സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാൻ എന്തുചെയ്തു? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനോട് ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാൻ സർക്കാർ എന്തുചെയ്തെന്ന് ഹൈക്കോടതി. സ്വകാര്യതയുൾപ്പെടെ സംരക്ഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അതിനാലാണ് കേസ് രജിസ്റ്റർചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാകാത്തതെന്നും സർക്കാർ വിശദീകരിച്ചു.
സ്വകാര്യത സംരക്ഷിക്കണം. പക്ഷേ, സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാൻ എന്ത് ചെയ്തു. അത്തരമൊരു ഉത്തരവാദിത്വം ഉണ്ടല്ലോ. സിനിമയിലെ മാത്രം പ്രശ്നമല്ലിതെന്നും കോടതി ഇതിനോട് പ്രതികരിച്ചു.
ഇത്തരമൊരു റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി സ്വീകരിക്കേണ്ടേയെന്ന് കോടതി ചോദിച്ചു. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ ആക്ട്, പോഷ് ആക്ട് എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടന്നെന്ന് റിപ്പോർട്ടിലുണ്ട്. മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. സിനിമാനയത്തിനായി കഴിഞ്ഞവർഷം കമ്മിറ്റി രൂപവത്കരിച്ചതായി സർക്കാർ വിശദീകരിച്ചു.
നാലുവർഷത്തിനുശേഷം കമ്മിറ്റി രൂപവത്കരിച്ചിട്ട് എന്ത് കാര്യം. ആദ്യം നടപടി സ്വീകരിക്കൂ മൊഴിനൽകിയവർക്ക് താത്പര്യം ഇല്ലെങ്കിൽ തുടരേണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് തുടർനടപടികൾക്കായി പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി.) കൈമാറാൻ ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. റിപ്പോർട്ടിന്റെ ഭാഗമായ ഓഡിയോ, വീഡിയോ ക്ലിപ്പുകളടക്കം കൈമാറണം. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ പ്രത്യേക ബെഞ്ചിന്റേതാണ് ഉത്തരവ്.
റിപ്പോർട്ടിൽ എസ്.ഐ.ടി. എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകണം. ഇതിനുശേഷമേ കോടതി ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിക്കൂ. വിഷയം ഒക്ടോബർ മൂന്നിന് വീണ്ടും പരിഗണിക്കും.
Content Highlights: High Court question to Govt on Hema Committee Report