അഫാസിയ രോഗം സ്ഥിരീകരിച്ചു; ഹോളിവുഡ് താരം ബ്രൂസ് വെല്ലിസ് അഭിനയം നിർത്തുന്നു

പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വെല്ലിസ് അഭിനയരംഗത്ത് നിന്ന് പിൻമാറി. ആശയവിനിമയ ശേഷി ഇല്ലാതാകുന്ന അഫാസിയ രോഗം സ്ഥിരീകരിച്ചതോടെയാണ് ബ്രൂസ് അഭിനയരംഗത്ത് നിന്ന് പിന്മാറുന്നതായി കുടുംബം അറിയിച്ചത്.
നീണ്ട കുറിപ്പ് പങ്കുവച്ചാണ് ബ്രൂസിന്റെ ആരോഗ്യ വിവരം കുടുംബം ആരാധകരെ അറിയിച്ചത്. ഇത് കുടുംബത്തിന് ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയമാണെന്നും കരുത്തോടെ മുന്നോട്ട് പോവാൻ ഏവരുടെയും സ്നേഹവും പിന്തുണയും വേണമെന്നും ബ്രൂസിന്റെ മകൾ റൂമർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
എൺപതുകളിലാണ് ബ്രൂസ് തന്റെ കരിയർ ആരംഭിക്കുന്നത്. 1988ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ചിത്രമായ 'ഡൈ ഹാർഡി'ലെ ജോൺ മക്ലൈൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബ്രൂസ് വില്ലിസ് ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയത്.
നാൽപത് വർഷം നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടേറെ പുരസ്കാരങ്ങളും ബ്രൂസിനെ തേടിയെത്തിയിട്ടുണ്ട്. ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ജേതാവാണ് ബ്രൂസ് വില്ലിസ്. രണ്ട് തവണ എമ്മി പുരസ്കാരവും ബ്രൂസ് കരസ്ഥമാക്കിയിട്ടുണ്ട്. അഭിനേതാവ് എന്നതിന് പുറമേ നിര്‍മാതാവിന്റെയും ഗായകന്റെയും റോളുകളിലും ബ്രൂസ് തിളങ്ങിയിട്ടുണ്ട്.
Content Highlights: Hollywood actor Bruce Willis Diagnosed with Aphasia Stepping Away From acting