എഴുത്തുകാർക്കൊപ്പം സമരത്തിൽ ചേർന്ന് അഭിനേതാക്കളും; ഹോളിവുഡിൽ സിനിമാ നിർമാണം നിലച്ചു

ലോസ് ആഞ്ജലിസ്: സ്റ്റുഡിയോ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരം പ്രഖ്യാപിച്ച് ഹോളിവുഡ് താരങ്ങൾ. 40 വർഷത്തിന് ശേഷമാണ് അഭിനേതാക്കളുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നത്. 1,60,000 അഭിനേതാക്കളെ പ്രതിനിധീകരിക്കുന്ന യൂണിയനായ ദ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡാണ് സമരതീരുമാനം അറിയിച്ചത്. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിത ബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽ ഭീഷണി എന്നീ വിഷയങ്ങളുന്നയിച്ചാണ് സമരം. യൂണിയന്റെ ബോർഡ് യോഗത്തിനൊടുവിലാണ് സമരപ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ 63 വർഷത്തിനിടെ ഇതാദ്യമായാണ് ഹോളിവുഡ് ചലച്ചിത്ര-ടെലിവിഷൻ നിർമാണ മേഖല പൂർണമായും സ്തംഭിച്ചത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ മുതലാണ് സമരം തുടങ്ങിയത്. താരങ്ങളുടെ സംഘടനയും എഴുത്തുകാരുടെ സംഘടനയും സംയുക്തമായാണ് സമരം നടത്തുന്നത്. 1960-ന് ശേഷം ഇതാദ്യമായാണ് ഇരുസംഘടനകളും ഒരുമിച്ച് സമരം ചെയ്യുന്നത്. കഴിഞ്ഞ 11 ആഴ്ചകളായി എഴുത്തുകാർ സമരരംഗത്തുണ്ട്. ഡിസ്നിയുടേയും നെറ്റ്ഫ്ളിക്സിന്റെയും ഓഫീസുകൾക്ക് മുന്നിലാണിവർ സമരംചെയ്യുന്നത്. ആക്ടേഴ്സ് ഗിൽഡ് ഉന്നയിക്കുന്ന അതേ ആവശ്യങ്ങൾ തന്നെയാണ് ഇവരും ഉന്നയിക്കുന്നത്.
സമരം തുടരുകയാണെങ്കിൽ പ്രധാനപ്പെട്ട ചിത്രങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിലാവും. കഴിഞ്ഞദിവസം ഓപ്പൺഹൈമർ എന്ന ചിത്രത്തിന്റെ ലണ്ടൻ പ്രീമിയർ ചടങ്ങിനിടെ സംവിധായകൻ ക്രിസ്റ്റഫർ നോളനും താരങ്ങളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന 75-ാമത് എമ്മി അവാർഡ്സിനേയും സമരം ബാധിക്കും. താരങ്ങൾ സമരത്തിനിറങ്ങുന്നത് മൊത്തം ഇൻഡസ്ട്രിയേയും പ്രതികൂലമായി ബാധിക്കുമെന്ന് ഡിസ്നി മേധാവി ബോബ് ഐഗർ പറഞ്ഞു. ഇതൊരു മോശം സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ ഏഴിന് ചർച്ചകൾ നടക്കുന്നതിന് മുന്നോടിയായി 65,000 താരങ്ങളാണ് സമരത്തിന് തയ്യാറാണെന്ന് ബാലറ്റ് വോട്ട് രേഖപ്പെടുത്തി നയം വ്യക്തമാക്കിയത്. രണ്ട് മാസം മുമ്പ് റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയും സമാനരീതിയിലാണ് പ്രതിഷേധം തുടങ്ങിയത്. ജൂൺ അവസാനത്തോടെ മുൻനിര താരങ്ങളായ മെറിൽ സ്ട്രിപ്, ജെന്നിഫർ ലോറൻസ് പോലുള്ള 1000ത്തോളം പേർ കൂടി സമരരംഗത്തിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചു.
ജനപ്രിയമായ നിരവധി ടോക് ഷോകളും സീരീസുകളും സംപ്രേഷണവും പ്രീപ്രൊഡക്ഷൻ ജോലികളും നിർത്തിവെച്ചിരിക്കുകയാണിപ്പോൾ. "സാറ്റർഡേ നൈറ്റ് ലൈവ്", നെറ്റ്ഫ്ലിക്സിലെ "സ്ട്രേഞ്ചർ തിംഗ്സ്", മാക്സിലെ "ഹാക്ക്സ്", ഫോക്സിലെ "ഫാമിലി ഗൈ" എന്നിവ അതിൽ ചിലതുമാത്രം.
Content Highlights: Hollywood writers and actors are on strike at the same time, Sag and Aftra