനെതിരെ ശബ്ദമുയർത്തുന്നതാണ് പ്രമേയം. (ഇന്ത്യ പ്രീമിയർ).

ദി ഫാം

തുർക്കിയിൽ നിന്നുള്ള എലിഫ് എഡ സംവിധാനം ചെയ്ത ചിത്രം. ഒരു ഡയറി ഫാമിൽ നവജാത പശുക്കുട്ടികളെ അമ്മമാരിൽ നിന്ന് വേർപെടുത്തുന്നതിൽ മനംനൊന്ത്, ഗർഭിണികളായ പശുക്കളെ മോചിപ്പിക്കാൻ അനാഥനായ ഒരു വെറ്ററിനറി അപ്രന്റീസിനൊപ്പം ചേരുന്ന 12 വയസ്സുകാരിയുടെ കഥ. (അന്താരാഷ്ട്ര പ്രീമിയർ).

വിൽ യു സ്റ്റിൽ ബി മൈ ഫ്രണ്ട്

തായ്‌വാൻ-സിംഗപ്പൂർ സംയുക്ത നിർമ്മാണത്തിൽ ലു പോ-ഷുൻ സംവിധാനം ചെയ്ത ചിത്രം. മുതിർന്നവർ തമ്മിലുള്ള തർക്കങ്ങൾ സൗഹൃദത്തിന് ഭീഷണിയാകുമ്പോഴും നിലനിൽക്കുന്ന രണ്ട് 13 വയസ്സുകാരുടെ സൗഹൃദബന്ധം ചിത്രം ആവിഷ്കരിക്കുന്നു. (ഇന്ത്യ പ്രീമിയർ).

സിനിമയിലൂടെ പരസ്പര ബഹുമാനവും സഹാനുഭൂതിയും വളർത്തുക എന്ന ഗാന്ധിയൻ ആശയത്തിന് അടിവരയിടുന്നവയാണ് ഈ വർഷത്തെ നാമനിർദ്ദേശങ്ങൾ. അതിർത്തികൾക്കും സാംസ്കാരിക അതിരുകൾക്കുമപ്പുറം മനുഷ്യത്വത്തിലൂടെ കഥ പറയുന്ന ഈ ചിത്രങ്ങൾ, 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

Content Highlights: The 57th International Film Festival in Goa features ten Indian and international films competing for the ICFT-UNESCO Gandhi Medal. These films align with the festival's theme, "Stories Beyond Borders," focusing on peace, tolerance, empathy, social justice, and intercultural dialogue.