ചിലർ എന്റെ എഐ ചിത്രം പ്രചരിപ്പിക്കുന്നു, നിങ്ങൾ ഇടപെടണം; Jr NTRനോട് അഭ്യർത്ഥനയുമായി ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ

ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ വി. സി. സജ്ജനാറിന്റേതെന്ന വ്യാജേനയുള്ള എഐ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. തെലുങ്ക് നടൻ ജൂനിയർ എൻടിആറിന്റെ ആരാധകരെന്ന പേരിലാണ് ചിലർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്ന് സജ്ജനാർ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ജൂനിയർ എൻടിആർ തന്നെ ഇടപെടണമെന്ന് സജ്ജനാർ ആവശ്യപ്പെട്ടു. ദേവരാ എന്ന ചിത്രത്തിലെ ചുട്ടമല്ലെ എന്ന ഗാനവുമായി ബന്ധപ്പെട്ട ജാൻവി കപൂർ ഡീപ്ഫേക്ക് കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു എന്ന രീതിയിലാണ് കമ്മീഷണറുടെ എഐ നിർമിത ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാൻ തന്റെ ചിത്രം ദുരുപയോഗം ചെയ്തതിൽ കമ്മീഷണർ ശക്തമായ അമർഷം രേഖപ്പെടുത്തി.
എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിൽ, പ്രചരിക്കുന്ന ചിത്രം യഥാർത്ഥ ഫോട്ടോഗ്രാഫല്ലെന്നും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നും സജ്ജനാർ വ്യക്തമാക്കി. ഇന്റർനെറ്റിൽ കാണുന്ന ദൃശ്യങ്ങളുടെ വിശ്വസനീയത പരിശോധിക്കാതെ പ്രചരിപ്പിക്കരുതെന്നും, വ്യാജ വാർത്തകൾ വേഗത്തിൽ പടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ആരാധകരെന്ന പേരിൽ ചിലർ നടത്തുന്ന ഇത്തരം സാങ്കേതിക ദുരുപയോഗങ്ങൾക്കെതിരെ ജൂനിയർ എൻ.ടി.ആർതന്നെ ഇടപെടണമെന്ന് കമ്മീഷണർ ആവശ്യപ്പെട്ടു.
പോലീസ് കമ്മീഷണറുടെ മുന്നറിയിപ്പിന് പിന്നാലെ ചിത്രം പ്രചരിപ്പിച്ച എക്സ് പേജ് അത് നീക്കം ചെയ്യുകയും സജ്ജനാറിന്റെ പോസ്റ്റിന്റെ കമന്റിൽ അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു. എന്നിരുന്നാലും, ജൂനിയർ എൻ.ടി.ആറിന്റെ ആരാധകർ തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ട താരത്തെയും ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തി. ചിത്രം പ്രചരിപ്പിച്ചവർ നടന്റെ ആരാധകരല്ലെന്നും അവർ അവകാശപ്പെട്ടു. സജ്ജനാറിന്റെ പോസ്റ്റിനോട് ജൂനിയർ എൻ.ടി.ആർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ 'ദേവരാ' സിനിമയിലെ 'ചുട്ടമല്ലെ' എന്ന ഗാനരംഗത്തിൽ ജാൻവി കപൂറിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും എഐ നിർമ്മിത മോർഫ് വീഡിയോ പ്രചരിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും അതിരുകളിലേക്കുമുള്ള കടന്നുകയറ്റമാണിതെന്ന് വ്യക്തമാക്കി നടി ജാൻവി കപൂർ രംഗത്തെത്തുകയും, ഇത്തരം എഐ ദുരുപയോഗങ്ങൾക്കെതിരെ തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വ്യാജ വീഡിയോ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജൂനിയർ എൻടിആറും അന്ന് വ്യക്തമാക്കിയിരുന്നു.
കൊരട്ടാല ശിവ സംവിധാനം ചെയ്ത 'ദേവര: പാർട്ട് വൺ' എന്ന ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും ജാൻവി കപൂറും ഒന്നിച്ചുള്ള പ്രണയഗാനമാണ് 'ചുട്ടമല്ലെ'. പാട്ടിലെ ദൃശ്യങ്ങൾ മോർഫ് ചെയ്ത്, എ.ഐ. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോ പ്രചരിച്ചതാണ് വിവാദത്തിന് കാരണമായത്.
Content Highlights: Hyderabad City Police Commissioner VC Sajjanar has publicly tagged actor Jr NTR on X, urging him to address his fans' misuse of an AI-generated image of the commissioner to spread misinformation regarding the recent Devara song deepfake case involving Janhvi Kapoor.