ഹണി റോസിനോട് ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ; കേസ് പിൻവലിക്കണമെന്ന് അഭ്യർഥന

നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. താൻ മൂലം നടിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ബോബി ഖേദം പ്രകടിപ്പിച്ചു. വാക്കുകൾക്കും അതുണ്ടാക്കിയ ആഘാതത്തിനും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബോബി ചെമ്മണ്ണൂർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
'പ്രിയ സുഹൃത്തുക്കളെ, യഥാർഥത്തിൽ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്‌നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന വ്യക്തിയാണ് ഞാൻ. ആരെയും മനഃപൂർവം ദ്രോഹിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ഇടയ്ക്കിടെ നർമവും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്. എന്നാൽ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെയുള്ളവയല്ല', ബോബി കുറിച്ചു.
'എന്നാൽ, ശ്രീമതി ഹണി റോസിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനകൾ അവർക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ വരുത്തിയ ദ്രോഹത്തിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകൾക്കും അവയുണ്ടാക്കിയ ആഘാതത്തിനും ഞാൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാർഥമായ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അക്കാര്യം പരിഗണിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. പോസിറ്റീവായി മുന്നോട്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്', ബോബി കൂട്ടിച്ചേർത്തു.
ഒരു ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ ബോബി ചെമ്മണ്ണൂർ ദ്വയാർഥ പ്രയോഗംകൊണ്ട് അപമാനിച്ചുവെന്ന് ആരോപിച്ച് ഹണി റോസ് രംഗത്തെത്തിയിരുന്നു. പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും ഹണി റോസ് വെളിപ്പെടുത്തി.
ഇതോടെ പ്രതികാരമെന്നോണം സോഷ്യൽ മീഡിയയിൽ തന്റെ പേര് മന:പൂർവം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നായിരുന്നു ഹണി റോസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. പേര് പരാമർശിക്കാതെയായിരുന്നു ഹണി റോസിന്റെ കുറിപ്പ്.
പിന്നാലെ, ഹണി റോസ് നിയമപരമായി നീങ്ങി. ബോബിക്കെതിരെ നടി പോലീസിൽ പരാതി നൽകി. ഹണി റോസിന്റെ പരാതിയിൽ ബോബിയെ പോലീസ് അറസ്റ്റുചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
Content Highlights: Businessman Boby Chemmanur has issued a public apology to actress Honey Rose for making defamatory and inappropriate remarks against her. Taking full responsibility for the emotional distress caused to the actress and her family, Boby stated that he never intended to intentionally harm anyone. He expressed hope that Honey Rose would accept his sincere apology and requested her to consider withdrawing the legal complaint filed against him. The controversy began when Honey Rose accused an unnamed businessman of using double entendre remarks during an inauguration event and later targeting her on social media. Following her formal police complaint alleging defamation and insult to womanhood, Boby Chemmanur was recently arrested and subsequently released on bail