'അന്യഗ്രഹജീവികൾ പിന്തുടരുന്നു'; വിചിത്ര വാദവുമായി ജെയിംസ് ഫ്രാങ്കോ, ഭ്രാന്തായോ എന്ന് സോഷ്യൽ മീഡിയ

അന്യഗ്രഹജീവികളെക്കുറിച്ചുള്ള വിചിത്ര അവകാശവാദവുമായി ഹോളിവുഡ് താരം ജെയിംസ് ഫ്രാങ്കോ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ടിക് ടോക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ തന്റെ വീടിനടുത്ത് അന്യഗ്രഹജീവിയെ കണ്ടെന്നും അതിന്റെ ദൃശ്യങ്ങളാണിതെന്നും ഫ്രാങ്കോ അവകാശപ്പെട്ടു. എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ താരത്തിനെതിരെ കടുത്ത പരിഹാസവും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഫ്രാങ്കോയ്ക്ക് ശരിക്കും ഭ്രാന്തായോ എന്നാണ് പലരും ചോദിക്കുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി സാമൂഹികമാധ്യമങ്ങളിലൂടെ അന്യഗ്രഹജീവികളെക്കുറിച്ച് ഫ്രാങ്കോ ദുരൂഹ സൂചനകൾ പങ്കുവെച്ചിരുന്നു. ജൂലൈ 13-ന് ഒരു വലിയ വെളിപ്പെടുത്തൽ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവിട്ടത്. 'ഞാൻ ചിലത് കണ്ടെത്തി. ഇത് ഞാൻ തേടിപ്പോയതല്ല, എന്റെ മേൽ അടിച്ചേൽപ്പിച്ചതാണ്. ഏറെ നാളായി ഞാനിതുമായി പോരാടുകയാണ്. പലരും എന്നെ ഭ്രാന്തനെന്ന് വിളിച്ചു. എന്റെ അക്കൗണ്ടുകൾ രണ്ട് തവണ ഹാക്ക് ചെയ്തു. സത്യം പുറത്തുവരാതിരിക്കാൻ ചിലർ ശ്രമിക്കുന്നതാണ്', എന്നാണ് വീഡിയോയുടെ തുടക്കത്തിൽ ഫ്രാങ്കോ പറയുന്നത്.
തുടർന്ന് ലാപ്‌ടോപിൽ സൂക്ഷിച്ചിരിക്കുന്നതാണെന്ന് അവകാശപ്പെടുന്ന ചില ദൃശ്യങ്ങളാണ് അദ്ദേഹം കാണിക്കുന്നത്. ഒരു മരത്തിന് പിന്നിൽ ഒളിച്ചുനിൽക്കുന്നതും, ജനാലയിലൂടെ അകത്തേക്ക് എത്തിനോക്കുന്നതുമായ രൂപമാണ് വീഡിയോയിൽ. ഈ രൂപം നീളമുള്ള വിരലുകൾ ജനൽച്ചില്ലിൽ അമർത്തുന്നതായും വീഡിയോയിൽ കാണാം.
എന്നാൽ വീഡിയോ വിശ്വസിക്കാനാകില്ലെന്നാണ് ഭൂരിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും പ്രതികരണം. 'ഇത് യഥാർഥ ദൃശ്യമാണോ, അല്ലെങ്കിൽ ജെയിംസ് ഫ്രാങ്കോയ്ക്ക് ശരിക്കും ഭ്രാന്ത് പിടിച്ചോ?' എന്നാണ് ഒരാൾ പരിഹാസത്തോടെ കുറിച്ചത്. മിക്ക സെലിബ്രിറ്റികളും സിനിമയിൽനിന്ന് ഇടവേളയെടുത്ത് തിരിച്ചുവരുമ്പോൾ ഒരു അഭിമുഖമോ പോഡ്കാസ്‌റ്റോ ആണ് തിരഞ്ഞെടുക്കുക. എന്നാൽ ഫ്രാങ്കോ നേരെ ഏലിയൻ കഥയിലേക്കാണ് പോയത്. ഇതെല്ലാം പുതിയ പ്രൊജക്റ്റിന്റെ പ്രഖ്യാപനത്തിന് മുമ്പുള്ള പ്രചാരണ തന്ത്രമാകാനാണ് സാധ്യത, എന്നായിരുന്നു മറ്റൊരു പ്രതികരണം.
വലിയ വെളിപ്പെടുത്തൽ എന്നുപറഞ്ഞ് ആവേശം സൃഷ്ടിച്ചിട്ട് ഒടുവിൽ കാണിച്ചത് ഹലോവിൻ മാസ്‌ക് ധരിച്ച ഒരാളെ പോലെയാണെന്നും നിരവധിപേർ വിമർശിച്ചു. ഇത്തരത്തിലുള്ള വ്യാജ വീഡിയോകൾ യഥാർഥ യു.എഫ്.ഒ. ഗവേഷണങ്ങളെ പൊതുജനങ്ങൾ അവഗണിക്കാൻ ഇടയാക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു. കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ കാണാൻ പണം നൽകി സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന് വീഡിയോയിൽ സൂചിപ്പിക്കുന്നതും വിമർശനങ്ങൾക്ക് ഇടയാക്കി. ഇതും പ്രചാരണ തന്ത്രത്തിന്റെ ഭാഗമണെന്നാണ് ചിലരുടെ ആരോപണം. പുതിയ ഏലിയൻ സിനിമയുടെ പരസ്യത്തിനായാണ് ഇതെല്ലാമെന്നും ഞങ്ങളെ കബളിപ്പിക്കാനാകില്ലെന്നുമായിരുന്നു ഒരാളുടെ പ്രതികരണം.
127 അവേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കർ നാമനിർദ്ദേശം നേടിയ ജെയിംസ് ഫ്രാങ്കോ മുമ്പും അസാധാരണമായ പ്രകടനങ്ങളിലൂടെയും പരീക്ഷണാത്മകമായ ആശയങ്ങളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് യഥാർഥ വെളിപ്പെടുത്തലാണോ, പ്രമോഷൻ തന്ത്രമാണോ, അതോ ഒരു തമാശമാത്രമാണോ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.
Content Highlights: Oscar-nominated Hollywood actor James Franco is facing intense social media backlash and trolling after posting a bizarre TikTok video claiming to have captured authentic footage of an alien outside his house, which many netizens suspect is a paid subscription promotional gimmick for an upcoming movie project.