'ശരിക്കുമൊരു ബീസ്റ്റ്'; രോഹിത് ശർമയോടുള്ള ആരാധന തുറന്നുപറഞ്ഞ് ഹ്യൂ ജാക്ക്മാൻ

രോഹിത് ശർമ, ഹ്യൂ ജാക്ക്മാൻ | ഫോട്ടോ: എ.എൻ.ഐ, എ.എഫ്.പി
രോഹിത് ശർമ, ഹ്യൂ ജാക്ക്മാൻ | ഫോട്ടോ: എ.എൻ.ഐ, എ.എഫ്.പി

ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് സൂപ്പർതാരമാണ് ഹ്യൂ ജാക്ക്മാൻ. ക്രിക്കറ്റ് കളിക്കുകയും ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന താരംകൂടിയാണ് ജാക്ക്മാൻ. തനിക്ക് ഇപ്പോൾ ഏറെ ഇഷ്ടമുള്ള ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് അദ്ദേഹം.

ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമയാണ് ഹ്യൂ ജാക്ക്മാന് ഇപ്പോൾ ഏറെ ഇഷ്ടമുള്ള ഇന്ത്യൻ ക്രിക്കറ്റ്താരം. തന്റെ പുതിയ ചിത്രമായ ഡെഡ്പൂൾ ആൻഡ് വോൾവറിൻ എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം ഫൺചോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ മറ്റൊരു നായകനായ റെയാൻ റെയ്നോൾഡ്സും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ക്രിക്കറ്റ് പ്രേമിയെന്ന നിലയിൽ ഇഷ്ടപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണെന്നായിരുന്നു അവതാരകർ ജാക്ക്മാനോട് ചോദിച്ചത്. രോഹിത് ശർമയെന്ന് ആലോചിക്കുകപോലും ചെയ്യാതെയായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. നിങ്ങൾ കപ്പെടുത്തുവെന്നും തനിക്കതിൽ വളരെയധികം സന്തോഷമുണ്ടെന്നും ജാക്ക്മാൻ പറഞ്ഞു. 

റെയാൻ റെയ്നോൾഡ്സും ഇതിനിടയിൽ ജാക്ക്മാനെ പിന്തുണയ്ക്കുന്നുണ്ട്. ഒരു 'ബീസ്റ്റ്' എന്നാണ് ജാക്ക്മാൻ രോഹിത്തിനെ അഭിമുഖത്തിൽ വിശേഷിപ്പിക്കുന്നത്.

ഷോൺ ലെവൈ ആണ് ഡെഡ്പൂൾ ആൻഡ് വോൾവറിൻ സംവിധാനം ചെയ്തിരിക്കുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാ​ഗമായിറങ്ങുന്ന ചിത്രത്തിൽ ഡെഡ്പൂൾ ആയി റെയാൻ റെയ്നോൾഡ്സും വോൾവറിൻ ആയി ഹ്യൂ ജാക്ക്മാനും വേഷമിടുന്നു. എമ്മ കോറിൻ, മാത്യൂ മക്ഫായ്ദെൻ തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. ചിത്രം ഈ മാസം 26-ന് തിയേറ്ററുകളിലെത്തും. 

Content Highlights: hollywood super star hugh jackman about rohit sharma