കുറച്ചുകൂടി കാത്തിരിക്കണം; ഹണി റോസിന്റെ 'റേച്ചല്‍' റിലീസ് മാറ്റിവെച്ചു

റേച്ചലിനെ കാണാന്‍ പ്രേക്ഷകര്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഹണി റോസ് ചിത്രം 'റേച്ചല്‍' റിലീസ് മാറ്റിവെച്ചു.
'റേച്ചല്‍ നിങ്ങളെ കാണാന്‍ തയ്യാറാണ്, പക്ഷേ ഇപ്പോഴല്ല. നിലവിലെ സമയവും വേള്‍ഡ് വൈഡ് റിലീസിനുള്ള സാഹചര്യങ്ങളും പരിഗണിച്ച്, പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിനായി ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയാണ്', എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അറിയിച്ചു. പുതിയ റിലീസ് തീയതി ഉടന്‍ പുറത്തുവിടും.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയ 'റേച്ചല്‍', ഹണി റോസിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം നവാഗതയായ ആനന്ദിനി ബാലയാണ് സംവിധാനംചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഇറച്ചിവെട്ടുകാരിയായ കഥാപാത്രമായാണ് ഹണി റോസ് എത്തുന്നത്.
സിനിമയുടെ ട്രെയ്‌ലറില്‍ കണ്ട തീവ്രമായ ആക്ഷന്‍ രംഗങ്ങളും ഹണി റോസിന്റെ ഇതുവരെ കാണാത്ത ബോള്‍ഡ് മേക്കോവറും ഏറെ ശ്രദ്ധനേടിയിരുന്നു. കുടുംബ ബന്ധങ്ങളെയും പ്രതികാരത്തെയും കേന്ദ്രീകരിച്ചുള്ള ശക്തമായ കഥാപരിസരമാണ് 'റേച്ചല്‍' എന്നാണ് സൂചന. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചുഭാഷകളിലായി ചിത്രം റിലീസ് ചെയ്യുമെന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
പോത്ത് ചന്തയില്‍ നില്‍ക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യപോസ്റ്ററുകള്‍ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ആദ്യ ഗാനമായി ഇറങ്ങിയ 'കണ്ണില്‍ മാരിവില്ലിന്‍ ചെണ്ട്...' ഏറെ സ്വീകാര്യത നേടുകയുണ്ടായി. വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂര്‍ത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലറും നല്‍കിയിരിക്കുന്ന സൂചന.
ഹണി റോസിനെ കൂടാതെ ബാബുരാജും റോഷന്‍ ബഷീറുമാണ് പ്രധാന വേഷങ്ങളില്‍. ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ. ജോണ്‍, ദിനേശ് പ്രഭാകര്‍, ഡേവിഡ്, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ എത്തുന്നുണ്ട്. റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.
ബാദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുല്‍ ഹമീദ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ പ്രഗത്ഭര്‍ 'റേച്ചലിന്റെ' സാങ്കേതികമേഖലയില്‍ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിന്‍സിലൂടെ ബാദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്.
സംഗീതം, പശ്ചാത്തലസംഗീതം: ഇഷാന്‍ ഛബ്ര, എഡിറ്റര്‍: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈന്‍: ശ്രീ ശങ്കര്‍, സൗണ്ട് മിക്‌സ്: രാജകൃഷ്ണന്‍ എം.ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, സംഘട്ടനം: രാജശേഖര്‍, മാഫിയ ശശി, പി.സി. സ്റ്റണ്ട്‌സ്, അഷ്‌റഫ് ഗുരുക്കള്‍, മേക്കപ്പ്: രതീഷ് വിജയന്‍, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ്: ജാക്കി, കോ- പ്രൊഡ്യൂസര്‍: ഹനാന്‍ മരമുട്ടം, അരുണ്‍ ജീവ, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്: പ്രിജിന്‍ ജെ.പി, മാത്യു കോന്നി, ഫിനാന്‍സ് കണ്‍ട്രോളര്‍: റോബിന്‍ അഗസ്റ്റിന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: പ്രിയദര്‍ശിനി പി.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി. മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സക്കീര്‍ ഹുസൈന്‍, ഗാനരചന: ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, രാഹുല്‍ മണപ്പാട്ട്, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്, സ്റ്റില്‍സ്: നിദാദ് കെ.എന്‍, വിഎഫ്എക്‌സ്: ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, ഡിഐ: ഇന്ത്യന്‍ സിനിമ കമ്പനി, ടീസര്‍ കട്ട്: ബെന്‍ ഷെരിന്‍ ബി, ട്രെയ്‌ലര്‍ കട്ട്: ഡോണ്‍ മാക്‌സ്, ടീസര്‍ സബ്‌ടൈറ്റില്‍: വിവേക് രഞ്ജിത്ത്, ലീഗല്‍ അഡൈ്വസര്‍: മുഹമ്മദ് സിയാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ: എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്, അനൂപ് സുന്ദരന്‍.
Content Highlights: Honey Rose`s much-anticipated film `Rachel` release postponed. New date to be announced soon