'വാങ്കോ അയ്യാ'യെന്ന് സത്യൻ അന്തിക്കാട്, കൈപിടിച്ച് നടന്ന് മോഹൻലാൽ; 'ഹൃദയപൂർവ്വം' സെറ്റിൽ ശ്രീനിവാസൻ

അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ അനുസ്മരിച്ച് വീഡിയോ പങ്കുവെച്ച് 'ഹൃദയപൂർവ്വം' ടീം. ശ്രീനിവാസൻ 'ഹൃദയപൂർവ്വം' സെറ്റിൽ എത്തിയപ്പോഴുള്ള വീഡിയോയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. ശ്രീനിവാസനെ മോഹൻലാലും സത്യൻ അന്തിക്കാടും ഉൾപ്പെടെയുള്ളവർ സ്വീകരിക്കുന്നതും ഇടപഴകുന്നതും വീഡിയോയിൽ കാണാം.
കാറിൽ ഭാര്യ വിമലയ്‌ക്കൊപ്പം വന്നിറങ്ങിയ ശ്രീനിവാസനെ, സത്യൻ അന്തിക്കാടിന്റെ മകനും ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായ അനൂപ് സത്യനാണ് കൈപിടിച്ച് സ്വീകരിച്ചത്. ഇതിനൊപ്പം തന്നെ 'അച്ഛനോട് പറയ്' എന്ന് അനൂപ് സഹപ്രവർത്തകർക്ക് നിർദേശം നൽകുന്നതായും കാണാം. 'വാങ്കോ അയ്യാ, വാങ്കോ വാങ്കോ', എന്ന് വിളിച്ചാണ് സത്യൻ ശ്രീനിവാസനെ എതിരേൽക്കുന്നത്. തുടർന്ന് സത്യൻ അന്തിക്കാടും ലാലു അലക്‌സും ചേർന്ന് ശ്രീനിവാസനെ കൈപിടിച്ച് മുന്നോട്ടുനടത്തുന്നു.
പലരുമായും സൗഹൃദസംഭാഷണത്തിൽ ഏർപ്പെടുന്ന ശ്രീനിവാസൻ ഇതിനിടെ സത്യൻ അന്തിക്കാടിനോട്, ചിത്രത്തിന്റെ കഥാകൃത്തുകൂടിയായ അഖിൽ സത്യനേയും അന്വേഷിക്കുന്നുണ്ട്. പിന്നീട് ശ്രീനിവാസന്റെ കൈകൾ ചേർത്തുപിടിച്ച് സംസാരിക്കുന്ന മോഹൻലാലിനേയും വീഡിയോയിൽ കാണാം. അഭിനയിക്കാനായി പോകുമ്പോൾ 'ഷോട്ടെടുത്തിട്ട വരാം', എന്ന് പറഞ്ഞാണ് മോഹൻലാൽ ശ്രീനിവാസന്റെ അടുത്തുനിന്ന് മാറുന്നത്.
തിരിച്ചെത്തിയ മോഹൻലാലിനും സത്യൻ അന്തിക്കാടിനുമൊപ്പം ഇരിക്കുന്ന ശ്രീനിവാസനെയാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. ‘സംവിധാനംചെയ്യാൻ മുട്ടുന്നു’വെന്ന് ശ്രീനിവാസൻ പറഞ്ഞതായി സത്യൻ അന്തിക്കാട് മോഹൻലാലിനോട് പറയുന്നു. 'ഇൻഡയറക്ട്‌ലി ഡയറ്ക്ട് ചെയ്യാൻ' എന്നായിരുന്നു ഇതിന് മോഹൻലാലിന്റെ മറുപടി.
പിന്നീട്, കൂടെയിരിക്കുന്ന നടി മാളവിക മോഹനനോട് ഉൾപ്പെടെ സത്യൻ തന്റെ 'ശ്രീനിക്കഥകൾ' പറയുന്നു. 'നാടോടിക്കാറ്റി'ലെ ഡയലോഗ് പറഞ്ഞാണ് സത്യൻ അന്തിക്കാട് മോഹൻലാലിനൊപ്പം ശ്രീനിവാസനെ തിരിച്ചയ്ക്കാൻ പോവുന്നത്. സെറ്റിലുണ്ടായിരുന്നവർക്കൊപ്പം ഫോട്ടോ എടുത്താണ് ശ്രീനിവാസൻ മടങ്ങിയത്.
'ചിരി പടർത്തിയ അഭിനേതാവിന്, ചിന്തയിലാഴ്ത്തിയ എഴുത്തുകാരന്', എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. ലൊക്കേഷനിൽ ശ്രീനിവാസൻ വന്നതിനെക്കുറിച്ച് നേരത്തെ മാതൃഭൂമി ഡോട്‌കോമിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ സത്യൻ അന്തിക്കാട് തുറന്നുപറഞ്ഞിരുന്നു.
'മുളന്തുരുത്തിയിൽ ഷൂട്ടിങ് നടക്കുമ്പോൾ ഒരു ദിവസം ശ്രീനിവാസൻ ലൊക്കേഷനിൽ വന്നിരുന്നു. മോഹൻലാൽ എന്നെയും ശ്രീനിവാസനെയും ചേർത്തുപിടിച്ചു. മോഹൻലാലിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു', അന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
Content Highlights: Relive Sreenivasan`s heartwarming visit to the `Hridayapoorvam` set